
ഫിലിപ്പൈന്‍സില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരാടിയ ലിനോ ബ്രോക്കെയുടെ 3 ചിത്രങ്ങള്‍ രാജ്യന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് 22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ‘റിമെംബെറിങ് ദി മാസ്റ്റര്‍’ എന്ന വിഭാഗത്തിലാണ് ബ്രോക്കെയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
ചിരപരിചിതമായ രൂപഘടനക്കുളളില്‍ നിന്നുകൊണ്ട് സമാനതകള്‍ ഇല്ലാത്ത ചലച്ചിത്രലോകം സൃഷ്ടിച്ച സംവിധായകനാണ് ലിനോ ബ്രോക്ക. ഫിലിപ്പൈന്‍സിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ സിനിമയിലൂടെ ശക്തമായ നിലപാട് സ്വീകരിച്ച സംവിധായകനാണ് അദ്ദേഹം. സാമൂഹികാധിക്ഷേപങ്ങള്‍ക്ക് പാത്രീഭൂതരായ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതാണ് ലിനോ സംവിധാനം ചെയ്ത നാല്പതില്‍പരം സിനിമകള്‍.
സിനിമയില്‍ എന്നപോലെ നാടകത്തിലും പ്രാവീണ്യം തെളിയിച്ച അദ്ദേഹം ഫിലിപ്പൈന്‍ എഡ്യൂക്കേഷണല്‍ തിയറ്റര്‍ അസോസിയേഷന്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആകര്‍ഷണീയമായ ദൃശ്യങ്ങളിലൂടെ ഫിലിപ്പൈന്‍ ജനതയുടെ സ്വാഭാവിക ജീവിതത്തിലെ അസ്വാഭാവികത നിറഞ്ഞ പ്രണയവും വഞ്ചനയും പ്രതികാരവും വീണ്ടെടുക്കലും തിരശീലയില്‍ എത്തിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ചിത്രമായ ‘വാണ്ടഡ് : പെര്‍ഫെക്റ്റ് മദറി’ലൂടെ മനില ചലച്ചിത്രോത്സവത്തില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് നേടി പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാന്‍ ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫിലിപ്പൈന്‍സ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. ഫിലിപ്പൈന്‍ കലാരൂപങ്ങളുടെ പുരോഗതിക്കായി നല്‍കിയ സംഭവനകള്‍ മുന്‍നിര്‍ത്തി മരണാന്തര ബഹുമതിയായി ഫിലിപ്പൈന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് നാഷണല്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫിലിപ്പൈന്‍സ് ഫോര്‍ ഫിലിം അവാര്‍ഡ് നല്‍കി ആദരിച്ചു.
കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ലിനോയുടെ സിനിമയാണ് ഇന്‍സിയാങ് . വിവിധ തലങ്ങളില്‍ പടരുന്ന അഖ്യാനത്തിലൂടെ ‘അമ്മ മകള്‍’ ബന്ധത്തിലെ വിള്ളലുകളും അസ്വാരസ്യങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു. മകള്‍, കാമുകി , അമ്മ, ഭാര്യ എന്നിങ്ങനെ പുരുഷാധികാരഘടനയെ നിലനിര്‍ത്തുന്ന സ്ത്രീയുടെ സ്വാഭാവിക വേഷങ്ങളെ ലിനോയുടെ സ്ത്രീ കഥാപാത്രങ്ങള്‍ മറികടക്കുന്നു.
അമ്മയും മകളും വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ഒരേ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ലൈംഗിക ബന്ധം അമ്മയ്ക്ക് പ്രണയ സാഫല്യവും മകള്‍ക്ക് പ്രതികാരവുമായി മാറുന്നു. കാഴ്ചപ്പാടില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപത്രങ്ങങ്ങളുടെ വൈകാരിക ചലനങ്ങള്‍ സസൂക്ഷ്മം കാമറയില്‍ പകര്‍ത്തി സ്ത്രീപക്ഷ ചിന്തകള്‍ക്ക് പുതിയമാനം സൃഷ്ടിക്കുകയാണ് സംവിധായകന്‍.
എഡ്ഗര്‍ഡോ എം റെയ്‌സിന്റെ ‘ഇന്‍ ദി ക്ലോവ്‌സ് ഓഫ് ബ്രൈറ്റ്‌നെസ്’എന്ന നോവലിനെ ആസ്പദമാക്കി ലിനോ സംവിധാനം ചെയ്ത ചിത്രമാണ് മനില ഇന്‍ ദി ക്ലോവ്‌സ് ഓഫ് ലൈറ്റ്’. അവിചാരിതമായി നഗരത്തില്‍ എത്തുന്ന ഗ്രാമീണ യുവാവ് തന്റെ ബാല്യകാല സഖിയെ കണ്ടുമുട്ടുന്നു.
ലൈംഗിക തൊഴിലാളിയായ അവളെയും കൂട്ടി സ്വന്തം നാട്ടിലേക്ക് തിരികെ പോകാന്‍ ശ്രമിക്കുന്ന യുവാവ് നേരിടുന്ന പ്രതിബന്ധങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്.
ബൈബിളിലെ ഐതിഹാസിക നായകന്മാരായ കെയിനിന്റെയും ആബേലിന്റെയും ജീവിതത്തിന്റെ ആധുനികകാല വ്യാഖ്യാനമാണ് ലിനോവിന്റെ കെയിന്‍ ആന്‍ഡ് ആബേല്‍ എന്ന സിനിമ. സെനോറ പിന എന്ന അമ്മയ്ക്ക് തന്റെ മൂത്തമകനെക്കാള്‍ ഇഷ്ടം ഇളയവനോടാണ്. അമ്മയുടെ ഈ പ്രവൃത്തി സഹോദരങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിലും ഏറ്റുമുട്ടലിലും എത്തിച്ചേരുന്നു. ഇതിഹാസ കഥാപാത്രങ്ങളുടെ അന്തസത്ത ചോര്‍ന്നു പോകാതെ ഇതിവൃത്തം സമകാലികമാക്കുകയാണ് ലിനോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here