റോജി എം ജോണിന്റേത് ഇരട്ടത്താപ്പ് ; ആഞ്ഞടിച്ച് ഇന്നസെന്റ്

കൊച്ചി: അങ്കമാലി ബൈപ്പാസുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ എംഎല്‍എ സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് ഇന്നസെന്റ് എംപി.

ഇക്കാര്യത്തില്‍ സാങ്കേതികനടപടികള്‍ വിശദീകരിക്കുകയല്ല ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധി ചെയ്യേണ്ടത്. രണ്ടുഘട്ടമായി വിഭാവനംചെയ്യുന്ന അങ്കമാലി ബൈപ്പാസിന്റെ ആദ്യഘട്ടത്തിനുള്ള കിഫ്ബി അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടംകൂടി ചേരുമ്‌ബോഴേ ബൈപ്പാസ് പദ്ധതി പൂര്‍ത്തിയാകൂ. സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ച 390 കോടി രൂപ മുഴുവനായോ ഒരുപക്ഷേ അതില്‍ കൂടുതലോ രണ്ടുഘട്ടവും പൂര്‍ത്തിയാക്കാന്‍ ചെലവഴിക്കേണ്ടിവരും. ഇത് മറച്ചുവയ്ക്കുന്ന എംഎല്‍എ ബൈപ്പാസ് പദ്ധതിയുടെ രണ്ടാംഘട്ടത്തെക്കുറിച്ച് ബോധപൂര്‍വം നിശബ്ദത പാലിക്കുകയാണ്. പദ്ധതിയെ തുരങ്കംവയ്ക്കുന്ന നിലപാടാണിത്.

201011ല്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റില്‍ പ്രഖ്യാപിച്ച ബൈപ്പാസ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് എത്താന്‍ വര്‍ഷങ്ങളെടുത്തു. വീണ്ടും മറ്റൊരു എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് ബൈപ്പാസിന് ജീവന്‍വച്ചത്. ഈ അനുഭവംകൂടി കണക്കിലെടുത്ത് രണ്ടാംഘട്ടംകൂടി പൂര്‍ത്തിയാക്കാനുള്ള ജോലിയാണ് എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം നിര്‍വഹിക്കേണ്ടത്. ഇക്കാര്യം ബന്ധപ്പെട്ടവരുമായി താന്‍ സംസാരിച്ചതായും ഇന്നസെന്റ് പറഞ്ഞു.

ഒരു വികസനപദ്ധതി യാഥാര്‍ഥ്യമാകുന്നതിന് ഒട്ടേറെ സാങ്കേതിക നടപടികളിലൂടെ കടന്നുപോകേണ്ടിവരും. അതില്‍ പ്രധാനപ്പെട്ടതെങ്കിലും ഒരുഘട്ടംമാത്രമാണ് കിഫ്ബി അനുമതി. ഭരണാനുമതി ലഭിച്ച മുഴുവന്‍ തുകയും ഉപയോഗിച്ച് ബൈപ്പാസിന്റെ രണ്ടുഘട്ടങ്ങളും പൂര്‍ത്തിയാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അതിന് എംഎല്‍എയുടെ സഹകരണം ഉണ്ടാകണമെന്നും ഇന്നസെന്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News