‘വിവാഹം കഴിഞ്ഞിട്ട് രണ്ടരമാസം; മൂന്നുമാസം ഗര്‍ഭം: ഗര്‍ഭവളര്‍ച്ചയെക്കുറിച്ചുള്ള അജ്ഞത ദൂരീകരിച്ച് ഷിംന അസീസ്

ഗര്‍ഭവളര്‍ച്ചയെക്കുറിച്ച് നിലനില്‍ക്കുന്ന അജ്ഞത ദൂരീകരിച്ച് ഡോ. ഷിംന അസീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിംന ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഷിംന പറയുന്നത് ഇങ്ങനെ:

സെക്കന്‍ഡ് ഒപീനിയന്‍ 003

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം. ഓള് ഗര്‍ഭിണിയാണ്, ആദ്യസ്‌കാന്‍ കഴിഞ്ഞു. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോ മൂന്ന് മാസം പ്രായമുള്ള ഗര്‍ഭം. അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി… ഒന്നും പറയേണ്ട.

ഇത്തരത്തില്‍ സംഭവിച്ച് കാര്യം മനസ്സിലാവാതെ കുഴങ്ങിയ പെണ്‍കുട്ടികള്‍ ഒന്നല്ല, പലത് കാണും. ഒന്നുകില്‍ പുതുമണവാട്ടികള്‍, അല്ലെങ്കില്‍ പ്രവാസിപത്‌നിമാര്‍. ബന്ധപ്പെടാതെ കുഞ്ഞെവിടെ നിന്ന് വന്നെന്ന് അവര്‍ക്കും മനസ്സിലാവില്ല!

ഇതിന്റെ ഗുട്ടന്‍സ് ഇത്രയേയുള്ളൂ. ഗര്‍ഭത്തിന്റെ പ്രായം അളക്കുന്നത് അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യദിവസം തൊട്ടാണ്. ശരാശരി 28 ദിവസം വരുന്ന ഒരു ആര്‍ത്തവചക്രത്തിന്റെ മദ്ധ്യത്തിലാണ് അണ്ഢവിസര്‍ജ്ജനം നടക്കുന്നത്. ഈ അണ്ഢം ഇരുപത്തിനാല് മണിക്കൂര്‍ ബീജത്തെയും കാത്തിരിക്കും.

ഒരുദാഹരണത്തിന് നവംബര്‍ 1ന് ആര്‍ത്തവം ഉണ്ടായ മണവാട്ടി നവംബര്‍ 15ന് കല്യാണം നടന്ന് ആദ്യരാത്രി ആഘോഷിക്കുമ്പോള്‍ അന്നത്തെ ആഘോഷത്തില്‍ നിന്ന് അവള്‍ ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട് എന്ന് മാത്രമല്ല, ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത് കല്യാണത്തിന് രണ്ടാഴ്ച മുന്‍പ് അവള്‍ക്ക് ആര്‍ത്തവം തുടങ്ങിയ നവംബര്‍ 1 തൊട്ടാകും. ഫലത്തില്‍, കുട്ടിയെ ‘വന്നപ്പോള്‍ കൊണ്ടു വന്നു’ എന്ന് ആരോപിക്കപ്പെടാം.

ആര്‍ത്തവചക്രത്തില്‍ എപ്പോള്‍ അണ്ഢവിസര്‍ജനം നടന്നു എന്ന് കണക്കാക്കുന്ന മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും, അവ ചിലവേറിയതായത് കൊണ്ടാണ് ഇത്തരത്തില്‍ LMP (Last Menstural Period) വെച്ച് ലോകം മുഴുവന്‍ ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത്.

ഗര്‍ഭസ്ഥശിശുവിന്റെ യഥാര്‍ത്ഥ പ്രായം അത് കൊണ്ട് തന്നെ എല്ലായെപ്പോഴും സ്‌കാനിലെ ഗര്‍ഭത്തിന്റെ പ്രായത്തേക്കാള്‍ അല്‍പം കുറവായിരിക്കും. സ്‌കാനിങ്ങിനെ വില്ലനാക്കി ജീവിതം കളയും മുന്‍പ് ഇപ്പറഞ്ഞതൊന്ന് പരിഗണിച്ചേക്കണേ….

ആ പിന്നേ, ഇപ്പോഴത്തെ കണക്കില്‍ മൂന്ന് സ്‌കാനുകളെങ്കിലും ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ചെയ്യണമെന്നാണ്. ആദ്യത്തെ സ്‌കാന്‍ ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ തന്നെയാണോ എന്നും, കുഞ്ഞിന് ഹൃദയമിടിപ്പുണ്ടോ എന്നുമൊക്കെ അറിയാനാണ്.

അണ്ഢവാഹിനിക്കുഴലില്‍ ഉണ്ടാകുന്ന ട്യൂബല്‍ പ്രഗ്‌നന്‍സി ആണെങ്കില്‍, ട്യൂബ് പൊട്ടിയാല്‍ ആന്തരികരക്തസ്രാവമുണ്ടാകും, ഗര്‍ഭിണി മരണപ്പെടും. അതുകൊണ്ട് തന്നെ അവരുടെ ജീവനോളം വിലയുണ്ട് ഈ സ്‌കാനിന്. കൂടാതെ ഗര്‍ഭത്തിന്റെ പ്രായവും, പ്രസവ ഡേറ്റും അറിയാനും ഈ സ്‌കാന്‍ വേണം.

അഞ്ചാം മാസം ചെയ്യുന്ന രണ്ടാമത് സ്‌കാന്‍ കുഞ്ഞിന് അംഗവൈകല്യങ്ങള്‍ ഇല്ലെന്നുറപ്പ് വരുത്താനും പ്രസവഡേറ്റിന് അടുപ്പിച്ചുള്ള മൂന്നാമത് സ്‌കാന്‍ കുഞ്ഞിന്റെ നില അറിയാനും, പ്രസവത്തോടനുബന്ധിച്ച് മറ്റ് സങ്കീര്‍ണതകള്‍ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്താനുമാണ്.

ഇതൊന്നുമല്ലാതെ ഡൗണ്‍ സിണ്ട്രോം ലക്ഷണങ്ങള്‍ കണ്ട് പിടിക്കാന്‍ പന്ത്രണ്ടാമത് ആഴ്ചയില്‍ ചെയ്യാവുന്ന മറ്റൊരു സ്‌കാനും ഉണ്ട് കേട്ടോ. താല്‍പര്യമുണ്ടെങ്കില്‍ അത് കൂടി ചെയ്യുന്നത് നല്ലതാണ്. തിരിഞ്ഞല്ലോ അല്ലേ?

അപ്പോ, കല്യാണദിനത്തിനും മുന്നേ വയറില്‍ ‘കുഞ്ഞ് കയറിക്കൂടിയതിന്റെ’ പേരില്‍ സംശയാലുക്കളായ ഭര്‍ത്താക്കന്‍മാര്‍ക്കും സംശയത്തില്‍ പെട്ട് പോയ ഭാര്യമാര്‍ക്കും ഇനി സംശയാലുക്കളാകാന്‍ പോകുന്നവര്‍ക്കുമൊക്കെ ഇന്നത്തെ #SecondOpinion വായിച്ചപ്പോള്‍ അല്‍പം റിലാക്‌സേഷന്‍ കിട്ടിയെന്ന് പ്രതീക്ഷിക്കുന്നു…

വാല്‍ക്കഷ്ണം : ‘അന്നേരത്തെ’ പൊസിഷന്‍ മാറ്റിയാല്‍ ആണ്‍കുട്ടി/പെണ്‍കുട്ടി ആവുമെന്നൊക്കെ പറഞ്ഞോണ്ട് വരുന്നവരെ ഓടിച്ചിട്ട് തല്ലേണ്ടതാണ്. ബന്ധപ്പെടുന്ന സമയത്ത് കുഞ്ഞിന്റെ ലിംഗം തീരുമാനിക്കാന്‍ ഒരു കാരണവശാലും നമുക്ക് സാധിക്കില്ല.

അവനോ അവളോ ആയിക്കോട്ടേ, ഇങ്ങ് വരട്ടേന്ന്. ആരോഗ്യമുള്ള കുഞ്ഞായിരിക്കാന്‍ വേണ്ടതെല്ലാം ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ചെയ്യാം. ഒരായുഷ്‌കാലത്തെക്കുള്ള നിക്ഷേപമാണവര്‍, ഈ ആയുസ്സിലെ സമ്പാദ്യവും. ??

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here