ഡിഫ്തീരിയ ബാധിച്ച പേരാവൂരിലെ പതിനാലുകാരി മരണത്തിന് കീ‍ഴടങ്ങി

പേരാവൂര്‍ : ഡിഫ്ത്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ശ്രീപാര്‍വ്വതി (14)യാണ് മരിച്ചത്. മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റെയും തങ്കമണിയുടെയും മകളാണ്.

കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ മാസം 10 ന് സ്‌കൂളില്‍ നിന്നും ബംഗളൂരുവിലേക്ക് വിനോദയാത്രപോയിരുന്നു. തിരികെ വന്നതിനു ശേഷം പനിയും ചുമയും കൂടുതലായതിനാല്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഗുരുതരാവസ്ഥയിലായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിശോധനയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലും വിദ്യാര്‍ഥിനിയുടെ വീടിന് സമീപത്തെ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികളടക്കം നാനൂറോളം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുകയും പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്ത് രണ്ട് ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഡിഫ്ത്തീരിയ ബാധിച്ച് മരണം വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് . ആദര്‍ശാണ് സഹോദരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News