പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി; ഒപ്പം വിശാലും; ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം മാറിമറിഞ്ഞു; ദീപജയകുമാര്‍ ത്രിശങ്കുവില്‍

അതീവ നാടകീയ രംഗങ്ങള്‍ക്കാണ് തമി‍ഴകം ഇന്ന് സാക്ഷിയായത്. ആര്‍ കെ നഗറില്‍ മത്സരിക്കാനുള്ള നടന്‍ വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാമനിര്‍ദ്ദേശപത്രിക കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.

വിശാലിന്‍റെ നേതൃത്വത്തില്‍ നടന്ന കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് കമ്മീഷന്‍റെ തീരുമാനം മാറിമറിഞ്ഞത്. റിട്ടേണിങ് ഓഫീസറുടെ ഓഫീസിനു മുന്നിലാണ് കുത്തിയിരിപ്പു സമരം നടത്തിയിയത്. പാര്‍ട്ടികളുടെ ഒന്നും പിന്തുണ ഇല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥിത്വം.

വിശാലിനെ പിന്തുണയ്ക്കുന്നവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് നാമനിര്‍ദ്ദേശപത്രിക തള്ളാനുള്ള കാരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം പറഞ്ഞത്.

ഡിഎംകെ, എഐഎഡിഎംകെ, ടി ടി വി ദിവകര്‍ എന്നിവര്‍ക്കൊപ്പം മത്സര രംഗത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിശാലും എത്തുന്നതോടെ ജയലളിതയുടെ സ്വന്തം ആര്‍ കെ നഗറില്‍ മത്സരം തീപാറുമെന്നുറപ്പ്.

സിനിമാ മേഖലയില്‍ സ്വതന്ത്രമായി ധീര നിലപാടുകളെടുത്ത് പുതിയ സംഘടന രൂപീകരിച്ച താരമാണ് വിശാല്‍. നിലവില്‍ അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ്. വിശാലിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

ആര്‍ കെ നഗറില്‍ മുരുഡു ഗണേഷാണ് ഡി.എം.കെയുടെ സ്ഥാനാര്‍ഥി. എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി. ടിടിവി ദിനകരനും സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. ഇവര്‍ക്കിടയിലേക്കാണ് വിശാലും എത്തുന്നത്‌

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ചരിത്രമുള്ള തമിഴ് നാട്ടില്‍ നിന്നും കമല്‍ഹസനോ പ്രകാശ് രാജോ ആയിരിക്കും രാഷ്ട്രീയത്തിലേക്ക് എത്തുകയെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഇതു സംബന്ധിച്ച സൂചനകള്‍ കമല്‍ഹാസന്‍ നല്‍കിരുന്നു. മലയാളത്തില്‍ അടുത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വില്ലനില്‍ വിശാല്‍ പ്രധാന വേഷം ചെയ്തിരുന്നു.

അതേസമയം ജയലളിതയുടെ അനന്തിരവള്‍ ദീപ ജയകുമാറിന്‍റെ നാമനിര്‍ദ്ദേശപത്രിക സൂഷ്മപരിശോധനയ്ക്ക് ശേഷവും തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News