ചാവക്കാട് ഹനീഫ കൊലപാതകം; ഗോപപ്രതാപനെ തിരികെയെടുത്തതില്‍ പ്രതിഷേധം ശക്തം; കെപിസിസി നടപടി കുടുംബത്തോടുള്ള വെല്ലുവിളിയാണെന്ന് ഹനീഫയുടെ സഹോദരന്‍

തൃശൂര്‍: ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഗോപപ്രതാപനെ തിരികെയെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.

കൊലപാതകത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഗോപപ്രതാപനെ ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റായി വീണ്ടും നിയമിച്ചതിനെതിരെയാണ് ഹനീഫയുടെ കുടുംബം രംഗത്തെത്തിയത്.

കേസില്‍ പുനരന്വേഷണം നടക്കുന്നതിനിടെ തിരക്കിട്ടുള്ള കെപിസിസി നടപടി കുടുംബത്തോടുള്ള വെല്ലുവിളിയാണെന്ന് ഹനീഫയുടെ സഹോദരന്‍ ഉമ്മര്‍ പറഞ്ഞു.

എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ചാവക്കാട് പ്രദേശത്ത് നിലനിന്നിരുന്ന ചേരിപ്പോരിനെ തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തിലാണ് എ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്തിട്ട് ഹനീഫയെ കുത്തിക്കൊന്ന സംഘത്തിന് പിന്നില്‍ അന്നത്തെ കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ ഗോപപ്രതാപനാണെന്ന് കുടുംബം ആരോപിച്ചു.

കൊലപാതകത്തിന് ദൃക്‌സാക്ഷിയായ ഹനീഫയുടെ ഉമ്മ, കൊലയ്ക്ക് മുമ്പ് ഗോപപ്രതാപന്‍ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്ന് അന്വേഷണ സംഘത്തിന് മൊഴിയും നല്‍കി. സംഭവത്തില്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മറ്റി പിരിച്ചു വിട്ടതും ഗോപപ്രതാപനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും.

ഗ്രൂപ്പ് വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പിടിയിലായെങ്കിലും ഗോപപ്രതാപനിലേക്ക് അന്വേഷണം എത്തിയില്ല.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തി വരവെയാണ് കെപിസിസി പ്രത്യേക യോഗം വിളിച്ച് ഗോപപ്രതാപനെ വീണ്ടും ബ്ലോക്ക് പ്രസിഡന്റായി നിയമിച്ചത്. ഇത് കുടുംബത്തോടുള്ള വെല്ലുവിളിയാണെന്ന് ഹനീഫയുടെ സഹോദരന്‍ ഉമ്മര്‍ ദുബായില്‍ ആരോപിച്ചു

കേസിലെ മറ്റ് പ്രതികള്‍ക്ക് സഹായം നല്‍കിയതും ഗോപപ്രതാപനാണെന്ന് കുടുംബത്തിന് ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ തിരക്കിട്ട് ഗോപപ്രതാപനെ ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റായി തിരികെയെത്തിച്ചതില്‍ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധങ്ങള്‍ ശക്തമാണ്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കുടുംബനാഥനെ നഷ്ടപ്പെട്ട ഹനീഫയുടെ വീട്ടുകാര്‍ നീതിക്കായി കെപിസിസി ആസ്ഥാനത്തും ഡിസിസിക്ക് മുന്നിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News