തീരദേശവാസികള്‍ക്ക് സഹായഹസ്തവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഡിവൈഎഫ്‌ഐയുടെ സഹായഹസ്തം.

കടലില്‍ കാണാതായവരെയും കാത്തിരിക്കുന്നവര്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണപൊതികള്‍ വിതരണം ചെയ്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ മാതൃകയാകുന്നത്. ഡിവൈഎഫ്‌ഐ ചാല ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിലാണ് തീരദേശവാസികള്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നത്.

കടലമ്മ കവര്‍ന്നെടുത്ത തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി കരയില്‍ കണ്ണും നട്ട് കാത്തിരിക്കുന്ന തീരദേശവാസികള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. തീരത്ത് കരഞ്ഞ് കലങ്ങിയ കണ്ണുമായി കാത്തിരിക്കുന്ന ഇവര്‍ക്ക് ഈ ഭക്ഷണപൊതികള്‍ വലിയ ആശ്വാസം തന്നെയാണ്. പൂന്തുറയിലും വിഴിഞ്ഞത്തും മറ്റ് ദുരിതാശ്വായ ക്യാമ്പുകളിലുമാണ് ഇവര്‍ ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നത്.

ചുഴലിക്കാറ്റ് മൂലം കടലില്‍ കാണാതായ വേണ്ടപ്പെട്ടവര്‍ക്കായി കരയില്‍ കാത്തിരിക്കുമ്പോഴും തങ്ങളുടെ ഉറ്റവര്‍ തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇവര്‍.

ഈ ഭക്ഷണ പൊതികള്‍ക്ക് ഇവരുടെ കണ്ണുനീര്‍ തുടയ്ക്കാനാകില്ലങ്കിലും ഇവരുടെ എരിയുന്ന വയറിന്റെ വിശപ്പടക്കാനാകും. രാവിലെ മുതല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ തീരദേശത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ ഭക്ഷണ പൊതികള്‍ തന്നെയായിരുന്നു ആശ്രയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here