ജിഷ വധക്കേസിൽ ഈ മാസം 12 ന് വിധി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ ഈ മാസം 12 ന് വിധി പറയും . എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. അസം സ്വദേശി അമീറുൾ ഇസ്ലാമാണ് കേസിലെ ഏക പ്രതി.

ഏറെ കോളിളക്കം സൃഷ്ടിച്ച നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം നടന്ന് രണ്ടര വർഷത്തിനു ശേഷമാണ് കോടതി വിധി പറയുന്നത്.കഴിഞ്ഞ ഏപ്രിൽ 3 ന് തുടങ്ങിയ വിചാരണ 75 ദിവസത്തോളം നീണ്ടു നിന്നു.

100 ഓളം സാക്ഷികളെയാണ് ഇക്കാലയളവിൽ വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി 5 പേരെയും വിസ്തരിച്ചു.291 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.

കഴിഞ്ഞ മാസം 21നാണ് കേസിൽ അന്തിമ വാദം തുടങ്ങിയത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ അനിൽ കുമാർ ഈ മാസം 12 ന് വിധി പറയാനായി മാറ്റിയത്.

കഴിഞ്ഞ വർഷം ഏപ്രിൽ 28 നാണ് പെരുമ്പാവൂർ വട്ടോളിപ്പടിയിലെ കനാൽ ബണ്ട് റോഡിലെ ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന നിയമ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്‌.

പ്രാഥമിക അന്വേഷണത്തിലെ പാളിച്ചയെ തുടർന്ന് പ്രതിയെ ഉടൻ പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരികയും എഡിജിപി B സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ സംഘത്തെ അന്വേഷണച്ചുമതല ഏല്പിക്കുകയും ചെയ്തു.

അന്വേഷണത്തിനൊടുവിൽ പ്രതി അസം സ്വദേശി അമീറുൾ ഇസ്ലാമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂൺ 16ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിവേഗം അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 17ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കൊലപാതകം, ബലാൽത്സംഗം, പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം ഉൾപ്പടെ വിവിധ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സർക്കാരിനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണന്നായിരുന്നു കോടതിയിൽ ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel