തോപ്പില്‍ ഭാസി ഓര്‍മയായിട്ട് ഇന്ന് കാല്‍നൂറ്റാണ്ട് – കേരളം ഓർക്കുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തെ, പതിനായിരത്തിലേറെ ചുവന്ന വേദികളെ

മലയാള നാടകരംഗത്ത് ഇടിമു‍ഴക്കം പോലെ പിറന്ന കെ.പി.എ.സി.യുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി.

ശൂരനാട് ഡിഫന്‍സ് ഫണ്ടിലേക്ക് പണം സംഭരിക്കാന്‍വേണ്ടി സോമന്‍ എന്ന തൂലികാനാമത്തിലാണ് തോപ്പില്‍ ഭാസി ഈ നാടകം എഴുതി പ്രസിദ്ധീകരിച്ചത്. കെ.പി.എ.സി. നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അടൂര്‍ ലോക്കപ്പിലായിരുന്നു അദ്ദേഹം.

1952 ഡിസംബര്‍ ആറിനായിരുന്നു ചവറയിൽ നാടകം അരങ്ങിലെത്തിയത്. നാടകം സര്‍ക്കാര്‍ നിരോധിച്ചു. ഹൈക്കോടതിയുടെ അനുകൂല വിധി നേടിയാണ് നാടകാവതരണം തുടര്‍ന്നത്.

പതിനായിരത്തിലേറെ വേദികളിൽ നാടകം കളിച്ചു. നാടകാന്ത്യത്തിൽ മൈതാനം നിറഞ്ഞ ജനക്കൂട്ടം മു‍ഴുവൻ ഇങ്കുലാബ് സിന്ദാബാദ് വിളിക്കുന്ന കാ‍ഴ്ച പതിവായിരുന്നു. പരമു പിള്ളയും ഗോപാലനും മാലയും ജീവിച്ചിരിക്കുന്ന പ്രതീകങ്ങളായി ജനഹൃദയങ്ങളിൽ ഇടം പിടിച്ചു.

ഒഎൻവി-ദേവരാജൻ-കെഎസ്ജോർർജ്-സുലോചന ടീമിന്റെ പാട്ടുകൾ ജനലക്ഷങ്ങളുടെ ചുണ്ടുകളിൽ തത്തിക്കളിച്ചു. പൊന്നരിവാളമ്പിളിയിൽ കേരളം കേട്ട ആദ്യത്തെ ഹിറ്റ് ഗാനമായി. നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന വരികൾ മലയാളികൾ ഒരു ശൈലി പോലെ ഏറ്റെടുത്തു.

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജൈത്രയാത്രയ്ക്കു പിന്നിൽ ഈ നാടകത്തിന്റെ സ്വാധീനം വളരെ വലുതാണ്.

പിന്നീട് കെ.പി.എ.സി. അവതരിപ്പിച്ച നാടകങ്ങളില്‍ പതിനെട്ടെണ്ണവും തോപ്പില്‍ ഭാസി രചിച്ചവയാണ്. മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, സര്‍വേക്കല്ല്, മൂലധനം എന്നിങ്ങനെ നീളുന്നു ഇവ.

നാടകത്തിനു പുറമേ നിരവധി സിനിമകളിലും കൈയൊപ്പുചാര്‍ത്തിയിട്ടാണ് തോപ്പില്‍ ഭാസി വിടപറഞ്ഞത്. നൂറിലധികം സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി. പതിനാറ് സിനിമകള്‍ സംവിധാനം ചെയ്തു. ഇരുപത്തിയഞ്ചിലധികം കൃതികള്‍ രചിച്ചു.

കേന്ദ്ര സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി അവാര്‍ഡുകളും ഭാസിക്കു ലഭിച്ചിട്ടുണ്ട്. ശൂരനാട് സമര നായകരിലൊരാളായ തോപ്പില്‍ ഭാസി 1953-ല്‍ വള്ളികുന്നം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായി. 1954-ലും 57-ലും നിയമസഭാംഗവുമായിരുന്നു. 1992 ഡിസംബര്‍ എട്ടിനായിരുന്നു അന്ത്യം.

ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി വ്യാഴാഴ്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിനൊപ്പം കെ.പി.എ.സി.യില്‍ അനുസ്മരണ സമ്മേളനവും നടക്കും. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് അനുസ്മരണവും തോപ്പില്‍ ഭാസി അവാര്‍ഡ് ദാനവും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here