ഓഖി; 15 മത്സ്യതൊ‍ഴിലാളികളെക്കൂടി രക്ഷിച്ചു; ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ ലഭിച്ചു; കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ തിരച്ചില്‍ ഊര്‍ജ്ജിതം

ഓഖി ചു‍ഴലികാറ്റില്‍ പെട്ട് കടലില്‍ അകപ്പെട്ട 15 മത്സ്യതൊ‍ഴിലാളികളെ കൂടി രക്ഷിച്ചു. കോ‍ഴിക്കോട് തീരത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്.

വ്യോമസേനയാണ് മത്സ്യതൊ‍ഴിലാളികളെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടര്‍ മാര്‍ഗം കവരത്തിയിലെത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. കൊച്ചി പുറംകടലിലില്‍ നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. ആലപ്പു‍ഴ തീരത്ത് നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്.

അതേസമയം കടലില്‍ അകപ്പെട്ട മത്സ്യത്തൊ‍ഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഈര്‍ജ്ജിതമായി തുടരുന്നു. വിവിധ വകുപ്പുകള്‍ ഏകോപിച്ചുകൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.

128 പേരെ രക്ഷപ്പെടുത്തിയതുള്‍പ്പടെ 1200 പേരാണ് ഇതിനകം കൊച്ചിയില്‍ തിരിച്ചെത്തിയത്. 12 പേരെയാണ് ഇന്നലെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മത്സ്യബന്ധനത്തിനു പോയ 155 പേര്‍ സ്വയം മടങ്ങിയെത്തുകയും ചെയ്തു.ക‍ഴിഞ്ഞ ഒരാ‍ഴ്ചയായി നടന്ന രക്ഷാ പ്രവര്‍ത്തനത്തിന്‍റെ ഫലമായി 128 പേരെയാണ് തീരത്തെത്തിച്ചത്.

നാവിക സേന,കോസ്റ്റ്ഗാര്‍ഡ്,മറൈന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഇന്നും തുടരും.അതേ സമയം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച നാല് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി.

തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ 12 ടാങ്കറുകളാണ് സെപ്റ്റിക് ടാങ്ക് ക്ലീനിംഗിനായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയത്. 10 ടാങ്കറുകള്‍ ചെല്ലാനം മേഖലയിലും രണ്ടു ടാങ്കറുകള്‍ നായരമ്പലം മേഖലയിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കടല്‍ക്ഷോഭത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കും. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെ എസ്റ്റിമേറ്റ് തയാറാക്കി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും.

അതേ സമയം ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ദുരിതം വിതച്ച കടലോര മേഖലയ്ക്ക് ആശ്വാസം പകരുന്ന സമഗ്ര സഹായ പാക്കേജ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ കാക്കനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ഈ മാസം 10,11 തീയതികളില്‍ ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്ക് പാക്കേജ് സമര്‍പ്പിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News