അശ്ലീലവും തെറിയും കൊണ്ട് എന്നെ ഭയപ്പെടുത്താമെന്ന് കരുതരുത്; തട്ടമിട്ട് ഫ്ലാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ഷംന മതമൗലിക വാദികള്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്ത്

ശക്തയായ ഒരു സ്ത്രീയെ അശ്ലീല ഭാഷകൊണ്ടല്ലാതെ നേരിടാൻ നിങ്ങളിനിയെന്നാണ് പഠിക്കുക? അസഭ്യം പറഞ്ഞ്, അവളുടെ വീട്ടുകാരെ അടക്കം തെറി വിളിച്ചു കൊണ്ട് പ്രതികരിക്കാൻ മാത്രമുള്ള നിലവാരമേ നിങ്ങൾക്കുള്ളൂ സഹോദരന്മാരേ..?

മലപ്പുറത്ത് ഫ്‌ളാഷ് മോബ് നൃത്തം ചവുട്ടിയ മൂന്ന് പെണ്‍കുട്ടികളെ താറടിക്കുന്നവര്‍ക്കെത സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ഷംന കോളക്കോടന്‍ എഴുതിയ
വാക്കുകൾ നിറഞ്ഞ കയ്യടിയോടെ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. എന്നാൽ ഷംനക്ക് നേരെയും സദാചാര ആങ്ങളമാർ വാളും പരിചയുമായി ഇൻബോക്സിൽ അശ്ലീല സന്ദേശങ്ങളും തെറി വിളിയും നടത്തുകയാണ് ഇപ്പോൾ , ഇതിനെതിരെ പ്രതികരിച്ചുള്ള ഷംനയുടെ അക്ഷരങ്ങൾ കൊണ്ടുള്ള പ്രതിരോധത്തിന് ശക്തമായ പിന്തുണയാണ് സോഷ്യൽ മീഡിയ നൽകുന്നത് . ഷംനയുടെ ഫേസ്ബുക് പോസ്റ്റ് വീണ്ടും ഹിറ്റായി കഴിഞ്ഞു .

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ശക്തയായ ഒരു സ്ത്രീയെ അശ്ലീല ഭാഷകൊണ്ടല്ലാതെ നേരിടാൻ നിങ്ങളിനിയെന്നാണ് പഠിക്കുക? അസഭ്യം പറഞ്ഞ്, അവളുടെ വീട്ടുകാരെ അടക്കം തെറി വിളിച്ചു കൊണ്ട് പ്രതികരിക്കാൻ മാത്രമുള്ള നിലവാരമേ നിങ്ങൾക്കുള്ളൂ സഹോദരന്മാരേ..?
എതിരഭിപ്രായങ്ങളിൽ കൂടുതലും കണ്ടത് അസഭ്യം തന്നെയാണ്.അതിപ്പോ ഇൻബോക്സിലായാലും ഫിൽറ്റർ, മെസേജ് റിക്വസ്റ്റുകളിലാണെങ്കിലും ലൈംഗികദാരിദ്യം കൊണ്ട് വീർപ്പുമുട്ടുന്ന പകൽ മാന്യന്മാരെയാണ് കണ്ടത്. ഇത്രക്ക് തരം താഴ്ന്നു കൊണ്ടാണോ ഒരു സ്ത്രിയെ നേരിടുന്നത്? വളരെ മോശം തോന്നുന്നു.
പിന്നെ, ഏതൊരു കാര്യത്തിലും, നിന്റെ വീട്ടിലുള്ളവർ ഇങ്ങനെ ചെയ്യുമോ ടീ, അപ്പഴും നീ ഇങ്ങനെ തന്നെ പ്രതികരിക്കുമോ ടീ എന്ന് ചോദിക്കുന്നവരോട് ഒന്നു പറയട്ടെ,വായടഞ്ഞവൻ ജയിക്കാൻ വേണ്ടി കുട്ടിക്കാലം മുതലേ പറഞ്ഞു കൊണ്ടിരിക്കുന്ന ന്യായം മാത്രമാണിത്. ശരീരം വളർന്നതിനൊപ്പം ബുദ്ധിയും ചിന്തയും വളർന്നില്ലെന്നു വേണം പറയാൻ.
പിന്നെ, റോഡിൽ ആടിപ്പാടിയാൽ പ്രലോഭനമുണ്ടാകുമെന്ന് പറയുന്നു. നിങ്ങളെന്താണ് പെണ്ണിനെ ഒരു പ്രലോഭന വസ്തുവായി മാത്രമാണോ കാണുന്നത്? എങ്കിൽ നിങ്ങളുടെ ചിന്തയിലും മനസിലും കളങ്കമുണ്ടെന്നു വേണം പറയാൻ. പെണ്ണിനെ ആഒരർത്ഥത്തിൽ മാത്രം കാണാതെ അവളുടെ കഴിവിനെ വാഴ്ത്തിക്കൂടെ? അല്ലെങ്കിലും പ്രലോഭനങ്ങൾക്കടിമപ്പെടും ,ആളുകൾക്ക്കൾക്ക് ലൈംഗികാകർഷണം തോന്നും എന്നൊക്കെ ചിന്തിക്കുന്ന നിങ്ങളൊക്കെയാണോ യഥാർത്ഥ വിശ്വാസി? (ചോദ്യം അസഭ്യം പറഞ്ഞവരോടാണ്. എന്നെ മിയ ഖലീഫയോടുപമിച്ച, അവരെക്കുറിച്ച് ഗാഢമായ അറിവുള്ള ഒരു മുസ്ലീം മഹത് വ്യക്തിയെ ഞാനീയവസരത്തിൽ ഓർത്തു പോവുകയാണ് സുഹൃത്തുക്കളേ. )
ഫ്ളാഷ് മൊബിന്റെ കാര്യത്തിൽ നിങ്ങൾ പുറത്തുവിട്ട ഓരോ പ്രസ്താവനകളും കമന്റുകളും നിങ്ങൾ തന്നെ വഴിയൊരുക്കിയ സെൽഫ് ട്രോളുകളായേ കാണാനൊക്കൂ.മതത്തിനുള്ളിലെ ജീർണതകൾ നാട്ടിൽ മുഴുവൻ പാട്ടായില്ലേ.. നിങ്ങളുപയോഗിച്ച അശ്ലീല ഭാഷ തന്നെ ധാരാളമാണ് നിങ്ങൾക്ക് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വില കുറഞ്ഞ നിലപാട് തെളിയിക്കാൻ.
കൂടുതൽ പെൺകുട്ടികൾ ഇതിനെക്കുറിച്ച് ചിന്തിച്ച് പ്രതികരിക്കാനേ അതുപകരിക്കൂ.അതിനുള്ള പ്രത്യക്ഷമായ തെളിവാണ് അനേകം പെൺകുട്ടികൾ എഴുത്തുകൾ ഷെയർ ചെയ്തു എന്നുള്ളത്. ഒരു ഡാൻസിനു വേണ്ടി പിൻ താങ്ങി പ്രതികരിച്ചു എന്നുള്ളതിന്നർത്ഥം നാട്ടിലുള്ള പെണ്ണുങ്ങൾക്കാകമാനം ഡാൻസ് ചെയ്യണമെന്നല്ല ( ഒളിഞ്ഞും തെളിഞ്ഞും നിരവധി തരം ഡാൻസുകൾ പലയിടത്തും അവതരിക്കപ്പെടുന്നുണ്ടെന്നും അത് ആസ്വദിക്കാൻ ആൾക്കാരുമുണ്ടെന്നോർക്കണം ),അവരുടെ കഴിവുകൾ പൊടി തട്ടിയെടുക്കാൻ പ്രാപ്ത രാകണം എന്ന ഉദ്യേശത്തോടുകൂടിയാണ്. കൂടുതൽ പേർ ചിന്തിച്ച് മുന്നോട്ടു വരും തീർച്ച.
വരൂ.. ഇനി നിങ്ങളീ കാര്യങ്ങളൊക്കെ വീട്ടിലുള്ള സ്ത്രീകളോടൊന്നു പറഞ്ഞു നോക്കൂ.. അവളുടെ ചുണ്ടിന്റെ ഇങ്ങേയറ്റത്ത് നിങ്ങളോടുള്ള കനത്ത പുച്ഛവും അങ്ങേയറ്റത്ത് ഇത്രേം കാലം അവളനുഭവിച്ച വിലക്കുകൾ മറന്ന്,പ്രതികരിക്കുന്ന പെൺകുട്ടികളെക്കുറിച്ച് അഭിമാനപൂർവ്വം വിരിയുന്ന പുഞ്ചിരിയും നിങ്ങൾക്ക് കാണാം.
വിശ്വാസത്തിന്റെ പേരും പറഞ്ഞ് ആൾദൈവം ചമഞ്ഞ് ആളുകളെ പറ്റിക്കുന്ന മനുഷ്യദൈവങ്ങൾ ഒരുപാടുണ്ട് നമ്മുടെ സമൂഹത്തിൽ. ചങ്കൂറ്റമുണ്ടോ അവരിൽ ഒരുത്തനെതിരെയെങ്കിലും വാ തുറക്കാൻ.? ധൈര്യമുണ്ടോ നിങ്ങൾ ചെയ്യുന്നത് മഹാപാപങ്ങളിൽ ഒന്നായ ഒരിക്കലും പൊറുക്കപ്പെടാത്ത ശിർക്കാനെന്ന് മുഖത്ത് നോക്കി വിളിച്ചു പറയാൻ? ഊതിയ വെള്ളവും ഉറുക്കും ചരടും മന്ത്രവും ഉപേക്ഷിച്ച് ശാസ്ത്രത്തിനൊത്തു നിൽക്കാൻ തയ്യാറുണ്ടോ എന്ന് പറഞ്ഞ് നേരിടാൻ? ഇല്ല അല്ലേ..
കാലത്തിനനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾ വന്നു കഴിഞ്ഞു മതത്തില്? (വാഹനമോടിച്ചാൽ വൈബ്രേഷനടിച്ച് സ്ത്രീകൾക്ക് ലൈംഗിക ഉത്തേജനം ഉണ്ടാകും എന്ന് ഒരാൾ പറഞ്ഞത് ഓർക്കുന്നു). കാലം മാറുകയാണ്. ഒപ്പം ചിന്തകളും വളരുകയാണ്. മതത്തിൽ പുതുതായി ഒന്നും ചേർക്കണമെന്നല്ല,ഒന്നു സൂചിപ്പിക്കാം, മനുഷ്യനന്മക്ക് വേണ്ടിയുള്ളതാവണം മതം. അല്ലെങ്കിൽ തന്നെ അസഹിഷ്ണുതയുടെ നാടെന്ന് വിളിപ്പേരുണ്ട് നമുക്ക്. ഇങ്ങനെ പോയാൽ ഒരു നൂറു കൊല്ലം കഴിഞ്ഞാലും ആ പേര് മാറാൻ പോവുന്നില്ല. ചിന്തിക്കുക. നല്ല മാറ്റത്തിന്റെ വെളിച്ചം നിറയട്ടെ എങ്ങും.

(കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരോട്, ഓരോ മതത്തെയും ബഹുമാനിക്കാൻ പഠിക്കുക. എങ്കിലേ നന്മ നിലനിൽക്കൂ.. മനുഷ്യൻ വളരൂ..)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News