മലപ്പുറം ഫ്‌ളാഷ് മോബ്; പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തുന്നവര്‍ക്കെതിരെ യുവജന കമീഷന്‍ കേസെടുത്തു; പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ചിന്താ ജെറോം

തിരുവനന്തപുരം: മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പ്രചാരണം നടത്തുന്നതിനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു.

ഇത്തരം അശ്ലീല പ്രചാരണങ്ങള്‍ നവമാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്നവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് പൊലീസ് സൈബര്‍ സെല്ലിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

വീടിനുള്ളില്‍ ഒതുങ്ങികൂടേണ്ടവരാണ് സ്ത്രീകളെന്ന ഇരുണ്ടകാലത്തെ ഓര്‍മ്മിക്കുന്ന പൊതുബോധമാണ് ഇത്തരക്കാരെ നയിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അഭിപ്രായപ്പെട്ടു.

ഡിസംബര്‍ ഒന്നിന് നടന്ന എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ പരിപാടിയിലാണ് വിദ്യാര്‍ത്ഥിനികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും, ഇതിനെതിരെ വളരെ മോശമായ ഭാഷയില്‍ പ്രതികരണവുമായി ചിലര്‍ രംഗത്തെത്തുകയും ചെയ്തു.

പെണ്‍കുട്ടികളെ അപമാനിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേയും വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. നവമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന ഇത്തരം അപവാദ പ്രചാരണങ്ങള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുവാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel