ഇവിടെ കാറ്റൊഴിഞ്ഞു, നോവിന്റെ കാറൊഴിയുന്നില്ല; കടലില്‍ പോയ ഉറ്റവര്‍ക്കായി കണ്ണീരോടെയും പ്രാര്‍ത്ഥനയോടെയും പൊഴിയൂര്‍ ഗ്രാമവും കാത്തിരിക്കുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ തീരപ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ കാണാതായ തങ്ങളുടെ ഉറ്റവര്‍ക്കായി കണ്ണീരും പ്രാര്‍ത്ഥനയോടെയും കാത്തിരിക്കുകയാണ്.

വാര്‍ത്താ പ്രാധാന്യം നേടാന്‍ കഴിയാത്തതിനാല്‍ തന്നെ ആരോരും തിരിഞ്ഞു നോക്കാനില്ലാതെ വേര്‍പാടിന്റെയും അവഗണനയുടെയും വേദനയിലായിരിക്കുകയാണ് പൊഴിയൂര്‍ തീരദേശഗ്രാമം. യുവാക്കള്‍ ഉള്‍പ്പെടെ 33 ലധികം മല്‍സ്യത്തൊഴിലാളികളെയാണ് പൊഴിയൂരിന്റെ മണ്ണില്‍ നിന്ന് കടലില്‍ കാണാതായിരിക്കുന്നത്.

അച്ഛനെ കാത്തിരിക്കുന്ന മക്കള്‍, ഭര്‍ത്താവിന്റെ വരവും പ്രതീക്ഷിച്ച് നിറകണ്ണുകളോടെയിരിക്കുന്ന ഭാര്യമാര്‍, മക്കള്‍ ഓടിയെത്തണമേ എന്ന പ്രാര്‍ത്ഥനയോടെ അമ്മമാര്‍, ഏതെങ്കിലും തീരത്ത് ജീവനോടെ കുടുങ്ങി കിടക്കണമേ എന്ന് വിലപിക്കുന്ന നാട്ടുകാര്‍……ഓഖി ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ തീരപ്രദേശത്തിന്റെ അവസ്ഥയാണിത്.

വിഴിഞ്ഞവും പൂന്തുറയും അടിമലത്തുറയുമൊക്കെ വാര്‍ത്തകളിലും അധികാരികള്‍ക്ക് മുന്നിലും ഇടം നേടി സഹായ ഹസ്ഥങ്ങളും അന്വേഷണവും സാന്ത്വനവും നേടിയെടുക്കുമ്പോള്‍ വലിയ ദുരന്തത്തിന്റെ ഇരയായ പൊഴിയൂര്‍ തീരദേശം ദുരന്ത ചിത്രത്തിലേ ഇല്ലാതായിരിക്കുന്നു. ഇത് തന്നെയാണ് 33 മല്‍സ്യത്തൊഴിലാളികളെ കടലില്‍ കാണാതായ പൊഴിയൂരിന്റെ ദുഖവും വിലാപവുമൊക്കെ.

ചെറുബോട്ടുകളിലും വള്ളങ്ങളിലും പോയവരാണ് ഇവിടെ നിന്ന് കാണാതായിരിക്കുന്ന 33 പേരും.അതേസമയം എംഎല്‍എയുടെ ഇടപെടലില്‍ റേഷന്‍അരിയും വൈദ്യസഹായവുമൊക്കെ ലഭിക്കുന്നുവെന്നതും മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ പറയാതിരുന്നില്ല.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ തീരങ്ങളില്‍ നിന്ന് തിരച്ചില്‍ പുരോഗമിക്കുന്നുവെങ്കിലും ഇവിടത്തെ വീടുകളില്‍ വിലാപവും കണ്ണീരും പരാതിയും ഒഴിയുന്നതേയില്ല.

ഒന്നരവര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ യുവതി തന്റെ കുഞ്ഞ് മകളെ നെഞ്ചോട് ചേര്‍ത്ത് വിലപിക്കുകയാണ്. സ്വന്തം ഭര്‍ത്താവിനായി. കുടുംബ ജീവിതം ആരംഭിച്ച മൂന്നിലധികം യുവാക്കളെയാണ് പൊഴിയൂരില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയി കാണാതായിരിക്കുന്നത്.

കുടുംബത്തിന്റെ ഏക അത്താണിയായവര്‍ തിരിച്ചുവരാതായതോടെ ഇനി എന്തുചെയ്യണമെന്നറിയാതെ വഴിക്കണ്ണുമായി വീട്ടമ്മമാര്‍ അലമുറയിടുന്ന കാഴ്ചയും പൊഴിയൂരിലുണ്ട്.

തങ്ങളെ കാണാന്‍ എത്തുന്നവരോട് ഇവിടെത്തുകാര്‍ പറയുന്നത് ഒന്നുമാത്രം സഹായിക്കണം ഞങ്ങളും മനുഷ്യരാണ്. ഇവിടെ കാറ്റൊഴിഞ്ഞു നോവിന്റെ കാറൊഴിയുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News