മനോഹരമായി ചീകിയൊതുക്കിയ നീളന്‍ മുടി ആ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ മുറിച്ചു നല്‍കി; കയ്യടിക്കാം ഈ മാതൃകയ്ക്ക്

അര്‍ബുദ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് മാതൃകയായി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍. പാലക്കാട് മോയന്‍സ് ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് അര്‍ബുദ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് മാതൃകയായത്.

മുടി മനോഹരമായി ചീകിയൊതുക്കിയ ശേഷം ഓരോരുത്തരായി മുറിച്ച് നല്‍കി. നേരത്തെ ആലോചിച്ചുറപ്പിച്ചെടുത്ത തീരുമാനം.

അതിനാല്‍ ഇത്രയും കാലം കാത്ത് സൂക്ഷിച്ചിരുന്ന മുടി മുറിച്ച് നീക്കുന്പോള്‍ വിഷമം തോന്നിയില്ല. കുഞ്ഞു മുഖങ്ങളില്‍ നിറഞ്ഞ ആത്മസംതൃപ്തി.

പാലക്കാട് മോയന്‍സ് ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ എന്‍എസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് അര്‍ബുദ രോഗികള്‍ക്കായി മുടി ദാനം ചെയ്തത്. ഇരുന്നൂറ് വിദ്യാര്‍ത്ഥിനികളാണ് മഹത്തായ സേവനത്തിന്‍റെ ഭാഗമായത്.

സിനിമാ താരം ഗോവിന്ദ് പദ്മസൂര്യ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എന്‍എസ്എസ് വളണ്ടിയറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി നിഖിലയാണ് ആദ്യം മുടി ദാനം ചെയ്തത്. നിഖിലയുടെ മനസ്സിലുദിച്ച ആശയം എന്‍എസ്എസ് യൂണിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കുകയായിരുന്നു.

ജെസിഐ പാലക്കാടുമായി സഹകരിച്ചാണ് എന്‍എസ്എസ് യൂണിറ്റ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്.

ഓരോ വിദ്യാര്‍ത്ഥിനിയുടെയും പേരില്‍ ശേഖരിച്ച് തൃശൂരിലെ കാന്‍സര്‍ സെന്‍ററിന് കൈമാറുന്ന മുടി വിഗ്ഗായി മാറ്റിയ ശേഷം നിരാലംബരായ അര്‍ബുദ രോഗികള്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം.

സാമൂഹ്യ സേവനരംഗത്ത് സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് നടത്തിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് വിദ്യാര്‍ത്ഥിനികള്‍ മുടിമുറിച്ച് ദാനം ചെയ്തത്.

അനുകരണീയമായ സേവന മാതൃക സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന ഈ വിദ്യാര്‍ത്ഥികള്‍ മുടി മാത്രമല്ല, ജീവിതത്തില്‍ വിഷമതയനുഭവിക്കന്നുവര്‍ക്കായി സ്നേഹവും നന്‍മയുമെല്ലാമാണ് പകുത്ത് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here