ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിലാണ് സംഭവം.

ഭര്‍ത്താവ് കേരളത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി സംഘം വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു.

സിപിഐഎമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സജീവപ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവെത്തിയശേഷം മൃതദേഹം സംസ്‌കരിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സിപിഐഎം, മഹിളാനേതാക്കള്‍ സ്ഥലത്തെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

തൃണമൂലിന്റെ സജീവപ്രവര്‍ത്തകരായ അമല്‍ സര്‍ക്കാര്‍, പരിമള്‍ സര്‍ക്കാര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അമല്‍ സര്‍ക്കാരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിമള്‍ സര്‍ക്കാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.

കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി നാരായണ്‍ ബിശ്വാസ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അന്‍ജുകൌര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

തൃണമൂല്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണവും പീഡനവും വര്‍ധിക്കുകയാണ്. ദക്ഷിണ ദിനാജ്പുര്‍ ജില്ലയില്‍മാത്രം 11 സ്ത്രീകള്‍ പീഡനത്തിനുശേഷം കൊല്ലപ്പെട്ടെന്ന് മഹിളാ അസോ. ജില്ലാ സെക്രട്ടറി മാഗദാലിനാ മുര്‍മു പറഞ്ഞു. ഇവരില്‍ പകുതിയും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here