ദില്ലി: വിവാഹശേഷം സ്ത്രീയുടെ മതവിശ്വാസം ഭര്‍ത്താവിന്റേതുമായി ലയിച്ച് ചേര്‍ക്കണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം എന്നത് സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കാനുളള പ്രവൃത്തിയാകരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഗൂല്‍റോഖ് എം ഗുപ്ത എന്ന യുവതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാഴ്‌സി യുവതി അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളുടെ പരമ്പരാഗത മരണാനന്തര ചടങ്ങുകളില്‍ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വല്‍സദ് സൊറോസ്ട്രിയന്‍ ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയിലാണ് സുപ്രീംകോടതി നിരീക്ഷണം.
ഒരു പാഴ്‌സി യുവാവ് സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിച്ചാല്‍ അയാളെ പരമ്പരാഗത ചടങ്ങുകളില്‍ നിന്ന് മാറ്റി നിര്‍ത്താറില്ല. എന്നാല്‍ സ്ത്രീകള്‍ സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുമ്പോള്‍ എന്തുകൊണ്ടാണ് അവര്‍ക്ക് മാത്രം വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും കോടതി ചോദിച്ചു.
വിവാഹം എന്നത് ഒരു സ്ത്രീ പുരുഷന് സ്വയം പണയം വയ്ക്കുന്ന സമ്പ്രദായമല്ല. വിവാഹം കഴിച്ചതിന്റെ പേരില്‍ ഒരു സ്ത്രീക്കുള്ള പൗരാവകാശങ്ങള്‍ തടയാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
സ്ത്രീ ഭര്‍ത്താവിന്റെ മതവിശ്വാസം പിന്തുടരണമെന്നില്ലെന്നും സ്ത്രീക്ക് സ്വന്തം ഇഷ്ടപ്രകാരം ഏത് വിശ്വാസം പിന്തുടരണമെന്ന് തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.