ഇടുക്കിയുടെ ഗ്രാമീണ സൗന്ദര്യം; വെല്ലുവിളികള്‍ തുടര്‍ക്കഥയാകുമ്പോള്‍ നമുക്ക് ശ്രദ്ധിക്കാം

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട താവളമാണ് ഇടുക്കി. വ്യത്യസ്തമായ ഭൂപ്രകൃതിയും മലയോര പ്രദേശങ്ങളും ദൃശ്യഭംഗിയുമാണ് ഇടുക്കിയെ കേരളത്തിന്റെ സുന്ദരിയാക്കിയത്.

മൂന്നാറിനും, തേക്കടിക്കും, വാഗമണ്ണിനും, രാമക്കല്‍മേടിനും പുറമേ പാല്‍ക്കുളംമേട്, പാണ്ടിപ്പാറ, കാറ്റാടിപ്പാറ, അഞ്ചുരുളി, കാല്‍വരിമൗണ്ട്, ഹില്‍വ്യു പാര്‍ക്ക്, ഇടുക്കി പാര്‍ക്ക്, തൊടുപുഴ മലങ്കര ഡാം, തൊമ്മന്‍കുത്ത് തുടങ്ങിയ സ്ഥലങ്ങളും വിനോദസഞ്ചരികളെ ആകര്‍ഷിക്കുന്നു.

മൂന്നാറിന്റെ തേയിലയും, വണ്ടന്‍മേടിന്റെ ഏലവും, കുമളിയുടെ കാപ്പിതോട്ടങ്ങളും, പീരുമേട് മുതല്‍ തൊടുപുഴ വരെ നീളുന്ന കുരുമുളകും ഇടുക്കിയെ സുഗന്ധവ്യഞ്ജനങ്ങളുടെ കൂടി കലവറയാക്കി.

എന്നാല്‍ വിനോദസഞ്ചാരികളുടെ അശ്രദ്ധയും അമിതാവേശവും ഇടുക്കിയുടെ ഗ്രാമീണഭംഗിയില്‍ വീഴ്ത്തുന്ന വിള്ളലുകള്‍ ചെറുതല്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത സഞ്ചാരികളില്‍ ഏറിയപങ്കും തുടരുകയാണ്.

ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ അഞ്ചുരളി, രാമക്കല്‍മേട് തുടങ്ങിയിടത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നു. പ്രകൃതിഭംഗി ആസ്വദിക്കാനാനെത്തുന്നവര്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുകയാണ്.

തേക്കടി വന്യജീവി സങ്കേതത്തില്‍ ചത്ത മാനിന്റെയും, കുരങ്ങിന്റെയുമൊക്കെ വയറ്റില്‍ നിന്നും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ കിട്ടാറുണ്ടെന്നതും കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ഇടുക്കിയിലെ മാത്രമല്ല കേരളത്തിന്റെ തന്നെ ഇക്കോടൂറിസം അപകടകരമായ രീതിയിലാണ് മുന്‍പോട്ട് പോകുന്നത് എന്ന് വ്യക്തമായ സൂചന ഈ സംഭവങ്ങള്‍ നല്‍കുന്നു.

മലയോര നാടിന്റെ ഭംഗി എന്നെന്നും നിലനിര്‍ത്താന്‍ അധികൃതര്‍ക്കൊപ്പം സഞ്ചാരികളും അതീവശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുതന്നെ പറയാം.

വീതി കുറഞ്ഞതും, അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതുമായ റോഡുകളാണ് മറ്റൊരു വെല്ലുവിളി. പൂപ്പാറ, മൂന്നാര്‍, കട്ടപ്പന, തേക്കടി റോഡുകളില്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍ പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

നെടുംകണ്ടം ഭാഗത്തേയ്കുള്ള എളുപ്പമാര്‍ഗമായ ഇരട്ടയാര്‍ എഴുകുംവയല്‍ റോഡ് വര്‍ഷങ്ങളായി ശാപമോഷം കാത്തു കഴിയുകയാണ്. ഇത്തരം പ്രതിസന്ധികള്‍ ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വെല്ലുവിളിയാണ്.

കേരളത്തിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറും, ചന്ദനമരങ്ങളുടെ നാടായ മറയൂരും, രാമക്കല്‍മേടും, കുട്ടിക്കാനവും എല്ലാം ചേര്‍ന്ന് കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി ഒരു സ്വര്‍ഗീയഭൂമിയായി തുടരാന്‍ ചില ശ്രദ്ധകള്‍ നമുക്കും ചെലുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here