ഗുജറാത്ത് മുഖ്യമന്ത്രിയെന്ന മനോഭാവത്തില്‍ തുടരുകയാണ് മോദിയെന്ന് സീതാറാം യെച്ചൂരി; കേരളത്തോട് കേന്ദ്രം കാണിക്കുന്നത് രാഷ്ട്രീയവിവേചനം

ദില്ലി: ഓഖി ദുരന്തമുണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ വിളിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര നേതൃത്വം.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ മനോഭാവത്തില്‍ നിന്നും മാറാന്‍ കഴിയാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാന്‍ നരേന്ദ്രമോദി തയ്യാറാകാത്തതെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. കേരളത്തിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണ് ബിജെപിയെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു.

ദക്ഷിണേന്ത്യ നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിട്ടും മോദി കേരള മുഖ്യമന്ത്രിയെ വിളിക്കാതെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി മാത്രം ആശയവിനിമയം നടത്തിയത് വലിയ വിവാദമായിരുന്നു.

കേരളത്തോട് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും കാണിക്കുന്ന രാഷ്ട്രിയ വിവേചനമാണിതെന്ന് സിപിഐഎം വിമര്‍ശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന മനോഭാവത്തില്‍ തുടരുകയാണ് മോദി. അതാണ് ദുരന്തമുണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ വിളിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും യെച്ചൂരി ചൂണ്ടികാട്ടി.

കേരളത്തിനെതിരേയും സിപിഐഎമ്മിനെതിരെയും നേരത്തെ തന്നെ ബിജെപി അപവാദങ്ങള്‍ പ്രചാരണങ്ങള്‍ നടത്തുകയാണ്. രാഷ്ട്രിയമായുള്ള എതിര്‍പ്പ് ദുരന്തത്തിലും കാണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here