ഓഖി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം; ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി; കേന്ദ്രത്തോട് പ്രത്യേകപാക്കേജ് ആവശ്യപ്പെടും; മുഖ്യമന്ത്രി നാളെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം.

മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും യോഗത്തില്‍ തീരുമാനമായി. മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നല്‍കുക. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.

ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ 2000 രൂപവീതം നല്‍കും. ഓരോ ദിവസവും മുതിര്‍ന്നവര്‍ക്ക് 60 രൂപവീതവും കുട്ടികള്‍ക്ക് 45 രൂപവീതവും നല്‍കുന്നതിന് പകരമായാണ് ഇത്.

ദുരിതം നേരിടാന്‍ കേന്ദ്രത്തോട് പ്രത്യേകപാക്കേജ് ആവശ്യപ്പെടും. ഇക്കാര്യം സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കാണും.

ആശ്വാസ പ്രവര്‍ത്തനത്തിന് യോജിച്ച് നീങ്ങാനും യോഗം തീരുമാനിച്ചു. ഓഖി ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചു.

ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരോടും പാര്‍ട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചു.

ദുരന്തം കാരണം മാനസികാഘാതം നേരിട്ട കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സലിങ് നല്‍കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നടപ്പാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വാര്‍ഷിക പരീക്ഷ നേരിടാന്‍ പ്രത്യേക കോച്ചിങ് നല്‍കും.

ദുരന്തത്തില്‍ ഇതുവരെ 38 പേരാണ് മരിച്ചത്. അവരില്‍ 19 പേരെ തിരിച്ചറിഞ്ഞു. 96 പേരെയാണ് കാണാനില്ലാത്തത്. ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ചുഴലിയുടെ മുന്നറിയിപ്പ് നവംബര്‍ 30ന് 12 മണിക്ക് മാത്രമാണ് സര്‍ക്കാരിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി. അതിന് മുമ്പ് ലഭിച്ച ഒരു മുന്നറിയിപ്പിലും ചുഴലിയുടെ സൂചനയില്ലായിരുന്നു. ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്നു മുന്നറിയിപ്പ് ലഭിച്ചത് 30ന് രാവിലെ 8.30ന് മാത്രമാണ്.

ചുഴലി മുന്നറിയിപ്പ് ലഭിച്ചശേഷം ഒരു നിമിഷം പോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, പ്രതിരോധ വിഭാഗങ്ങള്‍ എന്നിവയുമായി ജോയിച്ച് നല്ല ഏകോപനത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, തോമസ് ഐസക്, കെ.കെ. ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എം.പി.മാരായ ശശിതരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.എല്‍.എമാരായ എ.കെ. ശശീന്ദ്രന്‍, ഒ. രാജഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരും കെ.എസ്. ഹംസ (മുസ്ലീം ലീഗ്) ജമീല പ്രകാശം, എ.എ. അസീസ്, വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here