തിരുവനന്തപുരം: ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്ന് നടന്‍ പ്രകാശ് രാജ്. ഇവിടെ എത്തുമ്പോഴാണ് തനിക്ക് കൂടുതല്‍ സന്തോഷം തോന്നുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് പ്രകാശ് രാജിന്റെ പ്രസ്താവന.
‘എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല ഞാന്‍ കേരളത്തിലേക്ക് വന്നത്. അങ്ങനെ വരേണ്ട കാര്യവുമില്ല. ഇവിടെ ഒന്നിനും സെന്‍സറിംഗ് ഇല്ല.’ ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണിതെന്നും പ്രകാശ് രാജ് പറഞ്ഞു.
‘ഇന്ന് എല്ലാ എതിര്‍ശബ്ദങ്ങളും നിശബ്ദമാക്കപ്പെടുകയാണ്. ഓരോ നിശബ്ദതയ്ക്കും പകരമായി കൂടുതല്‍ ഉറക്കെ ശബ്ദങ്ങള്‍ പിറവിയെടുക്കുന്നുണ്ട്. അവരെന്നെ ഭീഷണിപ്പെടുത്തുകയാണ്. ഞാനവരോട് ഉറക്കെ ചിരിക്കുന്നു. അവരെന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഞാന്‍ പാടിക്കൊണ്ടിരുന്നു.’ പ്രകാശ് രാജ് പറഞ്ഞു.
താന്‍ ഇനിയും സംസാരിക്കുമെന്നും തെറ്റിനെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘അവര്‍ക്ക് എസ് ദുര്‍ഗ എന്ന സിനിമയെക്കുറിച്ച് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് ദുര്‍ഗ വൈന്‍ പാര്‍ലറിനെ കുറിച്ച് പ്രശ്‌നങ്ങളൊന്നും ഇല്ല. ഹിറ്റ്‌ലറുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയുടെ നിര്‍മ്മാണം വരെ തടയുന്നത് ഭയാനകമാണ്. പുതുതലമുറയിലുള്ളവര്‍ക്ക് ചിന്ത പോലും പേടി ജനിപ്പിക്കുന്നതാക്കുകയാണ് ഇത്തരക്കാരുടെ ശ്രമമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Get real time update about this post categories directly on your device, subscribe now.