
അഹമ്മദാബാദ്: ഗുജറാത്തിലെ 89 മണ്ഡലങ്ങളിലെ ജനം ഇന്ന് വിധിയെഴുതുന്നു. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 20 ജില്ലയിലെ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.
മുഖ്യമന്ത്രി വിജയ് രുപാനി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതുവാഗാനി, കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കളായ ശക്തിസിങ് ഗോഹില്‍, അര്‍ജുന്‍ മോദ്വാഡിയ ഉള്‍പ്പെടെ 977 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
11 ജില്ലയിലുള്ള സൗരാഷ്ട്ര മേഖലയിലും രാജ്യത്തെ വലിയ ജില്ലയായ കച്ചിലും പരമാവധി സീറ്റുകള്‍ നേടുന്നവര്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
സൗരാഷ്ട്രയിലും കച്ചിലുമായി 54 സീറ്റും ദക്ഷിണഗുജറാത്തില്‍ 35 സീറ്റുമാണുള്ളത്. രാജ്‌കോട്ട്, ജുനഗഢ്, അംറേലി, മോര്‍ബി, സുരേന്ദ്രനഗര്‍ തുടങ്ങിയ ജില്ലകളും ശനിയാഴച പോളിങ്ബൂത്തിലെത്തും.
24,689 പോളിങ് ബൂത്തിലായി ഇവിഎം സംവിധാനമുള്ള 27,158 വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. സൗരാഷ്ട്രയില്‍ പട്ടീദാര്‍ വിഭാഗത്തില്‍ നിന്നുയരുന്ന കടുത്ത വെല്ലുവിളിയെ ബിജെപി അതിജീവിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
രാജ്യത്തെ വ്യാപാരമേഖലയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന സൂറത്തിലെ 12 സീറ്റിലെ ജനവിധി ജിഎസ്ടി, നോട്ട്‌നിരോധനം തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ കൂടി പൊതുവിലയിരുത്തലാകും.
ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍മാത്രം ശേഷിക്കെയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയതെന്നത് കൗതുകകരമാണ്. മധ്യ, വടക്കന്‍ ഗുജറാത്തില്‍ 14നാണ് തെരഞ്ഞെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here