കല്യാണ തേന്‍നിലാ; പുലര്‍മഞ്ഞിന്റെ മനോഹാരിതയാര്‍ന്ന ഒരു ഷോര്‍ട്ട്‌ ഫിലിം

പച്ചിലച്ചാര്‍ത്ത്‌ നിറഞ്ഞ ഇടവഴിയിലൂടെ നടന്ന്‌ പാടത്തിന്റെ കരയിലെ കൈതക്കൂട്ടത്തിനരികിലെ കൈത്തോട്‌ കടന്ന്‌ എത്തുന്ന യക്ഷിക്കാവ്‌, വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ കാണുന്ന കല്‍വിളക്കിലെ നെയ്‌ത്തിരിവെളിച്ചം… ഇതുപോലെ നിഷ്‌കളങ്കവും അപൂര്‍വവുമായ അനുഭവമാണ്‌ കല്യാണ തേന്‍നിലാ എന്ന ഷോര്‍ട്ട്‌ ഫിലിം നല്‍കുന്നത്‌. ദുരൂഹതകളില്ലാതെ, അടിച്ചേല്‍പ്പിക്കുന്ന ആശയങ്ങളില്ലാതെ, തീവ്രപ്രണയത്തിന്റെ വേദനയും തീവ്രാനുരാഗത്തിന്റെ ആഘോഷങ്ങളുമില്ലാതെ യഥാര്‍ത്ഥ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാണ്‌ ഈ ചെറുചിത്രം. കൃഷ്‌ണകുമാര്‍ മേനോന്‍ സംവിധാനം ചെയ്‌ത ഈ ചെറുചിത്രം പുതുമകള്‍ കൊണ്ട്‌ സമ്പന്നമല്ലെങ്കിലും നമ്മുടെ കുടുംബാംന്തരീക്ഷത്തിന്റെ നൈര്‍മല്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ട്‌ എന്നതാണ്‌ മറ്റനേകം ചെറുചിത്രങ്ങളില്‍ എന്നതാണ്‌ കല്യാണ തേന്‍നിലായെ വ്യത്യസ്‌തമാക്കുന്നത്‌.

കടന്നുപോകുന്ന കഥാപരിസരങ്ങള്‍ സുപരിചിതമായി തോന്നുന്നത്‌ നമ്മുടെ വീടകങ്ങളിലെ സംഭവങ്ങള്‍ ആയതുകൊണ്ടാണ്‌. യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളാണ്‌ പ്രേക്ഷകരിലേയ്‌ക്ക്‌ വളരെ വേഗം എത്തിച്ചേരുക എന്ന തിരിച്ചറിവ്‌ സംവിധായകനുണ്ട്‌.

ലതികേഷ്‌ എന്നു പേരുള്ള ചെറുപ്പക്കാരന്റെ കുടുംബവും അവന്റെ സ്വപ്‌നങ്ങളുമാണ്‌ പ്രേമയം. അച്ഛന്‍, അമ്മ, അനുജത്തി, സുഹൃത്ത്‌, എന്തിനും ഒപ്പം നില്‍ക്കുന്ന രസികനായ അമ്മാവന്‍, ഇവരാണ്‌ കഥാപാത്രങ്ങള്‍. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കടന്നുപോകുന്ന രസകരമായ അനുഭവമാണ്‌ പെണ്ണുകാണല്‍ചടങ്ങ്‌. അപരിചിതരമായ രണ്ടു വ്യക്തികളുടെ ആദ്യകണ്ടുമുട്ടല്‍. ചിലപ്പോള്‍ ആ പരിചയം ആദ്യദര്‍ശനത്തില്‍ത്തന്നെ അവസാനിച്ചേക്കാം. മറ്റു ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ബന്ധമായി അതു മാറും.

ലതികേഷിന്റെ പെണ്ണുകാണല്‍ ഈ ചെറുചിത്രത്തിന്റെ കഥാസാഹചര്യം. ഫേസ്‌ബുക്കില്‍ സൗഹൃദങ്ങള്‍ തേടുന്ന രസികനായ ്‌അച്ഛനും വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന അമ്മയും സ്‌നേഹപ്പാരയുമായ ഏട്ടനു ചുറ്റും കറങ്ങുന്ന അനിയത്തിയും ലതികേഷിന്റെ കല്യാണക്കാര്യത്തില്‍ സജീവമാകുന്നതാണ്‌ തുടക്കം. സംഗീതവും കവിതയും ഇഷ്ടപ്പെടുന്ന ലതികേഷിന്‌ ഭാവിജീവിതത്തെക്കുറിച്ച്‌ വ്യക്തമായ കാഴ്‌പ്പാടും തീരുമാനങ്ങളുമുണ്ട്‌. പക്ഷേ അമ്മയുടെ നിര്‍ബന്ധത്തിനു മുന്നില്‍ കീഴടങ്ങി പെണ്ണുകാണാന്‍ പോകുന്ന ലതികേഷ്‌ ചെന്നെത്തുന്നത്‌ പ്രണയത്തിന്റെ തീരത്താണ്‌. എന്നാല്‍ പിന്നീടങ്ങോട്ട്‌ അപ്രതീക്ഷിത സംഭവങ്ങളുടെ വരവായി.

ദുരൂഹതകളില്ലാത്ത കഥാവിഷ്‌കാരം എന്ന നിഷ്‌കളങ്കതയും വിശുദ്ധിയും ചിത്രത്തിലുടനീളം കാത്തുസൂക്ഷിക്കാന്‍ സംവിധായകനായ കൃഷ്‌ണകുമാര്‍ മേനോന്‌ കഴിയുന്നുണ്ട്‌. അനാവശ്യ സംഭാഷണങ്ങളോ വ്യത്യസ്‌തതയ്‌ക്കു വേണ്ടിയുള്ള ആവിഷ്‌കരണ രീതികളോ അവംലബിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. കുടുംബാന്തരീക്ഷത്തിന്റെ ഊഷ്‌മളതയും സ്‌നേഹനിറവും അനുഭവിക്കാനാകും വിധം ലളിതമാണ്‌ പ്രമേയം.

കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത രീതിയിലും മികവ്‌ പുലര്‍ത്താനായിട്ടുണ്ട്‌. ലതികേഷിന്റെ അച്ഛനെ അവതരിപ്പിച്ച രാജ്‌മോഹന്‍ ഡേവിഡ്‌ ശ്രദ്ധേയ പ്രകടനം കാഴ്‌ചവെച്ചു. മാര്‍ഗരിറ്റ മേരിയാണ്‌ അമ്മയായി അഭിനയിച്ചത്‌. ചിത്രത്തിലെ സജീവസാന്നിധ്യവും മാര്‍ഗരിറ്റയാണ്‌.

നായകകഥാപാത്രമായ ലതികേഷിനെ അവതരിപ്പിക്കുന്നത്‌ ശിവകുമാര്‍ നായരാണ്‌. കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ശിവകുമാറിന്‌ കഴിഞ്ഞിട്ടുണ്ട്‌. ബിമല്‍ എസ്‌. പാറയില്‍, കണ്ണന്‍, പത്മ മേനോന്‍, നീതു സി. വള്ളിക്കാടന്‍ തുടങ്ങിയവരാണ്‌ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

സാങ്കേതികമികവ്‌ പുലര്‍ത്തുന്ന സോംഗ്‌ മിക്‌സിംഗും എഡിറ്റിംഗും ഛ്‌ായാഗ്രഹണവും എടുത്തു പറയേണ്ടതാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News