നേപ്പാളില്‍ ചരിത്രവിജയം നേടി കമ്യൂണിസ്റ്റ് സഖ്യം

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ്- പ്രവിശ്യാസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സഖ്യത്തിന് ചരിത്രവിജയം. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നത്.

ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങുകയാണ്. ദേശീയ പാര്‍ലമെന്റിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 165 സീറ്റില്‍ 52 സീറ്റിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 43 സീറ്റും കമ്യൂണിസ്റ്റ് പാര്‍ടി സഖ്യത്തിനാണ്. സിപിഎന്‍ യുഎംഎല്ലിന് 30 ഉം മാവോയിസ്റ്റ് സെന്ററിന് 13 ഉം സീറ്റ് ലഭിച്ചു.

നേപ്പാളി കോണ്‍ഗ്രസിന് ആറ് സീറ്റ് മാത്രമാണുള്ളത്. നൂറോളം സീറ്റിന്റെ ലീഡ് നില അറിഞ്ഞപ്പോള്‍ യുഎംഎല്‍ 54 സീറ്റിലും മാവോയിസ്റ്റ് സെന്റര്‍ 22 സീറ്റിലും മുന്നിലാണ്. നേപ്പാളി കോണ്‍ഗ്രസിന് 20 സീറ്റിലാണ് ലീഡ്. യുഎംഎല്‍ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ കെ പി ശര്‍മ ഓലി, മുന്‍ പ്രധാനമന്ത്രിയും യുഎംഎല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മാധവ്കുമാര്‍ നേപ്പാള്‍, മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പ്രചണ്ഡ എന്നിവരെല്ലാം വന്‍ ലീഡ് നേടിയിട്ടുണ്ട്.

ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 110 സീറ്റിലും കമ്യൂണിസ്റ്റ് പാര്‍ടി സഖ്യത്തിനായിരിക്കും മുന്‍തൂക്കം. ഏഴ് പ്രവിശ്യാസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് സഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

കാഠ്മണ്ഡു ജില്ലയിലെ 10 പാര്‍ലമെന്ററി സീറ്റില്‍ മൂന്നെണ്ണത്തില്‍ സിപിഎന്‍- യുഎംഎല്‍ ആണ് വിജയിച്ചത്. എന്‍സി രണ്ട് സീറ്റിലൊതുങ്ങി. മുതിര്‍ന്ന എന്‍സി നേതാവുംമുന്‍ ഉപപ്രധാനമന്ത്രിയുമായ പ്രകാശ് മാന്‍ സിങ്ങ് നേരിയ വോട്ട് വ്യത്യാസത്തില്‍ ഇവിടെ ജയിച്ചു.

ഇടതുസഖ്യകക്ഷി സ്ഥാനാര്‍ത്ഥികളായ കൃഷ്ണകുമാര്‍ റായ്, ജീവന്‍ റാം ഭണ്ഡാരി, കൃഷ്ണഗോപാല്‍ ശ്രേഷ്ഠ എന്നിവര്‍ യഥാക്രമം കാഠ്മണ്ഡു 3, കാഠ്മണ്ഡു 8, കാഠ്മണ്ഡു 9 മണ്ഡലങ്ങളില്‍ എന്‍സി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചു. നിലവിലെ വാര്‍ത്താവിനിമയമന്ത്രി ശേഖര്‍ കൊയ്രാളയ്ക്ക് മൊറാങ് 6 മണ്ഡലത്തില്‍ സിപിഎന്‍-യുഎംഎല്ലിനോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

പ്രവിശ്യാസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിലെ 35 സീറ്റ് നേടിയ സിപിഎന്‍-യുഎംഎല്‍ 89 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. മാവോയിസ്റ്റ് സെന്റര്‍ 12 സീറ്റില്‍ വിജയിക്കുകയും 52 സീറ്റില്‍ ലീഡ് നേടുകയും ചെയ്തു.

എന്‍സി ഏഴ് സീറ്റിലൊതുങ്ങി. നവംബര്‍ 26നും ഡിസംബര്‍ ഏഴിനുമായി രണ്ടുഘട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബാണ് യുഎംഎല്ലും മാവോയിസ്റ്റ് സെന്ററും കൈകോര്‍ത്തത്. തെരഞ്ഞെടുപ്പിനുശേഷം ഒറ്റപാര്‍ടിയാകുമെന്നും ഇരു കമ്യൂണിസ്റ്റ് പാര്‍ടികളും പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here