ഫ്ളാഷ്മോബ് വിവാദം: ഗോൾവൾക്കർ-മൗദുദീ പ്രത്യയശാസ്ത്രങ്ങള്‍ ഒരുപോലെ; എം.ബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഫ്‌ളാഷ്‌മോബ് വിവാദം. ഗോള്‍വള്‍ക്കര്‍-മൗദുദീ പ്രത്യയശാസ്ത്രങ്ങള്‍ ഒരുപോലെയെന്ന് സൂചിപ്പിച്ച് എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറത്തെ ഫ്‌ളാഷ് മോബ് ചെയ്ത പെൺകുട്ടികളുടെയും അവരെ പിന്തുണച്ച് അഭിപ്രായ പ്രകടനം നടത്തിയ സൂരജിന്റെയും നേർക്ക് ഇസ്ലാമിക മതമൗലിക-വർഗ്ഗീയ ശക്തികൾ തെറി വിളിയും ഭീഷണികളുമായി ഉറഞ്ഞു തുള്ളുകയാണല്ലോ.

ഇതേ മതമൗലിക വർഗ്ഗീയ ശക്തികൾ തന്നെ മറ്റ് സന്ദർഭങ്ങളിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശത്തിന്റെയും വക്താക്കൾ ചമഞ്ഞ് പ്രത്യക്ഷപ്പെടാറുണ്ട്. പ്രതികൾ സംഘപരിവാറാകുമ്പോൾ ഇവർ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വക്താക്കൾ. സംഘപരിവാറിന്റെ നിലയും സമാനമാണ്.

പ്രതിക്കൂട്ടിൽ ഇസ്ലാമിക വർഗ്ഗീയ ശക്തികളാണെങ്കിൽ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം ഉളുപ്പില്ലാതെ അവർ വാചാലരാകും. മത നിരപേക്ഷവാദികളോട് ”ഇപ്പോഴെങ്ങനെയുണ്ട്” എന്ന മട്ടിൽ ആഹ്ലാദ
ഭരിതരായി അവരെ ഭർത്സിക്കും.

അപ്പോഴും വ്യക്തി സ്വാതന്ത്ര്യനിഷേധത്തെക്കാൾ അവരുടെ ഉന്നം മതനിരപേക്ഷവാദികളെയാണ്. തങ്ങൾക്ക് യോജിപ്പില്ലാത്ത എല്ലാറ്റിനോടും ഇരു കൂട്ടരും ഒരേ സമീപനം പുലർത്തുന്നവരാണ്. എതിർപ്പിന്റെ രീതിയിലും ഉപയോഗിക്കുന്ന തെറി വാക്കുകളിലും തികഞ്ഞ സാദൃശ്യം.

മതമൗലികവാദവർഗ്ഗീയ ശക്തികൾ ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും ഏകോദരസഹോദരങ്ങളും ഒരേ തൂവൽ പക്ഷികളുമാണ്.

സ്ത്രീസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, ആവിഷ്‌കാരത്തിനുള്ള അവകാശം, എന്നിവയോടെല്ലാമുള്ള ശത്രുതയിലും ഇവർക്ക് ഇരുകൂട്ടർക്കും ഒരൊറ്റ നിലപാടെയുള്ളൂ. സദാചാര സംരക്ഷണ സഹകരണ സംഘമായി ഭിന്നതകൾ മറന്ന് വടി എടുത്ത് കവാത്ത് നടത്തിയതും നാം കണ്ടിട്ടുണ്ടല്ലോ.

മലപ്പുറത്തെ ഫ്‌ളാഷ് മോബ് എയിഡ്‌സ് ബോധവത്കരണത്തിനായി സംഘടിപ്പിച്ചതായിരുന്നു. ഒരു സാമൂഹ്യ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു കുട്ടികൾ ആടിയതും പാടിയതും. ആ കുട്ടികളെയാണ് മതമൗലികതയുടെ മനോരോഗം ബാധിച്ചവർ ക്രൂരമായി കല്ലെറിയുന്നത്.

അതിനെതിരായും കുട്ടികളെ പിന്തുണച്ചും രംഗത്തുവന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് സൂരജിനെതിരായിട്ടുള്ള ഭീഷണികൾ നിന്ദ്യവും അപലപനീയവുമാണ്. പെരുമാൾ മുരുഗൻ മുതൽ കമൽഹാസൻ വരെ ഉള്ളവരോട് ചെയ്തതിൽ നിന്ന് ഇതിനെന്ത് വ്യത്യാസം? കൽബുർഗ്ഗി മുതൽ ഗൗരി ലങ്കേഷ് വരെ ഉള്ളവരെ, ഭിന്ന നിലപാട് പുലർത്തിയതിന്റെ പേരിൽ കൊന്നുതള്ളിയവരിൽ നിന്ന് ഇക്കൂട്ടർ എവിടെയാണ് വേറിട്ട് നിൽക്കുന്നത്? ഒരു കൂട്ടർ ഭരണകൂട അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ കുഴിച്ച് മൂടുന്നു.

അധികാരമില്ലാത്ത മറ്റേ കൂട്ടർ വർഗ്ഗീയ ഹുങ്കുപയോഗിച്ച് അത് തന്നെ ചെയ്യുന്നു. അവർ ചെയ്യുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ എന്ന് അധികാരമേറിയ വർഗ്ഗീയവാദികൾക്ക് ന്യായം ചമക്കാൻ അവസരമൊരുക്കികൊടുക്കുന്നു. (അധികാരത്തിന്റെ ബലത്തിൽ ചെയ്യുന്നതും അല്ലാതെ ചെയ്യുന്നതും തമ്മിൽ മൗലികമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഫലത്തിൽ ഫാസിസ്റ്റ് പ്രവണതകൾക്ക് ഇന്ധനമാകുന്നു).

മലപ്പുറത്ത് ഫ്‌ളാഷ് മോബ് വിവാദം മുതൽ സൂരജിനെതിരായിട്ടുള്ള കടന്നാക്രമണം വരെയുള്ള ഇസ്ലാമിക്ക് വർഗ്ഗീയ വാദികളുടെ ഒടുവിലത്തെ അഴിഞ്ഞാട്ടം സന്തോഷിപ്പിക്കുന്നത് സംഘപരിവാറിനെ മാത്രമാണ്.

താരതമ്യം നടത്തി സ്വയം സ്യായീകരിക്കാൻ അവർക്കത് അവസരം നൽകുന്നു. എന്നാൽ ആത്യന്തികമായി ഇരുകൂട്ടരും മതനിരപേക്ഷ മൂല്യങ്ങൾക്കും വിയോജിക്കാനുള്ള അവകാശത്തിനും തെല്ലും വിലകൽപ്പിക്കുന്നവരല്ല എന്നതാണ് വസ്തുത.

ഇന്ത്യയിൽ ഇസ്ലാമിക വർഗ്ഗീയതയ്ക്ക് ഒരിക്കലും അധികാരമേറാനും അതുവഴി ഫാസിസമാക്കാനും കഴിയില്ലെങ്കിലും അധികാരമുള്ള രാജ്യങ്ങളില്ലെല്ലാം അവർ ചെയ്യുന്നതും ഇവരിൽ നിന്ന് ഭിന്നമല്ല. മതനിരപേക്ഷത, ജനാധിപത്യം എന്നീ ആശയങ്ങളെ ഒരു പോലെ തള്ളിപറഞ്ഞവരാണ് ഗോൾവൾക്കർ-മൗദുദീയെന്നോർക്കണം.

സ്ത്രീകൾ വീട്ടിലിരിക്കേണ്ടവരാണ് എന്നതിലും ഇരുകൂട്ടർക്കും തർക്കങ്ങൾ ഒന്നുമില്ല. മലപ്പുറം ഫ്‌ളാഷ് മോബിനെ കുറിച്ചുള്ള ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത എം.എസ്.എഫിന്റെ വനിതാ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയ ശരിയായി ചോദിച്ചത് പോലെ സിനിമയിൽ ഫഹദ് ഫാസിലും, പുറത്ത് മുസ്ലിം പുരുഷന്മാരും ആടുകയും പാടുകയും ചെയ്യുമ്പോഴൊന്നും ഇല്ലാത്ത അസഹിഷ്ണുത എന്തെ മലപ്പുറത്തെ കുട്ടികളുടെ മാത്രം കാര്യത്തിൽ? അത് പെൺകുട്ടികളാണെന്നതുതന്നെ കാരണം.

ഫ്‌ളാഷ് മോബ് വിവാദത്തിലും സൂരജിനെതിരായ ആക്രമണത്തിലും, വർഗ്ഗീയ ശക്തികൾക്കെതിരെ മുഹമ്മദ് റിയാസിനെ പോലുള്ള ഡി,വൈ.എഫ്.ഐ. നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ സ്വാഭാവികവും പ്രതീക്ഷിച്ചതുമാണ്. എന്നാൽ സമുദായത്തിനകത്ത് നിന്ന് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഇടയിൽ നിന്ന് എതിർ ശബ്ദങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഉയർന്നു എന്നത് ശ്രദ്ധേയമായിരുന്നു.

ഈ ജനവികാരം തിരിച്ചറിയുന്നതിന്റെ പ്രതിഫലനമാകണം എം.എസ്.എഫിന്റെ വനിതാ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയ, യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് എന്നിവർ പ്രകടിപ്പിച്ച പ്രതികരണങ്ങൾ. രണ്ടും സ്വാഗതാർഹവും, അഭിനന്ദനാർഹവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here