ടോം ജോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വിജിലന്‍സ്; കുടുംബപരമായ സ്വത്തുണ്ടെന്ന് അന്വേഷണറിപ്പോര്‍ട്ട്; തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും പരാമര്‍ശം

കൊച്ചി: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വിജിലന്‍സ്. ടോം ജോസിന് കുടുംബപരമായ സ്വത്തുണ്ടെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ കേസില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് കാണിച്ച് വിജിലന്‍സ്, മൂവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് ടോം ജോസിനെതിരെ പരാതി നല്‍കിയത്. ടോം ജോസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നുമായിരുന്നു പരാതിയിലെ ആരോപണങ്ങള്‍.

വിജിലന്‍സ് എറണാകുളം സ്‌പെഷല്‍ സെല്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ 1 കോടി 19 ലക്ഷം രൂപ ടോം ജോസ് അനധികൃതമായി സമ്പാദിച്ചുവെന്ന് കണ്ടെത്തി. ഇതെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ടോം ജോസിന്റെ മൊഴിയെടുത്തു.

തനിക്ക് ഭാര്യാ പിതാവില്‍ നിന്നും കുടുംബ സുഹൃത്തില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപം ഒരു സാമ്പത്തിക സ്രോതസ്സാണെന്നുമായിരുന്നു ടോം ജോസിന്റെ വിശദീകരണം. വിജിലന്‍സിന്റെ വിശദമായ പരിശോധനയില്‍ ടോം ജോസിന്റെ വിശദീകരണം കൃത്യമാണ് എന്ന് കണ്ടെത്തി.

അതിനാല്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി. വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ട് കോടതി പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here