പ്രമുഖരുടെ സാന്നിധ്യവും വൈകാരിക നിമിഷങ്ങളും; ശ്രദ്ധേയമായി ജ്വാല പുരസ്‌കാരദാന ചടങ്ങ്

തൃശൂര്‍: പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ഒട്ടേറെ വൈകാരിക നിമിഷങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു കൈരളി ടിവി ജ്വാല പുരസ്‌കാര ദാന ചടങ്ങ്.

സിനിമയില്‍ വരുന്നതിന് മുമ്പ് കൊച്ചിയില്‍ ബൂട്ടീക് തുടങ്ങിയ അനുഭവം മമ്മൂട്ടി പങ്കുവെച്ചത് സദസ്സിന് കൗതുകമായി. പുരസ്‌കാരം നേടിയ യാസ്മിന്‍ നടത്തുന്ന ശാരീരിക വിഷമതകളുള്ളവരെ സഹായിക്കുന്ന സ്ഥാപനത്തിന് മമ്മൂട്ടിയുടെ ആവശ്യപ്രകാരം കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ടി.എസ് കല്യാണരാമന്‍ ധനസഹായം നല്‍കി.

മികച്ച സാമൂഹികോന്മുഖ യുവ സംരംഭകയ്ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങവേ ബധിര മൂക വിദ്യാര്‍ത്ഥികള്‍ക്കായി താന്‍ നടത്തുന്ന സ്ഥാപനത്തെ കുറിച്ച് യാസ്മിന്‍ പരാമര്‍ശിച്ചു.

യാസ്മിന്റെ ഉദ്യമത്തെ സമൂഹം പിന്തുണയ്ക്കണം എന്നഭ്യര്‍ത്ഥിച്ച മമ്മൂട്ടി വേദിയിലുണ്ടായിരുന്ന വ്യവസായ പ്രമുഖരുടെ ശ്രദ്ധയില്‍ ഇത് പെടുത്തി. മമ്മൂട്ടിയ്ക്കടുത്ത് വന്ന കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ടി.എസ് കല്യാണരാമന്‍ അഞ്ചു ലക്ഷം രൂപ സ്ഥാപനത്തിന് നല്‍കുമെന്നറിയിച്ചു.

മുപ്പത് വര്‍ഷം മുമ്പ് തന്റെ അമ്മ ആരംഭിച്ച ബൂട്ടിക് മമ്മൂട്ടി ഉദ്ഘാടനം ചെയ്ത കാര്യം ശാലിനി ജയിംസ് വേദിയില്‍ വച്ച് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ സിനിമയില്‍ വരുന്നതിന് മുമ്പ് താനും ഒരു ബൂട്ടിക് നടത്തിയ അനുഭവം മമ്മൂട്ടി പങ്കുവെച്ചു.

ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് മകള്‍ പ്രസവിച്ച വിവരം മേയര്‍ അജിത ജയരാജന്റെ ഫോണിലെത്തിയത്. കുട്ടിയെ ചടങ്ങിന്റെ ഐശ്വര്യം എന്നാണ് മമ്മൂട്ടി വിശേഷിപ്പിച്ചത്. ചടങ്ങിനെത്തിയ ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ആശംസ സദസ്സിന്റെ കയ്യടി നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News