‘നായിന്റെ ഹൃദയം’ നാളെ; നായകനായി രാമചന്ദ്രന്‍ മൊകേരി

റഷ്യന്‍ നോവലിസ്റ്റ് മിഖായേല്‍ ബള്‍ഗാക്കോവിന്റെ വിശ്വ വിഖ്യാതമായ നോവലാണ് ‘ഹാര്‍ട്ട് ഓഫ് എ ഡോഗ് ‘. 1925ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ റഷ്യയില്‍ സ്റ്റാലിസ്റ്റ് കാലത്തെ സംബന്ധിച്ച് ലോകത്ത് പലമാതിരി ചര്‍ച്ചയ്ക്ക് വഴിവെച്ച പുസ്തകങ്ങളില്‍ ഒന്നാണ്.

നോവലിനെക്കുറിച്ച് നിരവധി നാടകാവിഷ്‌ക്കാരങ്ങളും വേറെ തന്നെ നോവലുകളും അമേരിക്കയില്‍ ഉള്‍പ്പെടെ ചലച്ചിത്രാവിഷ്‌കാരങ്ങളും ഉണ്ടായിട്ടുണ്ട്. കെപി ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്ത ‘നായിന്റെ ഹൃദയ’വും ആ നിരകളിലേക്ക് പ്രവേശിച്ച് ബള്‍ഗാക്കോവിനെ വ്യത്യസ്തമായി വായിക്കാനുള്ള ശ്രമമാണ്.

ഒരു ശാസ്ത്രഞ്ജന്‍ അയാളുടെ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഒരു നായയെ ഉപയോഗിക്കുന്നതാണ് സിനിമ. അത് എങ്ങനെയാണ് ഒരു സാമൂഹിക കുറ്റകൃത്യം ആയി മാറുന്നത് എന്നാണ് ചിത്രം പറയുന്നത്.

കേരളത്തിലെ നിരവധി ബദല്‍ നാടക അരങ്ങുകളുടെ നായകനായ രാമചന്ദ്രന്‍ മൊകേരിയാണ് സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാനിലൂടെയും ചിന്ത രവീന്ദ്രന്റെ ഒരേ തൂവല്‍ പക്ഷികളിലൂടെയും മലയാളിക്ക് ചലച്ചിത്രമേളകളിലും സുപരിചിതനായ മൊകേരി മാഷ് കാലങ്ങള്‍ക്ക് ശേഷം വീണ്ടും പുതിയൊരു സിനിമയുമായി എത്തിയിരിക്കുകയാണ്.

സിനിമയുടെ മുഖ്യ ആകര്‍ഷണമായി ഉറ്റുനോക്കപ്പെടുന്നത് രാമചന്ദ്രന്‍ മൊകേരിയുടെ സാന്നിധ്യമാണ്.

കെ പി ശ്രീകൃഷ്ണന്റെ രണ്ടാമത്തെ ചിത്രമാണ് നായിന്റെ ഹൃദയം. 2011ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മറുപാതൈയാണ് ആദ്യത്തേത്. മലയാള സിനിമ ഇന്ന് എന്ന പാക്കേജിലാണ് നായിന്റെ ഹൃദയം കേരള ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel