ലൈംഗിക അതിക്രമം: സൈറയോട് ചോദ്യങ്ങളുമായി പ്രതിയുടെ ഭാര്യ ദിവ്യ

ലൈംഗിക അതിക്രമക്കേസില്‍ നടി സൈറ വസീമിനെതിരെ, അറസ്റ്റിലായ വികാസ് സച്ച്‌ദേവിന്റെ ഭാര്യ ദിവ്യ രംഗത്ത്. അടിസ്ഥാനരഹിതമായ ആരോപണമാണ് സൈറ ഉന്നയിക്കുന്നതെന്നും പൊതുജനമധ്യത്തില്‍ ആളാവാന്‍ വേണ്ടിയാണ് സൈറയുടെ ശ്രമമെന്നും ദിവ്യ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ദിവ്യ ഇക്കാര്യം പറഞ്ഞത്.

ദിവ്യ പറയുന്നത് ഇങ്ങനെ: ‘അമ്മാവന്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ദില്ലിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു. അദ്ദേഹം ആകെ ക്ഷീണിതനായിരുന്നു. ഉറക്കം വന്നതിനെ തുടര്‍ന്ന് ഒരു ബ്ലാങ്കറ്റ് ആവശ്യപ്പെട്ടു. സൈറയുടെ പ്രതികരണം കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പൊലീസ് എന്റെ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.’

‘ലൈംഗിക അതിക്രമം ഉണ്ടായെങ്കില്‍ എന്തുകൊണ്ടാണ് സംഭവസ്ഥലത്ത് വച്ച് തന്നെ സൈറ പ്രതികരിക്കാതിരുന്നത്? രണ്ട് മണിക്കൂറിന് ശേഷം മാത്രം അവര്‍ പ്രതികരിച്ചത് എന്തുകൊണ്ടാണ്? സൈറയുടെ അമ്മയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളും അപ്പോള്‍ ഒച്ചയെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?’-ദിവ്യ ചോദിക്കുന്നു.

‘മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ഞങ്ങളുടെ കുടുബം. ഒന്‍പത് വയസായ കുട്ടിയുണ്ട് ഞങ്ങള്‍ക്ക്. വികാസിന് ഒരിക്കലും ഒരു സ്ത്രീയോടും മോശമായി പെരുമാറാന്‍ സാധിക്കില്ല.’- ദിവ്യ വ്യക്തമാക്കി.

അതേസമയം, വികാസ് സച്‌ദേവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അനില്‍ കുംഭാരെ അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ദില്ലിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. പിന്നിലിരുന്ന വികാസ് തന്റെ കാല്‍ ഉപയോഗിച്ച് സൈറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെയാണ് സംഭവം.

ഉറക്കത്തിലായിരുന്ന താന്‍ ഞെട്ടിയുണര്‍ന്നപ്പോഴാണ് വികാസിന്റെ കാല്‍ കാണാന്‍ കഴിഞ്ഞതെന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സൈറ വെളിപ്പെടുത്തി. കരഞ്ഞുകൊണ്ടാണ് നടി സംഭവങ്ങള്‍ വിശദീകരിച്ചത്.

വീഡിയോ ശ്രദ്ധയില്‍പെട്ടതായും പീഡനത്തിനു ശ്രമിച്ചയാളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എയര്‍ വിസ്താര അറിയിച്ചു. അക്രമിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചെങ്കിലും മങ്ങിയ വെളിച്ചമായതിനാല്‍ ഇതിനും സാധിച്ചില്ല. ഇത്തരം സംഭവം വച്ചുപൊറുപ്പിക്കില്ലെന്നും സൈറയ്ക്ക് എല്ലാം പിന്തുണയും നല്‍കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി. പത്തുമിനിറ്റ് നേരം അക്രമം തുടര്‍ന്നുവെന്നും സൈറ വീഡിയോയില്‍ പറയുന്നു.

വീഡിയോ വൈറലായതോടെ പ്രശ്‌നത്തില്‍ ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും എയര്‍ വിസ്താരയോട് വിശദീകരണം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News