സ്വന്തം കഴിവ് കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കണം; മോദിയുടെ ആരോപണത്തെ പരിഹസിച്ച് പാക്കിസ്ഥാന്‍

ദില്ലി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തെ പരിഹസിച്ച് പാക്കിസ്ഥാന്‍ രംഗത്ത്. പാക്കിസ്ഥാനെ വിവാദങ്ങളിലേയക്ക് വലിച്ചിഴക്കാതെ സ്വന്തം കഴിവ് കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യവക്താവ് അറിയിച്ചു.

പ്രധാനമന്ത്രിയായ ഉടന്‍ പാക്കിസ്ഥാനില്‍ എത്തി ചായ കുടിച്ച മോദിയാണ് ഇപ്പോള്‍ അനാവശ്യ ആരോപണം ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

ബീഹാറില്‍ ബിജെപി തോറ്റാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന വിവാദ പ്രസ്താവന 2015ലെ ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ഏറെ അപഹസിക്കപ്പെട്ട ആ പ്രസ്താവനയ്ക്ക് ശേഷം ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് സമാനമായ മറ്റൊരു ആരോപണം ഏറെ വിവാദമായിട്ടുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നു. അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. മണി ശങ്കര്‍ അയ്യര്‍ പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി തുടങ്ങിയ ആരോപണങ്ങളാണ് മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്.

എന്നാല്‍ ആരോപണങ്ങളെ പരിഹസിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യവക്താവ് രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് വിവാദങ്ങളിലേയ്ക്ക് പാക്കിസ്ഥാനെ വലിച്ചിഴക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം. പാര്‍ട്ടികള്‍ വിജയിക്കേണ്ടത് അവരവരുടെ ശക്തി കൊണ്ടാണ്. അല്ലാതെ മെനഞ്ഞുണ്ടാക്കുന്ന ഗൂഡാലോചകളിലൂടെയല്ല. മോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും നിരുത്തരവാദിത്വപരവുമാണന്ന് പാക്കിസ്ഥാന്‍ പറഞ്ഞു.

പ്രധാനമന്ത്രിയായ ഉടന്‍ പാക്കിസ്ഥാനിലെത്തി ചായ കുടിച്ച മോദിയാണ് ഇപ്പോള്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ആരോപണം പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here