കുറിഞ്ഞി മല പ്രശ്നത്തിൽ അപാകതകൾ പരിഹരിച്ച് മുന്നോട്ടുപോകണം. സിപിഐ (എം) ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ. ജയചന്ദ്രന്‍ എഴുതുന്നു

തെക്കിന്റെ കശ്മീരിലെ അപൂര്‍വ വിസ്മയസമ്പത്തായ നീലക്കുറിഞ്ഞി സംരക്ഷിക്കാന്‍ 2006ല്‍ ഇടതുപക്ഷ സര്‍ക്കാരാണ് തീരുമാനിച്ചത്. ഈ പ്രദേശം പ്രത്യേക സാങ്ച്വറിയായി പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

2006 ഡിസംബര്‍ ആറിലെ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ്, ദേവികുളം താലൂക്കിലെ വട്ടവട വില്ലേജിലെ ബ്ളോക്ക് നമ്പര്‍ 62ലും കൊട്ടാക്കാമ്പൂര്‍ വില്ലേജിലെ ബ്ളോക്ക് നമ്പര്‍ 58ലും ഉള്‍പ്പെടുന്ന 3200 ഹെക്ടര്‍ സാങ്ച്വറിയായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍, വിശദപരിശോധനയോ സ്ഥിതിവിവരക്കണക്കോ മതിയായ ഗൃഹപാഠമോ ഇല്ലാതെയാണ് വനം-വന്യജീവി വകുപ്പ് അന്ന് വിജ്ഞാപനം പുറപ്പെടുവിച്ചത്. റവന്യൂ, വനം, സര്‍വേ, പഞ്ചായത്ത് വകുപ്പുകള്‍ തമ്മിലോ എംപി, എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികള്‍, ബഹുജനസംഘടനകള്‍ തമ്മിലോ കൂടിയാലോചന ഉണ്ടായില്ല. അതിനാല്‍ സാങ്ച്വറിയുടെ വിസ്തീര്‍ണവും അതിരും നിര്‍ണയിച്ചതില്‍ ഗുരുതരവീഴ്ചയും അപാകതയും സംഭവിച്ചു. ഇക്കാര്യം നിയമസഭാചര്‍ച്ചകളില്‍ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വം സമ്മതിച്ചിട്ടുള്ളത് സഭാരേഖയിലുണ്ട്.

കൊട്ടാക്കാമ്പൂര്‍ വില്ലേജ് ബ്ളോക്ക് നമ്പര്‍ 58ല്‍ ബിടിആര്‍പ്രകാരം ഭൂമിയുടെ വിസ്തീര്‍ണം 1983 ഹെക്ടറും വട്ടവട വില്ലേജ് ബ്ളോക്ക് നമ്പര്‍ 62ല്‍ വിസ്തീര്‍ണം 919.8 ഹെക്ടറുമാണ്. രണ്ട് ബ്ളോക്കുകളിലെയും ആകെ വിസ്തീര്‍ണം 2902.8 ഹെക്ടര്‍. രണ്ട് ബ്ളോക്കുകളിലെയും പട്ടയഭൂമിയുടെയും കൈവശഭൂമിയുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കൈവശമുള്ള സ്ഥലത്തിന്റെയും വിസ്തീര്‍ണം ബിടിആര്‍പ്രകാരമുള്ള വിസ്തീര്‍ണത്തില്‍നിന്ന് കുറയ്ക്കുമ്പോള്‍ അളവ് വീണ്ടും കുറയും.

എന്നാല്‍, പ്രാരംഭ‘വിജ്ഞാപനത്തില്‍ ആകെ വിസ്തീര്‍ണം 3200 ഹെക്ടറെന്നും ദേവികുളം സബ്കലക്ടറുടെ പ്രഖ്യാപനത്തില്‍ 2494.8711 ഹെക്ടറെന്നുമാണ്്. ചുരുക്കത്തില്‍ കുറിഞ്ഞി സാങ്ച്വറിയുടെ പ്രാരംഭ‘വിജ്ഞാപനത്തില്‍ വിസ്തീര്‍ണം നിശ്ചയിച്ചതില്‍ അവ്യക്തതയും തെറ്റും സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തം.

അതിരുകള്‍ നിര്‍ണയിച്ചതിലെ അപാകത കാരണം ജനവാസ കേന്ദ്രങ്ങള്‍, പട്ടയഭൂമികള്‍, കൃഷിയിടങ്ങള്‍, സ്വകാര്യതോട്ടങ്ങള്‍, എച്ച്എന്‍എല്‍ തോട്ടങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍, സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, ആരാധനാലയങ്ങള്‍, ശ്മശാനങ്ങള്‍ തുടങ്ങിയവയെല്ലാം പ്രാരംഭ‘വിജ്ഞാപനത്തില്‍ പടിഞ്ഞാറ് അതിര്‍ത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രാരംഭ‘വിജ്ഞാപനപ്രകാരമുള്ള ബ്ളോക്ക് 58ഉം ബ്ളോക്ക് 62ഉം ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് വട്ടവട പഞ്ചായത്തിലെ ഏഴ് വാര്‍ഡുമുണ്ട്. ഈ വാര്‍ഡുകളിലെല്ലാംകൂടി പഞ്ചായത്ത് അസസ്മെന്റ് രജിസ്റ്റര്‍പ്രകാരം 1464 വീടുണ്ട്.

ഇതിനുപുറമെ, ഈ വാര്‍ഡുകളില്‍ 34 സര്‍ക്കാര്‍ സ്ഥാപനങ്ങളും 47 ആരാധനാലയം, എട്ട് വിദ്യാഭ്യാസ സ്ഥാപനം, നാല് ബാങ്ക്, രണ്ട് എടിഎം കൌണ്ടര്‍, മൂന്ന് പച്ചക്കറി വിപണന കേന്ദ്രം, സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച 35 സ്ഥാപനങ്ങള്‍ എന്നിവയുണ്ട്. ഈ പ്രദേശങ്ങളില്‍ ജീവിക്കുന്നവരില്‍ 90 ശതമാനം പട്ടികജാതി- വര്‍ഗ വിഭാഗത്തിലുള്ളവരും കൃഷിയെയും കൃഷിപ്പണികളെയുംമാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരുമാണ്. 90 ശതമാനവും ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തമിഴ് ഭാഷാ ന്യൂനപക്ഷവുമാണ്. 450 വര്‍ഷത്തിലധികമായി ഇവിടെ താമസിച്ചുപോന്നവരുടെ പിന്മുറക്കാരാണ് ഇവര്‍.

സര്‍ക്കാര്‍രേഖപ്രകാരം കൊട്ടാക്കാമ്പൂര്‍ വില്ലേജിലെ ബ്ളോക്ക് 58ലെ ഭൂമിയുടെ ആകെ വിസ്തീര്‍ണം 1983 ഹെക്ടറായും ഈ ബ്ളോക്കിലെ ഫെയര്‍ ഫീല്‍ഡ് രജിസ്റ്റര്‍പ്രകാരവും ബിടിആര്‍പ്രകാരവും ഭൂമി പൂര്‍ണമായും സര്‍ക്കാര്‍ തരിശായും രേഖപ്പെടുത്തിയിട്ടുണ്ട്. റീസര്‍വേ നടപടിയുടെ ഭാഗമായുള്ള ഫീല്‍ഡ് പരിശോധനയില്‍ കൈവശഭൂമികളോ പട്ടയപ്രകാരമുള്ള ഭൂമികളോ ഇല്ലാതെ ഭൂമി തരിശായി കിടന്നുവെന്നും അതിനാലാണ് ഫെയര്‍ ഫീല്‍ഡ് രജിസ്റ്ററിലും ബിടിആറിലും 1983 ഹെക്ടറും സര്‍ക്കാര്‍ തരിശായി രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഈ കാരണങ്ങളാല്‍, ബ്ളോക്ക് 58ലെ പട്ടയങ്ങള്‍ക്കും കൈവശഭൂമിക്കും നിയമപരമായ പരിരക്ഷ അര്‍ഹിക്കുന്നില്ലെന്ന നിലപാടാണ് ദേവികുളം സബ്കലക്ടര്‍ സ്വീകരിച്ചത്. 1992 ഏപ്രില്‍ 24നാണ് നടപടിക്രമം പൂര്‍ത്തിയാക്കി കൊട്ടാക്കാമ്പൂര്‍ വില്ലേജില്‍ റീസര്‍വേ പ്രാബല്യത്തില്‍വന്നത്.

റീസര്‍വേ നടപടി പ്രാബല്യത്തില്‍വന്ന 1990 കാലയളവുകള്‍ക്കുമുമ്പ് 1955 കാലയളവുമുതല്‍ ആര്‍സി പട്ടയങ്ങളും എല്‍എ പട്ടയങ്ങളും ബ്ളോക്ക് 58ല്‍ അനുവദിച്ചിട്ടുണ്ട്. ദേവികുളം താലൂക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയുടെ 1998 ആഗസ്ത് 26ന് ചേര്‍ന്ന യോഗം കൊട്ടാക്കാമ്പൂര്‍ വില്ലേജില്‍ 1669.83.90 ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള അസൈയ്നബിള്‍ ലിസ്റ്റിന് അംഗീകാരം നല്‍കി. ദേവികുളം സ്പെഷ്യല്‍ തഹസില്‍ദാരുടെ 1998 സെപ്തംബര്‍ 28ലെ ബി-140/96-ാംനമ്പര്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി കലക്ടര്‍ 1998 ഡിസംബര്‍ രണ്ടിലെ സി1-25210/97 നമ്പര്‍ ഉത്തരവുപ്രകാരം പട്ടയം നല്‍കുന്നതിനുള്ള അസൈയ്നബിള്‍ ലിസ്റ്റിന് അംഗീകാരം നല്‍കി. തുടര്‍ന്ന് നടപടിക്രമം പൂര്‍ത്തിയാക്കി പട്ടയങ്ങള്‍ അനുവദിക്കുകയും ചെയ്തു.

ചുരുക്കത്തില്‍ കേരള ‘ഭൂപതിവ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അനുവദിച്ച പട്ടയങ്ങള്‍ ഉള്‍പ്പെടെയുള്ള പട്ടയഭൂമിയുടെ വിവരങ്ങള്‍ ബ്ളോക്ക് നമ്പര്‍ 58ലെ ഫെയര്‍ ഫീല്‍ഡ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

2005 ജൂണ്‍ എട്ടിലെ റവന്യൂവകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ 180/05/റവന്യൂ നമ്പരിലുള്ള സര്‍ക്കാര്‍ ഉത്തരവുപ്രകാരം ശബരിമല മാസ്റ്റര്‍ പ്ളാനുമായി ബന്ധപ്പെട്ട് കൊട്ടാക്കാമ്പൂര്‍ വില്ലേജിലെ ബ്ളോക്ക് നമ്പര്‍ 58ല്‍നിന്ന് 305 ഏക്കര്‍ ഭൂമി വനംവകുപ്പിന് അനുവദിച്ച് ഉത്തരവായിട്ടുള്ളതും അതിനെതുടര്‍ന്ന് ഈ ഭൂമി വനംവകുപ്പിന്റെ പരിരക്ഷയിലുള്ളതുമാണ്. എന്നാല്‍, ബ്ളോക്ക് 58ന്റെ ബിടിആറില്‍ ഈ വസ്തുതയും നാളിതുവരെയായി രേഖപ്പെടുത്തിയിട്ടില്ല. ബിടിആര്‍ പ്രകാരം 58-ാംബ്ളോക്കിലുള്ള ഭൂമി പൂര്‍ണമായും സര്‍ക്കാര്‍ തരിശായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ തെറ്റും അപാകതയും സംഭവിച്ച ബ്ളോക്ക് 58ലെ ഫെയര്‍ ഫീല്‍ഡ് രജിസ്റ്ററും ബിടിആറും ആധികാരിക രേഖയായി അംഗീകരിക്കാനാകില്ല. ഈ രേഖകളെ അടിസ്ഥാനപ്പെടുത്തി 58-ാംബ്ളോക്കിലെ പട്ടയം റദ്ദാക്കാനും കൈവശഭൂമിയിലുള്ള അവകാശം നിഷേധിക്കാനും സാധിക്കില്ല.

ഏകദേശം 450 വര്‍ഷത്തിലധികമായി ഈ പഞ്ചായത്തില്‍ ജനങ്ങള്‍ അധിവസിച്ചുവരുന്നു. പരമ്പരാഗത കൃഷികള്‍, ശീതകാല പച്ചക്കറി കൃഷികള്‍ തുടങ്ങിയവയാണ് പ്രധാനമായും ജനങ്ങള്‍ ചെയ്തുവരുന്നത്. സംസ്ഥാന വനംവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി എന്ന പദ്ധതിയിലൂടെയും കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കമ്പനി ക്യാപ്റ്റീവ് പ്ളാന്റേഷന്‍ പദ്ധതിയിലൂടെയും ഈ മേഖലയില്‍ യുക്കാലി പ്ളാന്റേഷനുകളുണ്ട്. ഇതിനുപുറമെ, എച്ച്എന്‍എല്‍ കമ്പനി ഫാം ഫോറസ്ട്രി എന്ന പദ്ധതിപ്രകാരം സൌജന്യമായി യുക്കാലി തൈകളും മറ്റു ധനസഹായവും നല്‍കി യുക്കാലി കൃഷി പ്രോത്സാഹിപ്പിക്കുകയും കൃഷിഭൂമിയില്‍ നട്ടുവളര്‍ത്തി വലുതായ യുക്കാലി മരങ്ങള്‍ ഏഴുവര്‍ഷത്തിനുശേഷം ഗേറ്റ് പര്‍ച്ചേസ് സ്കീം വഴി കര്‍ഷകരില്‍നിന്ന് നേരിട്ട് വിലയ്ക്ക് വാങ്ങുകയും ചെയ്തിട്ടുണ്ട്.

ഇതിനുപുറമെ സഹകരണ ബാങ്കുകളും മറ്റു ബാങ്കുകളും യുക്കാലി കൃഷിക്ക് കര്‍ഷകര്‍ക്ക് വായ്പ നല്‍കുകയും നബാര്‍ഡ് സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ സഹായത്തിന്റെയും പ്രോത്സാഹനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ മേഖലയില്‍ യുക്കാലി പ്ളാന്റേഷനുകള്‍ക്ക് തുടക്കംകുറിച്ചത്. ഇപ്പോള്‍ ബ്ളോക്ക് 58ലും ബ്ളോക്ക് 62ലും നില്‍ക്കുന്ന യുക്കാലി മരങ്ങള്‍ കുറിഞ്ഞി സാങ്ച്വറി പ്രഖ്യാപിക്കുന്ന 2006നുമുമ്പ് കര്‍ഷകര്‍ മുറിച്ച് നീക്കംചെയ്ത മരങ്ങളുടെ കുറ്റിയില്‍നിന്ന് തളിര്‍ത്ത് വലുതായവയാണ്.

2006നുശേഷം വിജ്ഞാപനം ചെയ്ത മേഖലയില്‍ കര്‍ഷകര്‍ പുതുതായി യുക്കാലി മരം നടുകയോ മറ്റു കൃഷിപ്പണികള്‍ നടത്തുകയോ ചെയ്യുന്നില്ല. ഈ വസ്തുത കുറിഞ്ഞി സാങ്ച്വറിയുടെ സര്‍ക്കാര്‍ അംഗീകരിച്ച മാനേജ്പ്ളാന്റില്‍ വനംവകുപ്പ് അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്

പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍

* പ്രാരംഭ വിജ്ഞാപനപ്രകാരമുള്ള ബ്ളോക്ക് 58ഉം ബ്ളോക്ക് 62ഉം ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് വട്ടവട പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നു. പ്രാരംഭ‘വിജ്ഞാപനത്തില്‍ അതിരുകള്‍ നിര്‍ണയിച്ചതിലുള്ള അപാകത കാരണം ജനവാസകേന്ദ്രങ്ങള്‍, പട്ടയഭൂമികള്‍, കൃഷിയിടങ്ങള്‍, സ്വകാര്യതോട്ടങ്ങള്‍, എച്ച്എന്‍എല്‍ തോട്ടങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍, സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, ആരാധനാലയങ്ങള്‍, ശ്മശാനങ്ങള്‍ തുടങ്ങിയവയെല്ലാംതന്നെ പടിഞ്ഞാറ് അതിര്‍ത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവകളെ കുറിഞ്ഞി സാങ്ച്വറിയുടെ പരിധിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണം.

* ബ്ളോക്ക് 58ലെയും ബ്ളോക്ക് 62ലെയും പട്ടയഭൂമികളും തദ്ദേശീയരായ കര്‍ഷകരുടെ കൈവശഭൂമികളും കുറിഞ്ഞി സാങ്ച്വറിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കണം. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പഞ്ചായത്ത് വോട്ടര്‍പട്ടിക തുടങ്ങിയ സര്‍ക്കാര്‍രേഖകളുടെ അടിസ്ഥാനത്തില്‍ തദ്ദേശീയരായ കര്‍ഷകരെ കണ്ടെത്താവുന്നതാണ്.

* ബ്ളോക്ക് 58ലെയും ബ്ളോക്ക് 62ലെയും അനധികൃത കൈയേറ്റം ഒഴിപ്പിക്കണം. പരാതിയുള്ള പട്ടയങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തേണ്ടതും നിയമപരമായ പരിരക്ഷ അര്‍ഹിക്കാത്ത പട്ടയങ്ങള്‍ റദ്ദാക്കേണ്ടതുമാണ്.

* ആവാസവ്യവസ്ഥയ്ക്ക് ഹാനികരമാകുന്നതിനാലും കുറിഞ്ഞിച്ചെടികള്‍ തീപിടിച്ച് നശിക്കാന്‍ സാധ്യതയുള്ളതിനാലും ബ്ളോക്ക് 58ലെയും ബ്ളോക്ക് 62ലെയും വനംവകുപ്പിന്റെ ജണ്ടകള്‍ക്കും ഫയര്‍ ലൈനും പുറത്ത് കര്‍ഷകര്‍ നട്ടുവളര്‍ത്തിയ യുക്കാലി മരങ്ങള്‍ പിഴുതുമാറ്റാന്‍ കര്‍ഷകരെ അനുവദിക്കണം. കുറിഞ്ഞി സാങ്ച്വറിയില്‍നിന്നും സമീപത്തുള്ള വനംവകുപ്പിന്റെ മറ്റ് സ്ഥലങ്ങളില്‍നിന്നും കഴിഞ്ഞ അഞ്ച് സാമ്പത്തികവര്‍ഷത്തില്‍ 55,62,337 രൂപ ചെലവഴിച്ച് യുക്കാലിപോലുള്ള മരങ്ങള്‍ നിര്‍മാര്‍ജനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് യുക്കാലി മരങ്ങള്‍ മുറിച്ച് നീക്കംചെയ്യുമ്പോള്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തി സംരക്ഷിച്ച യുക്കാലി മരങ്ങള്‍ മുറിച്ച് നീക്കംചെയ്യാന്‍ അനുവദിക്കുന്നത് തികച്ചും ന്യായവും കര്‍ഷകസഹായവുമാണ്.

* പിഴുതുമാറ്റുന്ന യുക്കാലി മരങ്ങള്‍ വീണ്ടും കൃഷിചെയ്യാന്‍ അനുവാദം നല്‍കരുത്.

* യുക്കാലി മരങ്ങള്‍ പിഴുതുമാറ്റുന്ന സ്ഥലത്ത് കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും ധനസഹായ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കര്‍ഷകരെ സമഗ്ര പച്ചക്കറി വികസനപദ്ധതിയില്‍ പങ്കാളികളാക്കണം.

* കുറിഞ്ഞി സാങ്ച്വറിയുടെ സെറ്റില്‍മെന്റ് ഓഫീസര്‍ ദേവികുളം സബ്കലക്ടറാണ്. കഴിഞ്ഞ 11 വര്‍ഷമായി സബ്കലക്ടര്‍ക്ക് സെറ്റില്‍മെന്റ് നടപടി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പട്ടയത്തിന്റെ ചുമതലയുള്ള സബ്കലക്ടര്‍തന്നെ സെറ്റില്‍മെന്റ് ഓഫീസറുടെ ചുമതലവഹിക്കുന്നത് ഉചിതമല്ല. സെറ്റില്‍മെന്റ് ഓഫീസറുടെ ചുമതല ഇടുക്കി കലക്ടര്‍ക്ക് നല്‍കി സെറ്റില്‍മെന്റ് പൂര്‍ത്തിയാക്കി സമയബന്ധിതമായി കുറിഞ്ഞി സാങ്ച്വറിയുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഇടുക്കി കലക്ടറെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതാകും അഭികാമ്യം

(സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News