പ്രശസ്ത കഥാകാരനും കേന്ദ്ര സാഹിത്യ അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രൻ ജയിലിൽ നിന്നുള്ള അനുഭവം എഴുതുകയാണ്. ഫേസ് ബുക്കിലെഴുതിയ ആ കുറിപ്പ് ഇങ്ങനെ വായിക്കുക:

ജയിലിന്റെ ഉള്ളിൽ…

ഇന്ന് ആദ്യമായി ഞാൻ കോഴിക്കോട്ടെ ജില്ലാ ജയിലിന്റെ ഉള്ളുകണ്ടു.
17 ദിവസം നിണ്ടുനിൽക്കുന്ന വിപുലമായ ജയിൽദിനാഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് ജയിൽ സൂപ്രണ്ടും എന്റെ സുഹൃത്തുമായ അനിൽ കുമാർ എന്നെ ക്ഷണിച്ചത്‌. മുന്നൂറ്റി അൻപതോളം അന്തേവാസികൾക്കു മുന്നിൽ, കാക്കിയിട്ട ഉദ്യോഗസ്ഥർക്കൊപ്പം വിളക്കു കൊളുത്താനുള്ള ഊഴവും കാത്തിരിക്കുമ്പോൾ, ഞാൻ ആ മനുഷ്യമുഖങ്ങളെ അവരറിയാതെ ഓരോന്നായി നിരീക്ഷിക്കുകയായിരുന്നു. ഒരിക്കൽ കോളേജുപ്രിൻസിപ്പാളായിരുന്ന , തമ്പുരാൻ എന്ന കൗതുകമുള്ളൊരു പേരുള്ള വൃദ്ധൻ മുതൽ തന്നേക്കാൾ പത്തുവയസ്സിനിളപ്പമുള്ള കാമുകനുമൊത്ത്‌ കള്ളനോട്ടുകേസിൽ പിടിയിലായി ഇന്നലെ അങ്ങോട്ടെത്തിയ സുന്ദരിയായ യുവതി വരെ സദസ്സിൽ… പിന്നെ വീണുപൊട്ടിയ ചിരിയും പൊട്ടിവീണ ജീവിതവുമായി പലമട്ടിൽ ഒരേ ഏകാന്തത പേറുന്ന നൂറു കണക്കിനു പച്ചമനുഷ്യരും.
‘ആഘോഷ’മെന്ന് പേരുള്ള ഇത്തരമൊരു ഒത്തുകൂടലിനു മുന്നിൽ ഞാൻ ഒരു നിമിഷം വികാരവിചാരങ്ങളറ്റവനായി നിന്നു.ഒരു വാക്കു മാത്രമാണ് ഉള്ളിൽ നീറിയത്‌: മനുഷ്യൻ! മറ്റൊരു ജന്തുവിനും ഇങ്ങനെ സ്വന്തം കൂട്ടരാൽ സൃഷ്ടിക്കപ്പെട്ട തടവറകളില്ല! ശിക്ഷാമുറകളില്ല. തൂക്കിക്കൊലയുമില്ല.
ഞാനവരോട്‌ ഒരു മണിക്കൂറോളം സംസാരിച്ചു. ഏതു തടവറയ്ക്കുള്ളിലും, വാക്കുകൾ, വാക്കുകൾ, വാക്കുകൾ മനുഷ്യമുഖങ്ങളിൽ പ്രകാശം പരത്തുമെന്ന സത്യം ഞാൻ കണ്ടുപിടിച്ചു.
(എഡിസൺ വൈദ്യുത ഫിലമെന്റിൽ വെളിച്ചം കണ്ടുപിടിച്ചു. ഞങ്ങൾ എഴുത്തുകാർ മനുഷ്യാത്മാവിൽ വെളിച്ചം വിതച്ചു)


ചടങ്ങു കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ, മുഴുവനായി തുറന്ന കവാടം ഒരു കൗതുകത്തിനായി ഞാൻ അടപ്പിച്ചു. പിന്നെ നീഷേയും ദസ്തയെവ്സ്കിയും അടക്കമുള്ള നൂറുകണക്കിനെഴുത്തുകാർ തല കുനിച്ചും ഞെരുങ്ങിയും അകത്തേക്കും പുറത്തേക്കും കയറി ഇറങ്ങിയിട്ടുള്ള കുപ്രസിദ്ധമായ പാപിക്കവാടത്തിന്റെ ഈ കോഴിക്കോടൻ പതിപ്പിലൂടെ തലതാഴ്ത്തി പുറത്തേക്കിറങ്ങി- നമുക്കു മനസ്സിലാകാത്ത ഏതേതോ കാരണങ്ങളാൽ, ഒരലട്ടുമില്ലാതെ ആയിരക്കണക്കിനു പാപികളും വഞ്ചകരും
നിർഭയം വിഹരിക്കുന്ന ഈ തുറന്ന ലോകത്തിലേക്ക്‌.


പുനർജ്ജന്മത്തിലോ പരലോകത്തിലോ എനിക്കു വിശ്വാസമില്ല. എന്നാൽ അതു രണ്ടും ഈ ഭൂമിയിൽ തന്നെ സാധ്യമാണ് എന്നെനിക്കുറപ്പുണ്ട്‌. തടവറയിലെ മനുഷ്യാത്മക്കളോട്‌ അതുമാത്രമാണ് ഞാൻ പറഞ്ഞത്‌. പുറത്തു വരൂ. ലോകം എങ്ങനേയുമായിക്കൊള്ളട്ടെ. ഇവിടെ മനുഷ്യനുമാത്രം സാധിക്കുന്ന സ്നേഹമെന്ന ആ മഹത്തായ വെളിച്ചം സൃഷ്ടിക്കാൻ ഒന്നു ശ്രമിക്കുകയെങ്കിലും ചെയ്തശേഷം മരിക്കൂ!