കേന്ദ്രമന്ത്രിസഭ ജൂണ്‍ 14ന് അംഗീകരിച്ച ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ & ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ (എഫ്ആര്‍ഡിഐ), കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന നാളില്‍ അവതരിപ്പിക്കുകയും വിശദ പഠനത്തിനായി സബ്ജക്ട് കമ്മിറ്റിക്ക് വിടുകയുമുണ്ടായി. ഡിസംബര്‍ 15ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയെടുക്കാനാണ് നീക്കം. ബാങ്കുകളിലെ കിട്ടാക്കടത്തിന്റെ വ്യാപ്തിയും അതുണ്ടാക്കുന്ന ഭവിഷ്യത്തും ഭയാനകമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയതുപോലെ, 5000 കോടി രൂപയ്ക്കു മുകളില്‍ വായ്പ കൊടുത്ത 12 അക്കൌണ്ടില്‍ 1,75,000 കോടി രൂപയുടെ കിട്ടാക്കടമുണ്ട്. മൊത്തം കിട്ടാക്കടത്തിന്റെ 25 ശതമാനംവരുമിത്! ഇന്ത്യയിലെ ബാങ്ക് കിട്ടാക്കടത്തിന്റെ 88 ശതമാനവും അഞ്ച് കോടി രൂപയില്‍ കൂടുതല്‍ വായ്പയെടുത്തവരുടേതാണ്. അതായത്, വായ്പാവിതരണത്തില്‍ അവലംബിക്കുന്ന സമ്പന്ന പക്ഷപാതിത്വമാണ് ഭീമാകാരമാകുന്ന കിട്ടാക്കടഭീഷണിയുടെ ഉറവിടം. അത്തരം വായ്പാനയം തിരുത്താനോ വന്‍കിടക്കാരുടെ പക്കല്‍നിന്ന് കര്‍ശനമായി പണം വസൂലാക്കാനോ ഇച്ഛാശക്തിഇല്ലാത്തതാണ് ഇന്നത്തെ ബാങ്ക് പ്രതിസന്ധിയുടെ മൂലകാരണം. ഈ യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടി, രാജ്യത്തെ ധനസ്ഥാപനങ്ങളെയൊന്നാകെ ഉടച്ചുവാര്‍ത്ത്, ബാങ്കുകളുടെ രക്ഷയ്ക്കായി ജനനിക്ഷേപംതന്നെ അപഹരിക്കുംവിധമുള്ള പരിഷ്കരണങ്ങളാണ് പുതിയ ബില്ലിലൂടെ ധനമേഖലയില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ജനങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന് ഒരു ലക്ഷം രൂപവരെ ഗ്യാരന്റി നല്‍കിയിരുന്ന സ്ഥാപനമാണ് റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള ഡിഐസിജിസി (ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍). ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ഡിഐസിജിസിയെ അസാധുവെന്ന് പ്രഖ്യാപിച്ച് റദ്ദാക്കുമെന്നാണ്. അതിലെ ജീവനക്കാര്‍ക്ക് റിസര്‍വ് ബാങ്കിലോ നിര്‍ദിഷ്ട റെസല്യൂഷന്‍ കോര്‍പറേഷനിലോ തുടര്‍ന്ന് ജോലി ചെയ്യാം. ഒരു ധനസ്ഥാപനം അടച്ചുപൂട്ടുമ്പോള്‍, അതിന്റെ ആസ്തി- സ്വത്തുക്കളില്‍നിന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ ബാധ്യതകള്‍ തീര്‍ക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഒന്നാം പരിഗണന നല്‍കും എന്നുമാത്രമേ ബില്ലില്‍ പരാമര്‍ശിക്കുന്നുള്ളൂ. ഒരുവിധ നിക്ഷേപസുരക്ഷയും ഉറപ്പും നല്‍കപ്പെടുന്നില്ല. ജനങ്ങളുടെ സമ്പാദ്യനിക്ഷേപത്തിന് സുരക്ഷിതത്വം നല്‍കേണ്ട സര്‍ക്കാര്‍, നിക്ഷേപകരില്‍ ഉല്‍ക്കണ്ഠയും അനിശ്ചിതത്വവും വളര്‍ത്തുകയാണ്. പുതിയ ബില്ലില്‍ മുന്നോട്ടുവയ്ക്കുന്ന പരിഷ്കാരങ്ങള്‍ സാധ്യമാക്കുന്നതിനായി നിലവിലുള്ള പല അടിസ്ഥാന നിയമങ്ങളും അതത് സ്ഥാപനങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അതനുസരിച്ച് 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1938ലെ ഇന്‍ഷുറന്‍സ് ആക്ട്, എല്‍ഐസി, റീജ്യണല്‍ റൂറല്‍ ബാങ്ക്, ജിഐസി, എസ്ബിഐ, കമ്പനീസ് ആക്ട് തുടങ്ങിയവയിലെല്ലാം ഇപ്പോള്‍ നിര്‍ദേശിച്ച വകുപ്പുകള്‍ ചേര്‍ക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു. 2002ലെ കോമ്പറ്റിഷന്‍ ആക്ട്, ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ കോര്‍പറേഷന് ബാധകമല്ല. സ്വാഭാവികമായും റിസര്‍വ് ബാങ്കിനെപ്പോലും നിര്‍വീര്യമാക്കി, നിയുക്ത ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ കോര്‍പറേഷന്‍ സൂപ്പര്‍ അധികാരകേന്ദ്രമായി പരിണമിക്കുമെന്നതാണ് വസ്തുത. ഒരു സാമ്പത്തികസ്ഥാപനത്തിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത്, സ്ഥാപനമേധാവികള്‍തന്നെ സ്വയംപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള അപേക്ഷ നല്‍കുകയാണെങ്കില്‍, ദേശീയ നിയമ ട്രിബ്യൂണലുമായി ആലോചിച്ചശേഷം ലിക്വിഡേറ്ററെ നിയമിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. തൊഴിലാളികള്‍ സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കുംപോലെ, സ്ഥാപനങ്ങള്‍ക്കും ഈ ബില്‍ മുഖാന്തരം വിആര്‍എസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നു ചുരുക്കം.
ഈ ബില്ലിന്റെ പരിധിയില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യബാങ്കുകള്‍, റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയ മുഴുവന്‍ ധനസ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എട്ട് ഭാഗങ്ങളിലായി 146 വകുപ്പിലൂടെ വിശദീകരിക്കുന്ന 14 അധ്യായവും അനുബന്ധങ്ങളുമടങ്ങുന്നതാണ് എഫ്ആര്‍ഡിഐ ബില്‍. മുംബൈ ആസ്ഥാനമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്ന ഒരു കോര്‍പറേറ്റ് സ്ഥാപനമായ ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ കോര്‍പറേഷന്‍ ആയിരിക്കും ഇനിമേല്‍ ഇന്ത്യന്‍ ധനമേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും അവസാന വാക്ക.് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നതും വിവിധ സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്യുന്നതുമായ 10 അംഗങ്ങളും ചെയര്‍മാനും ഉള്‍പ്പെടുന്ന ഡയറക്ടര്‍ ബോര്‍ഡാണ് നിര്‍ദിഷ്ട കോര്‍പറേഷന്റെ ഭരണാധികാരകേന്ദ്രം. ആസന്നമായ അപകടസാധ്യത നിലനില്‍ക്കുന്ന ഏതു ബാങ്കിനെയും ഇന്‍ഷുറന്‍സ് സ്ഥാപനത്തെയും എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാനുള്ള സര്‍വാധികാരമാണ് കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡിന് കൈവരുന്നത്. മുന്‍പറഞ്ഞ ധനസ്ഥാപനത്തിലെ മാനേജിങ് ഡയറക്ടറെയോ ചെയര്‍മാനെയോ ഡയറക്ടര്‍മാരെയോ ഉന്നത ഉദ്യോഗസ്ഥരെയോ നിര്‍ദാക്ഷിണ്യം നഷ്ടപരിഹാരംപോലും നല്‍കാതെ പിരിച്ചുവിടാനാകും. അതുമല്ലെങ്കില്‍, ബാങ്ക്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡിനെ ഒന്നാകെ പിരിച്ചുവിട്ടുകൊണ്ട്, പകരം രണ്ടുവര്‍ഷത്തേക്ക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം നടപ്പാക്കാനാകും. അത്തരം അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുക റെസല്യൂഷന്‍ കോര്‍പറേഷനാണ്. കൂടാതെ ഒരു ബാങ്കിനെ അഥവാ ഇന്‍ഷുറന്‍സ് കമ്പനിയെ മറ്റേതെങ്കിലും സ്ഥാപനത്തില്‍ ലയിപ്പിക്കാനും കൂട്ടിച്ചേര്‍ക്കാനും പിടിച്ചെടുക്കാനുമുള്ള പരമാധികാരമാണ് ബില്ലിലൂടെ കോര്‍പറേഷന് നല്‍കിയിട്ടുള്ളത്.
ഇതിനൊക്കെ പുറമെയാണ് ബില്ലിലെ 62-ാം വകുപ്പുപ്രകാരം ഏതൊരു സ്ഥാപനത്തെയും പാപ്പരായി പ്രഖ്യാപിച്ചുകൊണ്ട് അതിന്റെ പ്രവര്‍ത്തനം ലിക്വിഡേറ്റ് ചെയ്യാനുള്ള അധികാരം കോര്‍പറേഷന് നല്‍കിയിട്ടുള്ളത്. അത്തരം അടച്ചുപൂട്ടല്‍ ഉത്തരവിടുന്നതിനുമുമ്പായി, ദേശീയ കമ്പനി നിയമ ട്രിബൂണലിനെ അറിയിക്കണമെന്നും 14 ദിവസത്തിനകം ട്രിബ്യൂണല്‍ അവരുടെ തീരുമാനം വെളിപ്പെടുത്തണം എന്നുമാത്രമേ വ്യവസ്ഥയുള്ളൂ. മറ്റൊരു നിയമവേദികളിലും കോര്‍പറേഷന്റെ ഈ നടപടികളെ ചോദ്യം ചെയ്യാനാകില്ല. കോര്‍പറേഷന്റെ പ്രവര്‍ത്തനത്തിനെതിരെ ഒരുവിധ സ്റ്റേ ഉത്തരവോ ഇഞ്ചക്ഷനോ നിലനില്‍ക്കില്ലെന്നാണ് 109-ാം വകുപ്പില്‍ പറയുന്നത്. ആക്ഷേപങ്ങളും പരാതികളുമുണ്ടെങ്കില്‍ ട്രിബ്യൂണലിന്റെ തൊട്ടടുത്ത ഉയര്‍ന്ന മേധാവിക്ക് പരാതി നല്‍കിയശേഷം, തൃപ്തികരമല്ലെങ്കില്‍മാത്രം, സുപ്രീംകോടതിയെ സമീപിക്കാമെന്നതാണ് നിയമപരമായ ഏക ഇടപെടല്‍ സാധ്യത. ഇങ്ങനെ സ്ഥാപനം പാപ്പരെന്ന് പ്രഖ്യാപിക്കപ്പെട്ടാല്‍, ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കാം. 1947ലെ വ്യവസായ തര്‍ക്ക നിയമത്തിന്റെ പരിധിയില്‍ വരാത്ത ഓഫീസര്‍മാരെ പിരിച്ചുവിടാം. തൊഴില്‍സംരക്ഷിതരെന്നു കരുതുന്ന താഴെതട്ടിലുള്ള ജീവനക്കാരെ അത്തരം സംരക്ഷണപരിധിയില്‍നിന്ന്, തുടര്‍ന്ന് ഒഴിവാക്കാനും അധികാരമുണ്ടത്രേ! ഇവിടെയും ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ ഒഴികെയുള്ള നിയമവ്യവഹാരത്തിന് ഒരുവകുപ്പുമില്ലെന്ന്, ബില്ലില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
സാമ്പത്തികനയങ്ങളിലെ പാളിച്ചകള്‍മൂലം രണ്ടു പതിറ്റാണ്ടായി ബാങ്കിങ്- ധനസ്ഥാപനങ്ങള്‍ സമ്പന്ന പക്ഷപാതികളായി തീരുകയും ജനവിരുദ്ധ പ്രവൃത്തികള്‍ നടപ്പാക്കുകയുമാണ് ചെയ്യുന്നത്. 2016-17 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയിലെ ബാങ്കുകളുടെയെല്ലാംകൂടിയുള്ള പ്രവര്‍ത്തനലാഭം 1,54,000 കോടി രൂപ വരും. എന്നാല്‍, കിട്ടാക്കടത്തിലേക്കും മറ്റും വന്‍ തുക നീക്കിവച്ചതോടെ, ലാഭം കേവലം 500 കോടി രൂപയായി ശോഷിച്ചു. ബാങ്കുകള്‍ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടുള്ളത് ഈവിധം തുക നീക്കിവയ്ക്കുമ്പോള്‍മാത്രമാണ്. ഉയര്‍ന്ന സര്‍വീസ് ചാര്‍ജും ഫീസുകളും മുഖേന ഇടപാടുകാരെ അപഹരിച്ചുണ്ടാക്കിയ പ്രവര്‍ത്തനലാഭമാണ് തദ്വാരാ വന്‍കിട കോര്‍പറേറ്റുകള്‍ക്കായി, വര്‍ഷംതോറും ദാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴാകട്ടെ ലാഭംമാത്രമല്ല, ബാങ്കുകളിലെ ജനനിക്ഷേപത്തെപ്പോലും വന്‍കിടക്കാര്‍ മുഖാന്തരമുണ്ടാക്കുന്ന നഷ്ടം എഴുതിത്തള്ളാന്‍ ഉപയോഗിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബാങ്ക് നിക്ഷേപത്തിന് സാമാന്യം നല്ല പലിശ നല്‍കി വന്നിരുന്ന നമ്മുടെ ബാങ്കുകള്‍, വിദേശബാങ്കുകളെ അനുകരിച്ച് നിക്ഷേപ പലിശനിരക്ക് കുത്തനെ കുറച്ചു. ചില വിദേശബാങ്കുകളില്‍ ബാങ്കില്‍ പണം നിക്ഷേപിക്കുന്ന ഇടപാടുകാര്‍ക്ക് പലിശ കൊടുക്കില്ലെന്നുമാത്രമല്ല, പണം നിക്ഷേപിക്കുന്നതിനായി ‘സൂക്ഷിപ്പ് കാശ്’ (നെഗറ്റീവ് പലിശ) ഈടാക്കുകയും ചെയ്യുന്നുണ്ട്! അതും അനുകരിക്കാനാണ് ഇന്ത്യയിലെ പുതിയ നീക്കം. അതിനൊക്കെ പുറമെയാണ് അധികാരികളുടെ കെടുകാര്യസ്ഥതകൊണ്ടും തെറ്റായ നയസമീപനങ്ങള്‍മൂലവും ബാങ്കിന് ക്ഷതം വന്നാല്‍, അതിന്റെ കെടുതികള്‍ ബാങ്ക് നിക്ഷേപകര്‍ വഹിക്കണമെന്ന് നിര്‍ദിഷ്ട നിയമം അനുശാസിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയും അടിമുടി അലങ്കോലപ്പെടുത്തി കുത്തഴിഞ്ഞതാക്കുമെന്ന് തീര്‍ച്ചയാണ്. ജനങ്ങള്‍ക്ക് പരിമിതമായെങ്കിലും ലഭ്യമായിരുന്ന ബാങ്കിങ് സേവനം ഇല്ലാതാകുകയും കഴുത്തറുപ്പന്‍ മുതലാളിത്ത മത്സരത്തിനിടയില്‍പ്പെട്ട് ജനങ്ങളുടെ പണസംരക്ഷണംപോലും സാധ്യമാകില്ലെന്നതാണ് പരിണതഫലം. 2008ലെ ആഗോള സാമ്പത്തിക സുനാമിയെ തടഞ്ഞുനിര്‍ത്തിയ ഇന്ത്യന്‍ പൊതുമേഖലയുടെ കരുത്തിനെയും പ്രതിരോധശേഷിയെയും തകര്‍ത്തില്ലാതാക്കാനാണ് എഫ്ആര്‍ഡിഐ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.