രാമസേതു സത്യമാണോയെന്ന ചോദ്യവുമായി അമേരിക്കന്‍ സയന്‍സ് ചാനല്‍; സാറ്റലൈറ്റ് ചിത്രങ്ങളുമായി ചാനലിന്‍റെ ഉത്തരമിതാ

രാമേശ്വരത്തിനും ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനുമിടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതുവിന് പുരാണവുമായി ബന്ധമില്ലെന്ന് അമേരിക്കന്‍ സയന്‍സ് ചാനല്‍. രാമസേതുവിന് ഐതിഹ്യങ്ങള്‍ അവകാശപ്പെടുന്ന കാലപ്പ‍ഴക്കമില്ലെന്നും ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ചാനല്‍ അവകാശപ്പെടുന്നു.

ഈ കടല്‍പ്പാലം സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതിയാണെന്നും ചാനലിന്‍റെ പ്രമോഷണല്‍ വീഡിയോ വിശദീകരിക്കുന്നു.

ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് ചാനലിന്‍റെ പ്രമോ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദികരിക്കുന്നു.

പക്ഷേ, രാമസേതുവിന് പുരാണവുമായി ബന്ധമില്ലെന്നും 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടതാകാമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കാലത്ത് ഇത്തരത്തില്‍ പാലം പണിയല്‍ ഒരു അമാനുഷ കൃത്യമായി തോന്നാം.

സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതമാണെന്നും വീഡിയോ അവകാശപ്പെടുന്നു.

രാമസേതുവില്‍ കാണപ്പെടുന്ന പാറക്കഷണങ്ങള്‍ക്ക് അതില്‍ കാണുന്ന മണലിനേക്കാള്‍ പഴക്കമുണ്ടെന്നും സേതുവിലെ പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞുകൂടിയതാണെന്നുമാണ് സയന്‍സ് ചാനലിന്‍റെ വിശദീകരണം.

രാമസേതുവിലെ പാറകള്‍ക്ക് 7000 വര്‍ഷത്തെ പഴക്കമാണ് ശ്സ്ത്രജ്ഞര്‍ കണക്കാക്കുന്നത്. എന്നാല്‍ അതിനുമുകളില്‍ കാണപ്പെടുന്ന മണലിന് 4,000 വര്‍ഷത്തെ പഴക്കമേയുള്ളുവെന്നും വീഡിയോയില്‍ പറയുന്നു.

രാമസേതുവും പുരാണവും

ഉപഭൂഖണ്ഡത്തിനു പുറത്ത് ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന രാമസേതു നാടയുടെ ആകൃതിയിൽ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള ഉയർന്ന പ്രദേശമാണ്‌.കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിട്ടയാണിത്.

സീതയെ രാക്ഷസരാജാവായ രാവണനിൽ നിന്ന് വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ ശ്രീരാമന്‍ രാമസേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നുമാണ് ഐതിഹ്യം. വാല്മീകി രാമായണത്തില്‍ രാമ സേതു നിർമ്മാണത്തെ പറ്റി സേതു ബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here