ഗുജറാത്തില്‍ മോദിയുടെ ജലവിമാന യാത്രയ്ക്ക് പണം നല്‍കി ആളുകളെ എത്തിച്ചു ; വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍.  ജമല്‍പൂര്‍ – ഖാലിയ മണ്ഡലത്തിലെ മണ്ഡലത്തിലെ എംഎല്‍എയായ ഭൂഷണ്‍ ഭട്ട് പണം നല്‍കിയും ആള്‍ക്കാരെ എത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

സംഭവത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഭൂഷണ്‍ ഭട്ടിനോട് വിശദീകരണം തേടി. സബര്‍മതി നദീതീരത്തേക്ക് പണം നല്‍കിയും ആളുകളെ എത്തിക്കാന്‍ ബിജെപി എംഎല്‍എ ഭൂഷണ്‍ ഭട്ട് ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജലവിമാന യാത്രയ്ക്ക് ആളെക്കൂട്ടിയത് പണം നല്‍കിയാണെന്ന വിവാദം ശക്തമായത്.

നരേന്ദ്രമോദിയുടെ റാലികളില്‍ ആളുകള്‍ കുറയുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ബിയെപിയെ കൂടതല്‍ പ്രതിരോധത്തിലാക്കി പുതിയ വിവാദം.

ബിജെപി പതാകയുമായി കുറഞ്ഞത് 3000 മുതല്‍ 4000 ഇരുചക്ര വാഹനക്കാരെ എത്തിക്കണം, ഇതിനായി എത്ര പണം വേണമെങ്കിലും പാര്‍ട്ടി നല്‍കാം. ഇരുചക്ര വാഹനത്തില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ കാശ് തിരികെ നല്‍കും, റാലിയില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 1000 മുതല്‍ 3000 രൂപ വരെ നല്‍കും, തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഭൂഷണ്‍ ഭട്ട് പറയുന്നുണ്ട്.

അതേ സമയം ഭൂഷണ്‍ ഭട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. ജമല്‍പൂര്‍ – ഖാലിയ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ വിശദീകരണം തേടി ഭൂഷണ്‍ ഭട്ടിന് നോട്ടീസയച്ചു. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.