ചലച്ചിത്രമേളകളോട് അവധിയില്ല; മേളകള്‍ കൊടിയിറങ്ങാത്ത മൂന്ന് പുസ്തകങ്ങളുമായി പ്രേംചന്ദ്

‘തൊണ്ണുറുകളില്‍ ദില്ലി സിരിഫോര്‍ട്ടിലെ തണുത്തു വിറയ്ക്കുന്ന കാലത്തെ ഇഫി (ഐ.എഫ്.എഫ്.ഐ.) സ്മരണകള്‍ ഇന്ന് വര്‍ഷം തോറുമുള്ള ഗോവ ഫെസ്റ്റിവല്‍ യാത്രയില്‍ എത്തി നില്‍ക്കുകയാണ്. അതിനിടയില്‍ കോഴിക്കോട്ട് ഐ.എഫ്.എഫ്.കെ. തുടക്കമിട്ടപ്പോള്‍ മുതല്‍ അതും വാര്‍ഷിക യാത്രയുടെ ഭാഗമായി. 91 മുതല്‍ ഈ യാത്രയില്‍ ജീവിത പങ്കാളി ദീദിയും ഒപ്പമുണ്ട്.

എന്നാല്‍ 2008 ല്‍ ദീദിയുടെ ഗുല്‍മോഹര്‍ ഇഫിഗോവയില്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ഷം മാത്രം അതില്‍ പങ്കെടുക്കാനാവാതെ പോയത് ഇന്നും തീരാത്ത ഒരു ഖേദമാണ് . അര്‍ബുദവുമായുള്ള പോരാട്ടത്തില്‍ ദീദിയുടെ കീമോതെറാപ്പിയുടെ ദിവസങ്ങള്‍ ഫെസ്റ്റിവല്‍ ദിവസത്തിനിടയില്‍ വന്നു പോയത് കൊണ്ട് മാത്രമാണ് ആ ഫെസ്റ്റിവല്‍ ഞങ്ങള്‍ക്ക് നഷ്ടമായത് .എങ്കിലും റജിസ്‌ട്രേഷന്‍മുടക്കിയിരുന്നില്ല.

ഡെലിഗേറ്റ് കാര്‍ഡും ഗുല്‍മോഹറിന് എഴുത്തുകാരിക്കുള്ള ഫെസ്റ്റിവല്‍ മൊമന്റോവും സംവിധായകന്‍ ജയരാജ് വീട്ടില്‍ കൊണ്ടു തന്നതും അവിസ്മരണീയമായ ഫെസ്റ്റിവല്‍ അനുഭവത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടും.” (കാഴ്ചയുടെ ഭൂപടത്തില്‍ ഓര്‍മ്മകളുടെ വസന്തം)

ഇനി വരാനിരിക്കുന്ന വസന്തങ്ങള്‍ക്ക്’ എന്നെഴുതി പ്രേംചന്ദ് ഒപ്പിട്ട് തന്ന മൂന്ന് പുസ്തകങ്ങളില്‍ ഒന്ന് മറിച്ച് നോക്കിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞത് മുകളില്‍ കാണിച്ച ഈ വരികള്‍ വായിച്ചപ്പോഴാണ്. ഓരോ നവംബര്‍ഡിസംബര്‍ മാസങ്ങള്‍ വരുമ്പോഴും സൈബീരിയയില്‍ നിന്ന് ഞങ്ങളുടെ ചെമ്പല്ലിക്കുണ്ടിലേക്ക് വരുന്ന പക്ഷികളെപ്പോലെ ഗോവയിലേക്കും തിരുവനന്തപുരത്തേക്കും വണ്ടികയറുന്ന ഏതൊരു ചലച്ചിത്ര ദേശാടകനും ചിറകുകളില്‍ കൊത്തിവെച്ച പോലെ ആ ജനിതകപ്രേരണകളെ അതിജീവിക്കാനാവാറാവില്ല എന്നതാണ് സത്യം.

അവിടെയാണ് ഗുല്‍മോഹറിന്റെ വസന്തകാലത്ത് അത് നുകരാനാകാതെ പോയ അതിന്റെ സ്രഷ്ടാക്കളും മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ രണ്ട് ചലച്ചിത്ര യാത്രികരുമായ പ്രേംചന്ദിന്റെയും ദീദിയുടെയും അനുഭവങ്ങള്‍ നമുക്ക് വായനയില്‍ ദുഖമാവുന്നത്.

പ്രേംചന്ദിന്റെ ഈ മാതൃഭൂമീ അവധിക്കാലം മലയാളിയുടെ ചലച്ചിത്ര പാരായണ ചരിത്രത്തിന് ഒരു അനിവാര്യതയായില്ലേ എന്ന് തോന്നിപ്പോകുന്നുണ്ട് ഇപ്പോള്‍ കൈയ്യിലെത്തിയിരിക്കുന്ന ഈ മൂന്ന് പുസ്തകങ്ങള്‍ കാണുമ്പോള്‍.

ഇനി റഷ്യന്‍ യാത്രകള്‍ ഉള്‍പ്പെടെ രണ്ട് പുസ്തകങ്ങള്‍ കൂടി വരാനിരിക്കുന്നു. അവധി നീളും തോറും പുസ്തകങ്ങള്‍ വീണ്ടും വന്നുകൊണ്ടിരിക്കുമെന്ന് തന്നെ വേണം കരുതാന്‍. അയാള്‍ക്ക് അവധിയെടുക്കാനാവാത്ത ഒന്നേയുള്ളൂ ചലച്ചിത്ര യാത്രകള്‍. മലയാളത്തിലെ ചലച്ചിത്ര നിരൂപണ ശാഖയില്‍ ഒരു വര്‍ഷം ഇത്രയധികം പുസ്തകങ്ങള്‍ പുറത്തിറക്കുന്ന ഒരാള്‍ ഇങ്ങനെ ആദ്യമായിരിക്കും. വിമര്‍ശനങ്ങളുടെ നാവരിയാന്‍ തുനിയും തോറും അരിഞ്ഞ് വീഴ്ത്തപ്പെട്ട നാവുകളെല്ലാം പടര്‍ന്ന് പന്തലിച്ച് മരമാകുന്ന അപൂര്‍വ്വസുന്ദരമായ ചില പോരാട്ടങ്ങളുടെ വസന്തകാലമാകുകയാണ് ശരിക്കും ഈ പുസ്തകങ്ങള്‍.

ഒരിക്കല്‍ക്കൂടി വഞ്ചിക്കപ്പെട്ട സഹോദരാ,
നിന്നെ കൊന്ന നിയമം ഇതാ
വിശുദ്ധന്റെ വസ്ത്രമണിഞ്ഞ്
പാപികള്‍ക്കു മാപ്പു നല്കുന്നു.
ന്യായാധിപര്‍ കൈ കഴുകുന്നു
നീ മരിച്ചതിന് അവര്‍ക്ക് തെളിവുകളില്ല
പക്ഷേ, നീ ജീവിച്ചിരുന്നതിന്
ഞങ്ങള്‍ക്ക് തെളിവുകളുണ്ട്.
അരുണ്‍, ശശി, ഉദയന്‍, ജോയ് മാത്യു,
പ്രവീണ്‍, പ്രേംചന്ദ്, രാമകൃഷ്ണന്‍
ഓരോരുത്തരും ഓരോ നിമിഷവും

സച്ചിദാനന്ദന്റെ ‘നീതിയുടെ വൃക്ഷം’ എന്ന കവിതയിലെ അതേ പ്രേം ചന്ദ് തന്നെയാണിത്. അടിയന്തരാവസ്ഥയില്‍ കക്കയം ക്യാമ്പില്‍ വച്ച് വിദ്യാര്‍ത്ഥിയായ രാജന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതേ വിട്ടുകൊണ്ട് വിധി വന്നപ്പോള്‍ സച്ചിദാനന്ദന്‍ എഴുതിയ ആ കവിത അടിയന്തരാവസ്ഥയും കഴിഞ്ഞുമാത്രം ഈ ഭൂമിയില്‍ ജനിച്ച ഞങ്ങളുടെ തലമുറ എങ്ങനെയാണ് വായിക്കുക എന്ന് നിശ്ചയമില്ല.

എങ്ങനെ വായിച്ചാലും, നീ മരിച്ചതിന് അവര്‍ക്ക് തെളിവുകളില്ല. പക്ഷേ, നീ ജീവിച്ചിരുന്നതിന് ഞങ്ങള്‍ക്ക് തെളിവുകളുണ്ട് എന്ന പേരില്‍ കവി നിരത്തിവയ്ക്കുന്ന ആ പേരുകളില്‍ നിന്ന് പ്രേംചന്ദ്, ഇപ്പോള്‍ ജീവിക്കുന്ന കാലത്തിന് തെളിവായി മുന്നില്‍ വയ്ക്കുന്നതാണ് ഈ പുസ്തകങ്ങള്‍ എന്ന് ഉറക്കേ പറയാന്‍ തോന്നുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍

അടിയന്തരാവസ്ഥ പിന്‍വലിച്ച ഉടനെയുള്ള കാമ്പസ് കാലമാണ്. കോഴിക്കോട്ട് ആര്‍.ഇ.സി. വിദ്യാര്‍ത്ഥിയായിരുന്ന രാജന്റെ മരണവും മരണാനന്തര നീതി തേടി അച്ഛന്‍ ഈച്ചരവാര്യരുടെ പോരാട്ടവുമായിരുന്നു അന്തരീക്ഷത്തില്‍. അതെല്ലാം ഏതെങ്കിലും വിധത്തില്‍ ചലിപ്പിയ്ക്കാത്ത മനസ്സുകളെ അന്ന് കാണാനാവില്ലായിരുന്നു. കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളേജിലെ കാമ്പസ് ജീവിതവും വളരെയെളുപ്പത്തില്‍ ആ ചൂട് ആവാഹിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്തെ ജയിലനുഭവങ്ങള്‍ തിരുത്തിക്കുറിച്ചുവന്ന മധുമാഷിന്റെ പടയണിക്കൊപ്പം അണിചേര്‍ന്നത് അങ്ങനെയാണ്. മാഷിനൊപ്പം 1844 ലെ കാള്‍ മാര്‍ക്‌സിന്റെ തത്വചിന്താപരമായ കുറിപ്പുകള്‍ക്ക് വേണ്ടി അങ്ങനെ പകര്‍പ്പെഴുത്തുകാരനായി. ചാരുമജുംദാറിന്റെ മാവോവാദത്തില്‍ നിന്നും പൂര്‍ണ്ണമായും പുറത്തു കടന്നു കൊണ്ട് ചിന്തിക്കുന്ന അവസ്ഥയിലായിരുന്നു അന്ന് മാഷ്.

മാഷിന്റെ വജ്‌റ ഫിലിം സൊസൈറ്റിയും ചെലവൂര്‍ വേണുവേട്ടന്‍ അശ്വിനി ഫിലിം സൊസൈറ്റിയുമാണ് വേറിട്ട സിനിമാ കാഴ്ച്ചയിലേക്ക് ഇറക്കിയത്. സത്യജിത്ത് റായിയല്ല കമ്മ്യൂണിസ്റ്റുകാരനായ ഋത്വിക് ഘട്ടകാണ് വലിയ ചലച്ചിത്രകാരനെന്ന നിലപാട് ഞങ്ങളെയും വശീകരിച്ചു. പഥേര്‍ പാഞ്ചാലിയേക്കാള്‍ വലിയ സിനിമ അജാന്ത്രിക്കാണെന്ന് മാഷ് പറയും. ചലച്ചിത്ര ചര്‍ച്ചകളില്‍ രവിയേട്ടന്റെ ( ചിന്ത രവീന്ദ്രന്‍) സിനിമകളുടെ രാഷ്ട്രീയ വായനയായിരുന്നു പ്രധാന ആകര്‍ഷണം.

ചിഹ്ന വിജ്ഞാനീയത്തിന്റെയും തത്വചിന്തയുടെയും സാധ്യതകള്‍ ചലച്ചിത്ര വായനയില്‍ പ്രയോജനപ്പെടുത്തുന്നതിന്റെ പ്രാധാന്യം നിസ്സാര്‍ അഹമ്മദില്‍ നിന്നും അനുഭവത്തിന്റെ രാഷ്ട്രീയം സേതുവില്‍ നിന്നുമാണ് ഞങ്ങള്‍ ഹൃദയത്തിലേക്കെടുത്തത്. ടികെ രാമചന്ദ്രന്‍, ടിഎന്‍ ജോ.യ് , സച്ചിദാനന്ദന്‍, ബി രാജീവന്‍, മൈത്രേയന്‍, നിളാ ബപ്ലിക്കേഷന്‍സ്, ബോധി ബുക്‌സ്, ഉത്തരം മാസിക, അന്റോണിയോ ഗ്രാംഷി ഇന്‍സ്റ്റിറ്റ്യൂട്ട്, ജോണ്‍ എബ്രഹാം, അമ്മ അറിയാന്‍, മന്ദാകിനി, എ.വാസു, അജിത, കെ.വേണു, എ.സോമന്‍ എന്നിങ്ങനെയെല്ലാം പടര്‍ന്ന് പന്തലിച്ച മനുഷ്യരുടെയും മുന്നേറ്റങ്ങളുടെയും ആ ചര്‍ച്ചയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് പേരായിരുന്നു ഞാനും ജോയ്മാത്യുവും വലിയൊരു സ്‌ക്കൂളായിരുന്നു അത്. എന്റെ സിനിമാ എഴുത്തിന്റെയും രാഷ്ട്രീയ സഞ്ചാരം തുടങ്ങുന്നത് അവിടെ നിന്നാണ്” (നൂറ്റാണ്ടിന്റെ മൗനങ്ങള്‍)

അതായത് അടിയന്തരാവസ്ഥക്ക് ശേഷമുള്ള രാഷ്ട്രീയ ഉണര്‍ച്ചകളുടെ സൃഷ്ടിയാണ് ഈ നിരൂപകന്‍ എന്നര്‍ത്ഥം. അങ്ങനെയെങ്കില്‍ അ നാല് പതിറ്റാണ്ടായി അയാള്‍ സ്വന്തം തട്ടകത്തില്‍ എഴുതിക്കൂട്ടിയ ജീവിതവും, ചരിത്രവും, നിരൂപണവുമെല്ലാം എവിടെയാണ്? ഞങ്ങളുടെ തലമുറ ഒരു പതിറ്റാണ്ട് കാലം ചിത്രഭൂമി പിന്നില്‍ നിന്ന് മുന്നോട്ട് മറിച്ചു വായിച്ചു തുടങ്ങിയ ചലച്ചിത്ര ചരിത്രത്തിന്റെ പിന്നാമ്പുറ ചരിത്രവും ആ തലതിരിഞ്ഞ രാഷ്ട്രീയ പാരായണങ്ങളും ഇന്നെവിടെയാണ്? മേളകളുടെ കൂട്ടു നടപ്പുകാര്‍ എന്നും ചോദിച്ചുകൊണ്ടിരുന്ന ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാവുകയാണ് ഈ പുസ്തകങ്ങള്‍.

90 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏതാണ്ട് പാതി ദൂരത്തോളം സഞ്ചരിച്ച പഠനങ്ങള്‍ എന്ന കുറിപ്പോടെ നൂറ്റാണ്ടിന്റെ മൗനങ്ങള്‍’! (റെഡ് ചെറി ബുക്‌സ്) എന്ന ഗ്രന്ഥവും, എ!ഴുപതുകളുടെ ഫിലിം സൊസൈറ്റി മൂവ് മെന്റ് തൊട്ട് ഇന്ത്യയുടെയും കേര!ളത്തിന്റെയും നാലുപതിറ്റാണ്ട് കാലത്തെ ചലച്ചിത്രോത്സവാനുഭവങ്ങളായ ഭകാ!ഴ്ച്ചയുടെ ഭൂപടത്തില്‍ ഓര്‍മ്മകളുടെ വസന്ത'(പുസ്തക പ്രസാധക സംഘം)വും മലയാള സിനിമയിലെ ആള്‍ക്കൂട്ട ഉല്‍സവങ്ങളുടെ ചലച്ചിത്രകാരനായ ഐവി ശശിയെക്കുറിച്ചുള്ള സമഗ്രപഠനവും ഓര്‍മ്മയുമാണ്(കേരളാ ചലച്ചിത്ര അക്കാദമി) ഇപ്പോള്‍ ഒരുമിച്ചെത്തിയിരിക്കുന്ന പ്രേംചന്ദിന്റെ മൂന്ന് പുസ്തകങ്ങള്‍.

സിനിമയുടെ മായാക്കാഴ്ച്ചകളില്‍ മറന്ന് പോകുന്ന രാഷ്ട്രീയവും സമരവും പ്രതിരോധവും ജീവിതവുമെല്ലാമാണ് ഈ പുസ്തകങ്ങളുടെ ആകെത്തുക. ഒരു പക്ഷേ, ചിത്രഭൂമിയിലെ ആഴ്ച്ചക്കുറിപ്പുകളായി ഒരൊറ്റപ്പേജിന്റെ സംക്ഷിപ്തതയില്‍ മുനകൂര്‍പ്പിച്ചെത്തിയ നോയ്‌സ്’ നിലച്ച് പോയതോടെയാണ് എതിര്‍പ്പുകള്‍ക്ക് ശേഷിയില്ലാത്ത സൗന്ദര്യവര്‍ണ്ണനകളായി നമ്മുടെ നിരൂപണം ഇവിടെ തല താഴ്ത്തിയത്.

ധീരമായ ചലച്ചിത്ര നിരൂപണം ഇന്ന് സമൂഹമാധ്യമങ്ങളില്‍ മാത്രം മുഴങ്ങിക്കേള്‍ക്കുന്ന കാലത്ത് മുഖ്യധാരമാധ്യങ്ങളുടെ ചുറ്റുവട്ടത്തില്‍ തന്നെ പോരാടി സ്വന്തമാക്കിയ ചലച്ചിത്ര വിമര്‍ശനത്തിന്റെ ഇടം എന്തായിരുന്നു എന്നതിന്റെ ചരിത്ര പുസ്തകവുമാണ് പ്രേംചന്ദിന്റെ രചനകളെല്ലാം. നവമാധ്യമങ്ങള്‍ ശക്തമായ കാലത്ത് ഇന്ന് കാണുന്ന തരം സിനിമാ എഴുത്തിന്റെ വ്യാകരണം സൃഷ്ടിക്കപ്പെട്ടതും നോയ്‌സില്‍ നിന്നാകുന്നു. പ്രതിബദ്ധത സിനിമയോട് മാത്രമാകുന്ന ആ എഴുത്തിന്റെ കഴുത്തരിഞ്ഞുവെങ്കിലും തടുക്കാനാവാത്ത രാഷ്ട്രീയയാഥാര്‍ത്ഥ്യമായി നോയ്‌സുകള്‍ ഇവിടെ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു കേട്ടുകൊണ്ടേയിരിക്കുന്നു. അവിടെ സ്വന്തം നിലക്ക് ആ ചരിത്രത്തിന് ആദ്യമേ വഴിവെട്ടിയ ഒരെഴുത്തുകാരന്റെ കാല്‍പ്പാടുകള്‍ എന്ന നിലക്കാകും ഈ മൂന്നു പുസ്തകങ്ങളും വരാന്‍ പോകുന്ന പോകുന്ന പുസ്തകങ്ങളും പുതിയ കാലം കൈയ്യിലെടുക്കുക.

കെസി നാരായണന്‍ നൂറ്റാണ്ടിന്റെ മൗനങ്ങളുടെ അവതാരികയില്‍ ഇങ്ങനെയെഴുതുന്നു: ഭഭമുപ്പതു വര്‍ഷത്തെ ചലച്ചിത്ര വിമര്‍ശനങ്ങള്‍ സമാഹരിച്ച ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോള്‍ ആരംഭകാലത്ത് ഉണര്‍ന്നു നിന്ന അതേ രാഷ്ട്രീയ ജാഗ്രതയും ചോദ്യം ചെയ്യല്‍ ശീലവും ഇന്നും പ്രേംചന്ദില്‍ തുടരുന്നു എന്നതിന്റെ തെളിവുകള്‍ കാണാം. സിനിമാ നിരൂപണം അടിസ്ഥാനപരമായി സംസ്‌കാര നിരൂപണമാണ് എന്ന ഉറച്ച ധാരണ കാണാം. മറവികളെയും സ്വപ്നങ്ങളെയും ഒരേപോലെ ഉല്‍പ്പാദിപ്പിക്കുന്ന മൂലധനത്തിന്റെ ഈ കലയെ, നിലപാടുകളുടെ പേരില്‍ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ വിവേകവും കാണാം”

സത്യമാണത്. രാജ്യത്ത് വിമര്‍ശനങ്ങള്‍ മരണാസന്നമായ ഈ കാലത്താണ് മൗനം വെട്ടിപ്പൊളിച്ച് ഒരു ചലച്ചിത്ര യാത്രികന്‍ താന്‍ ചോദ്യം ചെയ്ത ചരിത്രത്തെ വീണ്ടു വായനയ്ക്കും വിചാരണയ്ക്കു തന്നെയും മുന്നില്‍ വെയ്ക്കുന്നത്. നമുക്ക് വിയോജിക്കാം വിമര്‍ശിക്കാം. പക്ഷേ അവഗണിക്കാനാവാത്ത ആത്മാര്‍ത്ഥതയുടെ ആഴവും പരപ്പുംകൊണ്ടാണ് എല്ലാ ചുഴലിക്കാറ്റുകളെയും സുനാമികളെയും അത് നാളെയും അതി ജീവിക്കാന്‍ പോകുന്നത്.

സ്വയം സെന്‍സറിംഗുകളും അടിയന്തരാവസ്ഥകളും ചോദ്യങ്ങളൊന്നുമില്ലാതെ എടുത്തണിഞ്ഞ ഒരു ജനതയ്ക്ക് മുന്നില്‍ പ്രേംചന്ദ് വാക്കുകളിലും സ്വപ്നങ്ങളിലും ഇന്ന് മുമ്പെന്നത്തേക്കാള്‍ കൂടുതല്‍ കരുത്തനാണ്. നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രം എന്നല്ലാതെ മറ്റെന്താണ് ആ പുസ്തകങ്ങളും പറയുന്നത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News