ജോലിയ്ക്ക് ഹാജരാകാത്ത കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിടികൂടാനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: മതിയായ കാരണമില്ലാതെ ജോലിയ്ക്ക് ഹാജരാകാത്ത കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിടികൂടാനൊരുങ്ങി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അധികൃതര്‍.

ജീവനക്കാര്‍ അനധികൃതമായി ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് അകാരണമായി അവധിയില്‍ പോകുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ജീവനക്കാര്‍ അനധികൃതമായി അവധിയെടുക്കരുതെന്ന് കാട്ടി KSRTC എം.ഡി സര്‍ക്കുലറും പുറത്തിറക്കി.

സംസ്ഥാനത്ത് KSTRCയുടെ ഒരു ബസ്സിന് എട്ടുജീവനക്കാര്‍ വീതം ഉണ്ടെങ്കിലും 250 ലധികം ബസ്സുകള്‍ ദിവസും സര്‍വ്വീസ് നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഇതിന്റെ പ്രധാനകാരണം കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മതിയായ കാരണമില്ലാതെ അവധിയെടുക്കുന്നതാണെന്നാണ് മാനേജ്‌മെന്റിന്റെ കണ്ടെത്തല്‍.

അതുകൊണ്ട് തന്നെ ഇത്തരത്തില്‍ അനധികൃതമായി അവധിയെടുത്ത് ജോലിചെയ്യാതെ മുങ്ങുന്ന ജീവനക്കാരെ പിടികൂടാനാണ് അധികൃതരുടെ തീരുമാനം. മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരാകാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നടപടിയ്ക്ക് വിധേയരാക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നു. ഇത്തരം ജീവനക്കാരെ കണ്ടെത്തുന്നതിനായി പ്രത്യേക ഉദ്ദ്യോഗസ്ഥരെയും നിയോഗിച്ചിരിക്കുകയാണ്.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന്‍സ്, വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് അന്വേഷണചുമതല. ജീവനക്കാര്‍ അനധികൃതമായി ജോലിക്കെത്താതെ സര്‍വ്വീസുകള്‍ മുടങ്ങിയാല്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ സ്ഥലമാറ്റം അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് കാട്ടി KSRTC എം.ഡി.എ.ഹേമചന്ദ്രന്‍ സര്‍ക്കുലറും പുറത്തിറക്കി.

ബസ്സ് പുറപ്പെടേണ്ട സമയത്തിന് അരമണിക്കൂറോ ഒരു മണിക്കൂറോ മുന്‍പ് അവധി വിളിച്ചു പറഞ്ഞ് മുങ്ങുകയാണ് ചില ജീവനക്കാര്‍ ചെയ്യുന്നതെന്നാണ് മാനേജ്‌മെന്റിന്റെ ആക്ഷേപം. ജോലിക്കെത്തില്ലെന്ന കാര്യം മുന്‍കൂട്ടി അറിയിച്ചാല്‍ പകരം ജീവനക്കാരെ നിയോഗിക്കാനാകും.

സമയത്ത് ജോലിക്ക് എത്താതിരിക്കുകയും പിന്നീട് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എം.ഡി അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മുടങ്ങുന്ന സര്‍വ്വീസുകളിലൂടെ കോടികളാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടപ്പെടുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News