തെറ്റ് തിരുത്തേണ്ടത് കോണ്‍ഗ്രസ്; സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള എ‍ഴുതുന്നു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ബിജെപിയെ എതിര്‍ക്കാന്‍ സിപിഐ എമ്മിന് യഥാര്‍ഥത്തില്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചിരിക്കുകയാണ്. ബിജെപിയാണ് വലിയ ശത്രുവെന്ന് അംഗീകരിക്കുന്നുണ്ടോ എന്നും രാഹുല്‍ ചോദിക്കുന്നു. ഇന്നത്തെ പ്രധാന വിപത്ത് ബിജെപിയാണെന്ന കാര്യത്തില്‍ സിപിഐ എമ്മിന് സംശയമില്ല.

ബിജെപി ഭരണത്തിലിരുന്ന 1998-2004 കാലത്തും സിപിഐ എമ്മിന്റെ നിലപാട് അതുതന്നെയായിരുന്നു. അതുകൊണ്ടാണ് 2004ലെ ലോക്സഭാതെരഞ്ഞെടുപ്പിനെതുടര്‍ന്ന് കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ സിപിഐ എം അംഗങ്ങള്‍ ബിജെപിയെ ഭരണത്തില്‍നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. ബിജെപി ഭരണത്തിലിരുന്ന കാലത്തെല്ലാം അവര്‍തന്നെയാണ് സിപിഐ എമ്മിന് മുഖ്യശത്രു.

രാഹുല്‍ ഗാന്ധി ഉത്തരം പറയേണ്ടത് രണ്ടു കാര്യത്തിനാണ്. 2004-14 വരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യുപിഎ (ഐക്യ പുരോഗമനസഖ്യം) 2014ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്, ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ച് ബിജെപി ഭരണം പുനഃസ്ഥാപിക്കപ്പെട്ടതിന് ആരാണ് ഉത്തരവാദി?

രണ്ട്, സ്വാതന്ത്യ്രത്തിനുശേഷം ദീര്‍ഘകാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് കേന്ദ്രത്തിലും ബഹുഭൂരിപക്ഷ സംസ്ഥാനങ്ങളിലും പരാജയപ്പെട്ടു എന്നും ബിജെപിയുടെ കടന്നുവരവിന് അവസരമുണ്ടായി എന്നും വിശദീകരിക്കണം. കോണ്‍ഗ്രസ് ഇക്കാലത്താകെ തുടര്‍ന്നുവന്ന സാമ്പത്തിക സാമൂഹിക രാഷ്ട്രീയ വിദേശ നയസമീപനമാണ് ബിജെപിക്ക് വളരാനും അധികാരത്തിലെത്താനും അവസരം നല്‍കിയത്.

ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ധൈര്യം കാട്ടുമോ? 2004ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ബിജെപിയുടെ വര്‍ഗീയ നയങ്ങളെ എതിര്‍ക്കുന്നതിനല്ല പരിശ്രമിച്ചത്. യുപിഎതന്നെ അംഗീകരിച്ച പൊതുമിനിമം പരിപാടിക്ക് വിരുദ്ധമായി ജനവിരുദ്ധ- നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ ആവേശപൂര്‍വം നടപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള തന്ത്രപരമായ ചങ്ങാത്തം ഉറപ്പാക്കാന്‍ ശ്രമിച്ചത് ഇക്കാലത്താണ്. ഇതിനുപുറമെ അമേരിക്കയുമായുള്ള ചങ്ങാത്തം കൂടുതല്‍ ഉറപ്പിക്കാന്‍ ആണവകരാറില്‍ ഒപ്പിടുന്നതിനും യുപിഎ മുന്നോട്ടുവന്നു.

ആകാശംമുട്ടേ വളര്‍ന്ന അഴിമതിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി. പൊതുമുതലും പ്രകൃതിസമ്പത്തും ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊള്ളയടിക്കാന്‍ അവസരം നല്‍കുകയാണ് യുപിഎ ഭരണം ചെയ്തത്. കോണ്‍ഗ്രസ് പിന്തുടര്‍ന്ന് വന്ന ഈ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും അമേരിക്കയ്ക്ക് കീഴടങ്ങുന്ന വിദേശനയവും അഴിമതികളുമാണ് ബിജെപിക്ക് കടന്നുവരാനുള്ള അവസരം നല്‍കിയത്.

ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒരു സ്വയംവിമര്‍ശനത്തിന് തയ്യാറുണ്ടോ? തങ്ങള്‍ക്ക് സംഭവിച്ച ഈ തെറ്റുകള്‍ സമ്മതിച്ചും നയസമീപനങ്ങള്‍ തിരുത്തിക്കൊണ്ടുമാണ് ബിജെപിയെ എതിര്‍ക്കുന്നതിനുള്ള ആത്മാര്‍ഥത രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തെളിയിക്കേണ്ടത്.

ബിജെപിയെയും കോണ്‍ഗ്രസിനെയും ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയ കക്ഷികളായിട്ടാണ് സിപിഐ എം വിലയിരുത്തുന്നത്. ഇക്കാരണത്താലാണ് നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും അമേരിക്കന്‍ അനുകൂല വിദേശനയ സമീപനങ്ങളും എടുക്കുന്നതില്‍ അവര്‍ കൈകോര്‍ക്കുന്നത്. ഇത്തരം നയങ്ങള്‍ നടപ്പാക്കാന്‍ ഇരുവരും ഭരണത്തിലെത്തുമ്പോള്‍ പരസ്പരം സഹായിക്കുന്നത് പതിവാണ്. ബിജെപി ഉദാരവല്‍ക്കരണനയം നടപ്പാക്കുമ്പോള്‍ ഞങ്ങള്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് അതിന്റെ ക്രെഡിറ്റ് എടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എന്നും സ്വീകരിച്ചിട്ടുള്ളത്.

ജിഎസ്ടിയെ തെരഞ്ഞെടുപ്പുകാലത്ത് എതിര്‍ക്കാന്‍ തയ്യാറായ രാഹുല്‍ ഗാന്ധിയുടെ പാര്‍ടി നേതാക്കള്‍ ജിഎസ്ടി കൊണ്ടുവന്നത് തങ്ങളാണെന്ന് പറയാനുള്ള ഒരവസരവും പാഴാക്കിയിട്ടില്ല. ജിഎസ്ടി നടപ്പാക്കിയത് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുകയും അതിനെതിരെ എതിര്‍പ്പ് രൂക്ഷമാവുകയും ചെയ്തപ്പോഴാണ് കേവലം തെരഞ്ഞെടുപ്പുലാഭത്തിനായി രാഹുല്‍ ഗാന്ധി ജിഎസ്ടിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്.

ആക്രമണോത്സുകമായ വര്‍ഗീയ നയസമീപനങ്ങള്‍ ബിജെപി സ്വീകരിക്കുന്നത് ബൂര്‍ഷ്വ- ഭൂപ്രഭു- വര്‍ഗ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി തുടങ്ങിയ ജനകീയപ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിന് വര്‍ഗീയതയെ അവര്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരുമിച്ച് അണിനിരക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയതയെ ഉപയോഗപ്പെടുത്തുന്നു.

കോണ്‍ഗ്രസ് പിന്തുടരുന്ന ജനവിരുദ്ധ ഉദാരവല്‍ക്കരണ നയങ്ങളും അമേരിക്കന്‍ അനുകൂല വിദേശനയങ്ങളും തിരുത്താത്തിടത്തോളം കാലം അവര്‍ക്ക്് ബിജെപിയെ ഫലപ്രദമായി നേരിടാനാകില്ല. തത്വാധിഷ്ഠിതമായ നിലപാടില്‍ നിന്നുകൊണ്ട് വര്‍ഗീയതയെ നേരിടുന്നതിനുപകരം കോണ്‍ഗ്രസ് പലപ്പോഴും മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണ്. ഇതും ബിജെപിയുടെ സ്വാധീനശക്തി വളരുന്നതിനാണ് ഇടവരുത്തുന്നത്.

ബിജെപിയും കോണ്‍ഗ്രസും മറ്റു പല പ്രാദേശികകക്ഷികളും അടങ്ങുന്ന ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ തൊഴിലാളികള്‍, കൃഷിക്കാര്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തുടങ്ങിയ സാമാന്യ ജനങ്ങളുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ആവശ്യങ്ങളെ ആസ്പദമാക്കി ജനകീയശക്തികളെ ഏകോപിപ്പിക്കുന്നതിനാണ് സിപിഐ എം ശ്രമിക്കുന്നത്.

ബൂര്‍ഷ്വ- ഭൂപ്രഭു രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ബദല്‍നയങ്ങളുടെ അടിസ്ഥാനത്തില്‍ ഇടതുജനാധിപത്യ ശക്തികള്‍ കരുത്താര്‍ജിക്കുമ്പോഴാണ് വര്‍ഗീയശക്തികളെ ശാശ്വതമായി നമുക്ക് തടയാന്‍ കഴിയുക. അമിതാധികാരസ്വഭാവം പ്രകടിപ്പിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെയും വര്‍ഗീയശക്തികളുടെയും അടിത്തറ ബൂര്‍ഷ്വ- ഭൂപ്രഭു വര്‍ഗ മേധാവിത്വമാണ്. ഇത് തകര്‍ക്കാനാണ് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ ജനാധിപത്യശക്തികളും നിരന്തരമായി ശ്രമിക്കുന്നത്.

ഇടത് ജനാധിപത്യശക്തികളുടെ യോജിപ്പും കരുത്തും വളര്‍ത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ദുര്‍ബലപ്പെടുത്താതെ ഇന്നത്തെ പ്രധാന വിപത്തായ ബിജെപിയെ പരാജയപ്പെടുത്താനാണ് സിപിഐ എമ്മും ഇടതുകക്ഷികളും പരിശ്രമിക്കുന്നത്. ബിജെപിയുടെ വര്‍ഗീയതയ്ക്കും അമിതാധികാര നീക്കങ്ങള്‍ക്കുമെതിരെ മത നിരപേക്ഷ ശക്തികളുടെ വിശാലനിര കെട്ടിപ്പടുക്കാന്‍ സിപിഐ എമ്മും ഇടതുപക്ഷവും എപ്പോഴും മുന്‍പന്തിയിലുണ്ടാകും. വളര്‍ന്നുവരുന്ന ഈ വിശാല ജനകീയ ഐക്യത്തെ ബൂര്‍ഷ്വ- ഭൂപ്രഭു വര്‍ഗ താല്‍പ്പര്യത്തിന് ഉപയോഗപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്്.

അതുകൊണ്ടാണ് നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെയോ അമേരിക്കന്‍ അനുകൂല വിദേശനയങ്ങളെയോ എതിര്‍ക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറാകാത്തത്. വര്‍ഗീയതയ്ക്കെതിരായ സമരത്തെയും നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരത്തെയും ഏകോപിപ്പിക്കുമ്പോഴാണ് ജനങ്ങളുടെ വിശാല ഐക്യനിര ശക്തിപ്പെടുന്നത്. ഈ യാഥാര്‍ഥ്യം കാണാന്‍ രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ ഇന്നുവരെ തയ്യാറായിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News