ശബരിമല അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്തു; എസ്എഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചു; ആക്രമണം ഹിന്ദു ദൈവങ്ങളെ അപമാനിക്കുമോടാ എന്നു ചോദിച്ച്

ആലപ്പുഴ: ശബരിമല അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്‌തെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചു. ആലപ്പുഴ കൈനകരി സ്വദേശിയും അമ്പലപ്പുഴ ഗവ എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥിയുമായ ലിയോണ്‍ പീറ്റര്‍ വര്‍ഗീസിനെയാണ് മര്‍ദ്ദിച്ചത്.

വെള്ളിയാഴ്ച കോളേജില്‍നിന്നും വരുമ്പോള്‍ രണ്ടു ബൈക്കുകളിലായി എത്തിയ അക്രമികള്‍ ലിയോണിനെ മര്‍ദ്ദിക്കുകയായിരുന്നു. പരുക്കുകളോടെ ലിയോണ്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആയുധങ്ങള്‍ സഹിതം എത്തിയ ഇവര്‍ കരണത്ത് അടിക്കുകയും താഴെയിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുമോടാ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും ലിയോണ്‍ പറയുന്നു.

ട്രോള്‍ റിപ്പബ്ലിക് എന്ന ഗ്രൂപ്പില്‍ ശബരിമലയിലെ ദര്‍ശന സമയം കൂട്ടിയതിനെ ഹാസ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട്, ‘ദര്‍ശനസമയം കൂട്ടിയത് കാരണം ഹരിവസാനം കേള്‍ക്കാന്‍ കാത്തിരിക്കുന്ന അയ്യപ്പന്‍’ എന്ന പേരില്‍ മീശമാധവന്‍ എന്ന സിനിമയിലെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം കണ്‍ പോളകള്‍ക്കിടയില്‍ ഇര്‍ക്കിലി വച്ചിരിക്കുന്ന രംഗത്തിന്റെ ചിത്രം ഉപയോഗിച്ച് ട്രോള്‍ ഇറക്കിയിരുന്നു. ഈ ട്രോള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയില്‍ സൈബര്‍ സെല്‍ കേസ് എടുത്തിരുന്നു.

ഈ ട്രോള്‍ ചിത്രം ലിയോണും തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതാണ് ലിയോണിനെ മര്‍ദ്ദിക്കാന്‍ കാരണമായി പറയുന്നത്. ട്രോള്‍ ഷെയര്‍ ചെയ്തതു മാത്രമാണ് തന്നെ മര്‍ദ്ദിക്കാന്‍ കാരണം എന്നു വിശ്വസിക്കുന്നില്ലെന്നും എസ്എഫ്‌ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റിയംഗം കൂടിയായ തനിക്കെതിരേ ആര്‍എസ്എസുകാര്‍ നേരത്തെ തന്നെ ഗൂഢാലോചന നടത്തുന്നുണ്ടായിരുന്നുവെന്നും ലിയോണ്‍ പറയുന്നു.

വെള്ളിയാഴ്ച സംഗീത് എന്നൊരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടില്‍ കയറി വെട്ടുമെന്നായിരുന്നു ഭീഷണി. ഇതിനുശേഷമാണ് മര്‍ദ്ദനമേറ്റത്. ലിയോണിന്റെ ഫോണിലേക്ക് വന്ന ഭീഷണി കോളിന്റെ നമ്പര്‍ വച്ചാണ് പൊലീസില്‍ പരാതി നല്‍കിയിയിട്ടുള്ളത്.

അതേസമയം, തന്റെ ഫോട്ടോ ഒരു ആര്‍എസ്എസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ടായിരുന്നുവെന്നും തല്ലാനുള്ള പദ്ധതി നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നും കോളേജിലെ എബിവിപി പ്രവര്‍ത്തകന്‍ തന്നെ തന്നോട് പറഞ്ഞിരുന്നതായും ഇപ്പോഴതിനൊരു കാരണം കിട്ടിയപ്പോള്‍ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്നും ലിയോണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News