ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; 1544 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവ്

തിരുവനന്തപുരം: മൂന്നു മാസത്തെ സാമൂഹ്യക്ഷേമ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം തുടങ്ങി.

പെന്‍ഷന്‍ വിതരണത്തിന് 1544 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള പെന്‍ഷനാണ് ക്രിസ്തുമസ് കാലത്ത് വിതരണം ചെയ്യുന്നത്. ആകെ 51 ലക്ഷം പേര്‍ക്ക് പെന്‍ഷനുകള്‍ ലഭിക്കും.

ബാങ്ക് അക്കൌണ്ടു വഴിയോ സഹകരണസംഘങ്ങള്‍ വഴി നേരിട്ടോ ആണ് പെന്‍ഷന്‍ തുക വിതരണം ചെയ്യുക. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1361 കോടിയും ക്ഷേമനിധി പെന്‍ഷന്‍ വിതരണത്തിന് 183 കോടി രൂപയുമാണ് അനുവദിച്ചത്.

പെന്‍ഷന്‍ തുക വീടുകളില്‍ നേരിട്ടു വിതരണം ചെയ്യുന്നതിനും ബാങ്ക് അക്കൌണ്ടു വഴി വിതരണം ചെയ്യുന്നതിനും ആവശ്യമായ തുക ബന്ധപ്പെട്ട പിന്‍വലിച്ച് വിതരണം ചെയ്യാന്‍ പഞ്ചായത്ത് ഡയറക്ടറെ ഉത്തരവില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആധികാരിക രേഖകളില്ലാത്തതിനാല്‍ പെന്‍ഷന്‍ ലഭിക്കാതിരുന്നവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കുന്നതിന് നവംബര്‍ മാസത്തില്‍ അവസരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അറുപത്തയ്യായിരം പേരാണ് ശരിയായ രേഖകള്‍ സമര്‍പ്പിച്ചത്. അവര്‍ക്കും പെന്‍ഷന്‍ തുക ലഭിക്കും.

പണഞെരുക്കം യാഥാര്‍ത്ഥ്യമാണെങ്കിലും പാവങ്ങളോടുള്ള സര്‍ക്കാരിന്റെ മുന്‍ഗണനയ്ക്ക് മാറ്റം വരുത്തേണ്ടെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ചതെന്ന് ധനകാര്യമന്ത്രി ടി. എം. തോമസ് ഐസക് അറിയിച്ചു.

പെന്‍ഷന്‍ ഫണ്ട് പിന്‍വലിക്കലിന് ഒരു ട്രഷറി നിയന്ത്രണവും ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News