ഓഖി ദുരന്തം: ലത്തീന്‍ കത്തോലിക്കസഭയുടെ കീഴിലെ പള്ളികളില്‍ ഇടയലേഖനം; ”ഒപ്പം നിന്ന സര്‍ക്കാരിന് നന്ദി, ധനസഹായം കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, സാഹചര്യങ്ങള്‍ മുതലെടുക്കുവാന്‍ ആരെയും അനുവദിക്കരുത്”

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍, ലത്തീന്‍ കത്തോലിക്കസഭയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചു. മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുവാനും തീരദേശത്തിന്റെ സമഗ്രവളര്‍ച്ച ഉന്നം വച്ചുകൊണ്ട് പുനഃരധിവാസ പരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാനും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.

സഭയുടെ ഇടവകളില്‍ ഇന്ന് ലഭിക്കുന്ന കാണിക്കയും പുനരധിവാസ പദ്ധതിക്കായി കിട്ടുന്ന സംഭാവനയും പൂര്‍ണ്ണമായും മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം.

ഓഖി ദുരന്തത്തിനിരയായവര്‍ക്കുള്ള ലത്തീന്‍ കത്തോലിക്കാ അതിരൂപതയുടെ ഒന്നാംഘട്ട പുനഃരധിവാസ പദ്ധതിയുടെ പ്രഖ്യാപനം ഡിസംബര്‍ 29ന് ഉണ്ടാകുമെന്നും ലത്തീന്‍ കത്തോലിക്കാ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ.സൂസാപാക്യം പള്ളികളില്‍ നല്‍കിയ ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.

നമ്മുടെ തീരപ്രദേശം ഇന്നൊരു സങ്കടകടലാണ് എന്നു പറഞ്ഞു കൊണ്ടാണ്, ഓഖി ദുരന്തം സംബന്ധിച്ച്, ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം ആരംഭിക്കുന്നത്.

ഓഖി ദുരന്തത്തിന് ഇരയായവരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് സഹായം നല്‍കുകയും, പ്രഖ്യാപിക്കുകയും ചെയ്ത സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും ഇടയലേഖനം പറയുന്നു.

മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുവാനും തീരദേശത്തിന്റെ സമഗ്രവളര്‍ച്ച ഉന്നം വച്ചു കൊണ്ട് പുനഃരധിവാസ പരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാനും ഇടയലേഖനം ആഹ്വാനം ചെയ്യുകയാണ്.

സഭയുടെ ഇടവകളില്‍ ഇന്ന് ലഭിക്കുന്ന കാണിക്കയും പുനരധിവാസ പദ്ധതിക്കായി കിട്ടുന്ന സംഭാവനയും പൂര്‍ണ്ണമായും മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം.

പുനരധിവാസ പാക്കേജിനായി സമാഹരിക്കുന്ന ഒരു രൂപ പോലും ചോര്‍ന്നു പോകാതെ അങ്ങേയറ്റം സുതാര്യമായി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ നമുക്കാകണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ മുതലെടുക്കുവാന്‍ ആരെയും അനുവദിക്കരുത്.

സ്‌നേഹത്തോടെ പരസ്പരം സഹകരിച്ച് മുന്നോട്ടു പോയാല്‍ ഇന്നത്തെ പ്രതിസന്ധിയെ തരണം ചെയ്യുക മാത്രമല്ല, വികസനത്തിന്റെ പാതയിലൂടെ മുന്നോട്ടു പോകാന്‍ സാധിക്കുക തന്നെ ചെയ്യുമെന്നും ഇടയലേഖനം പറയുന്നുണ്ട്.

ഓഖി ദുരന്തം സംഭവിച്ച് ഒരു മാസം തികയുന്ന ഡിസംബര്‍ 29ന് തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളില്‍ അനുസ്മരണ സമ്മേളനവും ദിവ്യബലിയും നടക്കും.

കടുത്ത വേദനയുടെ നടുവിലും നമ്മുടെ ഹൃദയത്തില്‍ ജനിക്കുന്ന യേശുവിന്റെ സ്‌നേഹവും നമ്മെ ആശ്വസിപ്പിക്കാനായി നമ്മുടെ മദ്ധ്യേ വസിക്കുന്ന അവിടത്തെ സാന്നിധ്യവും അനുഭവിച്ചുകൊണ്ട് നമുക്ക് ക്രിസ്മസ് ആഘോഷിക്കാമെന്നും പറഞ്ഞാണ് ഇടയലേഖനം അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here