‘ക്ലാരയ്ക്കും ജയകൃഷ്ണനും’ ഇന്ന് വയസ്സ് 30

മലയാളികളുടെ സ്വന്തം സംവിധായകന്‍, മാന്ത്രിക സ്പര്‍ശമുള്ള തിരക്കഥകളുടെ സ്രഷ്ടാവ്, കുടുംബ ചിത്രങ്ങളുടെ കലാകാരന്‍ എന്നിങ്ങനെ പോകുന്നു പത്മരാജന്‍ എന്ന ചലച്ചിത്രപ്രവര്‍ത്തകന്റെ വിശേഷണങ്ങള്‍. കഥാകൃത്ത്, സംവിധായകന്‍, നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ മലയാളിയെ മോഹിപ്പിച്ച ഗന്ധര്‍വ്വന്‍ കൂടിയാണ് പത്മരാജന്‍.

എഴുത്തിന്റെ മായിക ഭാവം സിനിമയിലും പകര്‍ത്തി മലയാളിയുടെ ഇടം നെഞ്ചില്‍ സ്ഥാനം പിടിച്ച ഈ കലാകാരന്‍ ഇന്ന് ഓര്‍മ്മ മാത്രം. എന്നാല്‍ ആ ഗന്ധര്‍വ്വന്റെ വിരല്‍ തുമ്പിലൂടെ ജീവന്‍ നല്‍കിയ എത്രയെത്ര കഥാപാത്രങ്ങള്‍ ഇന്നും അനശ്വരമായി തന്നെ നില്‍ക്കുന്നു.

മലയാളത്തിലെ എക്കാലത്തെയും ക്‌ളാസിക് ഹിറ്റുകളില്‍ ഒന്നായ തൂവാനത്തുമ്പികളിലൂടെ ജയകൃഷ്ണനും ക്‌ളാരയും മലയാളികളുടെ മനസില്‍ ചേക്കേറിയിട്ട് 30 വര്‍ഷം.

ജയകൃഷ്ണനും ക്ലാരയും ഒന്നിച്ചില്ലെങ്കിലും ഇന്നും മലയാളികളുടെ മനസ്സില്‍ ക്ലാര, കാമുകി സങ്കല്‍പ്പമായി നിലനില്‍ക്കുന്നു. ഒളിച്ചുവയ്ക്കപ്പെട്ട ലൈംഗികതയും പ്രണയവും മായിക ഭാവത്തോടെ മഴയുടെ അകമ്പടിയോടെ കടന്നു വരുമ്പോള്‍ 30 വര്‍ഷത്തിന് ശേഷവും ആ കഥപാത്രങ്ങള്‍ മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നു.

ജയകൃഷ്ണനും ക്ലാരയും 30 ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അത്തരത്തിലുള്ള, മലയാളികള്‍ക്ക് സൂക്ഷിച്ചുവെയ്ക്കാനാകുന്ന കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്ന പരാതിയും ഒരുഭാഗത്ത് മു!ഴച്ചുനില്‍ക്കുന്നുണ്ട്.

തന്റെ തന്നെ നോവലായ ഉദകപ്പോളയെ ആസ്പദമാക്കി പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 1987ല്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍.

നാട്ടിന്‍പുറത്തുകാരനായ പിശുക്കനായ അറുപഴഞ്ചന്‍ തറവാടിയായും പട്ടണത്തിലെത്തിയാല്‍ സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷമാക്കുന്ന ദ്വന്ദ്വ വ്യക്തിത്വത്തിനുടമയായ മണ്ണാര്‍തൊടിയില്‍ ജയകൃഷ്ണന്‍. കാലമിത്ര പിന്നിട്ടിട്ടും ഇന്നും കാമുകി സങ്കല്‍പ്പമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച നിഗൂഢ കഥാപാത്രം ക്ലാര.

പ്രണയത്തെയും രതിയെയും നിര്‍വചിക്കുക പ്രയാസമാണ്. പക്ഷേ അത് പത്മരാജന്റെ കരവിരരുതിലെത്തിയപ്പോള്‍ സങ്കല്‍പ്പങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മാറ്റിമറിയ്ക്കപ്പെട്ടു.

മേഘം പൂത്തുതുടങ്ങി…മോഹം പെയ്തുതുടങ്ങി…മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം…ആര് ആരെ ആദ്യമുണര്‍ത്തി…ആര് ആരുടെ നോവും പകര്‍ത്തി…….അറിയില്ലല്ലോ അറിയില്ലല്ലോ..അത് പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍ തൂവാനതുമ്പികളിലൂടെ വരച്ചുകാട്ടുകയാണ്.

പലര്‍ക്കും പ്രണയവും രതിയും മഴയും വേനലും മഞ്ഞും കുളിരുമെല്ലാമാണ്.. എന്നാല്‍ പെയ്തു തോരുന്ന മഴപോലെ മനുഷ്യമനസിനെ കീഴടക്കുന്ന ഈ രണ്ടു വികാരങ്ങളും ഒരുമിക്കുകയാണ് തൂവാനത്തുമ്പികളിലൂടെ പ്രേക്ഷക ലക്ഷങ്ങള്‍ കണ്ടത്.

ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും മനസ്സും ശരീരവും കൈമാറിയ ആ പ്രണയത്തിനിടെ ക്ലാര പറയുന്നുണ്ട് ‘ആദ്യമായിട്ട് മോഹം തോന്നുന്ന ആളെ ജീവിതം മുഴുവന്‍ ഒരുമിച്ച് ഉണ്ടാവുന്നത് ഭാഗ്യമുള്ളോര്‍ക്കെ കിട്ടു’. ഒന്നാകാന്‍ ഒരായിരം വഴികളുണ്ടായിട്ടും വേര്‍പിരിയലിലായിരുന്നു തൂവാനതുമ്പികളിലെ പ്രണയത്തിന് വശ്യ സൗന്ദര്യമേകുന്നതും.

ക്ലാരയും ജയകൃഷ്ണനും അവരവരുടെ കുടുംബജീവിതത്തിലേക്കു കടക്കുന്നതിനു മുന്‍പ് കണ്ടുമുട്ടുമ്പോള്‍ മഴയില്ലെന്നത് ചിത്രത്തിലെ മറ്റൊരു പത്മരാജന്‍ മാജിക്. ഒന്നും മറച്ചു വെയ്ക്കാതെയാണ് രാധയെ(പാര്‍വ്വതിയെ) ജയകൃഷ്ണന്‍ സ്വന്തമാക്കുന്നത്.പാര്‍വ്വതിയും ജയകൃഷ്ണനും തമ്മിലുള്ള പ്രണയത്തിന് സാക്ഷിയാകുന്നത് സാക്ഷാല്‍ വടക്കുംനാഥന്‍.

ഏതു സാഹചര്യത്തിലും ജയകൃഷ്ണനൊപ്പം നില്‍ക്കുന്ന രാധയും യഥാര്‍ത്ഥ പ്രണയത്തിന്റെ മുഖമായി. മോഹന്‍ലാല്‍ ജയകൃഷ്ണനായി അഭ്രപാളിയില്‍ നിറഞ്ഞാടിയപ്പൊള്‍ ക്ലാരയാകാനുള്ള ഭാഗ്യം പത്മരാജന്‍ സമ്മാനിച്ചത് നടി സുമലതക്കായിരുന്നു.

ഗാനങ്ങള്‍ കൊണ്ട് തൂവാനതുമ്പികള്‍ക്ക് അതിമധുരം പകരാനും പത്മരാജനെന്ന നിത്യഹരിത ഹിറ്റ് മേക്കര്‍ക്ക് കഴിഞ്ഞുവെന്നതും സിനിമാ പ്രേമികള്‍ മനസ്സ് തുറന്ന് സമ്മതിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News