തൃപ്പൂണിത്തുറ കവര്‍ച്ച; മോഷണത്തിന് മുന്‍പ് സംഘം തിയേറ്ററില്‍ കയറി; പൂനെ കേന്ദ്രീകരിച്ചുള്ള സംഘത്തിന് പിന്നാലെ പൊലീസ്

തൃപ്പൂണിത്തുറ എരൂരില്‍ കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. എരൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസി ടിവി ക്യാമറയിലാണ് മോഷ്ടാക്കളുടെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

കമ്പി വടിയുമായി എത്തിയ സംഘം സിസി ടിവി ക്യാമറയും അടിച്ചു തകര്‍ത്തു. ഇതിനിടെ തൃപ്പൂണിത്തറയിലെ തിയേറ്ററിലെ സിസി ടിവി ക്യാമറയില്‍ നിന്നും പ്രതികളുടെതെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

മുഖം മറച്ച നിലയില്‍ ഏഴംഗ സംഘത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.15നും 2.30നും ഇടയിലുള്ള സമയത്ത് മുഖം മറച്ച് കമ്പിവടി അരയില്‍ തിരുകി എത്തിയ ആദ്യത്തെയാളിന്റെ ദൃശ്യം പതിഞ്ഞു. തൊട്ടു പിറകെ ആറുപേര്‍കൂടി അതേ സ്ഥലത്ത് എത്തി.

തുടര്‍ന്ന് ഇവരിലൊരാള്‍ ക്യാമറ തിരിച്ചുവെക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ ക്യാമറ തകര്‍ത്തു. ഇതരസംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം, തൃപ്പൂണിത്തുറയിലെ തിയേറ്ററിലും പ്രതികള്‍ കയറിയതായി സംശയമുണ്ട്. തിയേറ്ററിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. കവര്‍ച്ച നടന്നതിന്റെ തലേന്നാള്‍ 10 ഇതര സംസ്ഥാന തൊഴിലാളികള്‍ സെക്കന്റ് ഷോയ്ക്ക് തിയേറ്ററില്‍ വന്നിരുന്നതായി ദൃശ്യങ്ങളില്‍ കണ്ടെത്തി. പൂനെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് നിഗമനത്തിലെത്തിയിട്ടുണ്ട്.

മംഗലാപുരത്ത് നടന്ന മോഷണശ്രമമാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് മംഗലാപുരത്തേതിന് സമാനമായ മോഷണമാണ്. വീട്ടിലുള്ളവരെ അക്രമിച്ച് ബന്ദികളാക്കി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here