തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ക്കായി കൂടുതല്‍ ആഴത്തിലും പരപ്പിലും തെരച്ചില്‍ നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോഴിക്കോടു ഭാഗത്തുനിന്നാണ് കൂടുതല്‍ ശവശരീരങ്ങളും ലഭിക്കുന്നതെന്നും, മറൈന്‍ എന്‍ഫോഴ്‌സമെന്റിന്റെ വാഹനങ്ങളും മത്സ്യബന്ധനബോട്ടുകളും ഒരുമിച്ച് കടലിനകത്ത് തെരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് മത്സ്യത്തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി നടന്ന ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോട്ടുടമ സംഘടനകളുമായി വിഷയം രാവിലെ ചര്‍ച്ച ചെയ്തിരുന്നു. ആവശ്യമായ ബോട്ടുകള്‍ ഇതിനായി തയ്യാറാക്കാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറിയും ബോട്ടുടമകളും ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ കടലിനകത്ത് വലിയ തോതിലുള്ള പരിശോധന തന്നെയാണ് നടത്താന്‍ പോകുന്നത്. എത്രയും പെട്ടെന്ന് തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.