അനധികൃത നിയമനം: കേസ് നടത്തിപ്പില്‍ നിന്ന് സര്‍വ്വകലാശാലാ സ്റ്റാന്റിംഗ് കോണ്‍സലിനെ ഒഴിവാക്കി വിസിയുടെ വിവാദ നിയമവിരുദ്ധ ഉത്തരവ്

കേരള സര്‍വ്വകലാശാലയിലെ വിവാദ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ വീണ്ടും വിസിയുടെ അനധികൃത ഇടപെടല്‍.

സര്‍വ്വകലാശാലയുടെ ഹൈക്കോടതിയിലെ കേസുകള്‍ നടത്താന്‍ ചട്ടമനസരിച്ച് സ്റ്റാന്റിംഗ് കോണ്‍സലിനെ നിയമിക്കാനുള്ള അധികാരം സിന്റിക്കേറ്റിനാണ്. അപ്രകാരം നിയമിച്ചിട്ടുള്ള നിലവിലെ കോണ്‍സലില്‍ നിന്നും മാറ്റി ഏതെങ്കിലും കേസ് നടത്തിപ്പ് മറ്റാര്‍ക്കെങ്കിലും നല്‍കണമെങ്കില്‍ അത്തരം തീരുമാനം എടുക്കാനുള്ള അവകാശം സിന്റിക്കേറ്റിന് മാത്രമാണ്.

വസ്തുത ഇതായിരിക്കെ ഈ കേസ് നടത്തിപ്പില്‍ നിന്നും നിലവിലെ സ്റ്റാന്റിംഗ് കോണ്‍സലിനെ മാറ്റി സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മകന്‍ കൂടിയായ അഡ്വ.ബെച്ചു കുര്യനെ ഏല്‍പ്പിക്കാനാണ് വൈസ് ചാന്‍സിലര്‍ ക്രമവിരുദ്ധമായി ഉത്തരവിറക്കിയത്. ഉത്തരവിലാകട്ടെ നിലവിലെ സ്റ്റാന്റിംഗ് കോണ്‍സലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുമുണ്ട്.

രാഷ്ട്രീയ സാമുദായിക വിഷയങ്ങള്‍ ഉള്‍പ്പെട്ട ഈ കേസ്സില്‍ അകത്തു നിന്നും പുറത്തു നിന്നുമുള്ള സമ്മര്‍ദ്ദം അദ്ദേഹത്തിന് താങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മാറ്റാനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഹൈക്കോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റുകൂടിയായ അഡ്വ: തോമസ് എബ്രഹാം ജാതി രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടുമെന്ന മുന്‍ധാരണയോടെ ഇത്തരത്തില്‍ ഉത്തരവിറക്കിയത് പുതിയവിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

സ്ഥാനത്തും അസ്ഥാനത്തും ജാതി പറയുന്നത് ഒരു വൈസ് ചാന്‍സിലറാണ് എന്നതാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇപ്പോള്‍ കേസ്സ് ഏല്‍പ്പിച്ചിരിക്കുന്ന ബെച്ചു കുര്യനാവട്ടെ, ഈ വൈസ് ചാന്‍സിലര്‍ ചുമതലയേറ്റപ്പോള്‍ അന്നത്തെ യുഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ശുപാര്‍ശപ്രകാരം യു.ഡി.എഫ് സിന്റിക്കേറ്റിന്റെ പിന്തുണയോടെ സ്റ്റാന്റിംഗ് കോണ്‍സല്‍ സ്ഥാനത്ത് അവരോധിക്കുകയും സീനിയര്‍ അഡ്വക്കേറ്റ് പദവി ലഭിച്ചപ്പോള്‍ സ്വയം ഒഴിഞ്ഞ ആളുമാണ്.

തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ജൂനിയറും ശുപാര്‍ശ ചെയ്ത മന്ത്രിയുടെ മരുമകനുമായ ആളെയാണ് സ്റ്റാന്റിംഗ് കോണ്‍സല്‍ ആക്കിയത്. ഈ കേസില്‍ മാത്രം ഇത്തരം വിചിത്ര വാദങ്ങളിലൂടെ പുതിയ വക്കീലിനെ നിയമിക്കാനുള്ള നീക്കത്തിലൂടെ നഗ്‌നമായ ക്രമക്കേടില്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്.

എല്ലാ രേഖകളും തനിക്കെതിരായ ഈ കേസില്‍ ചട്ട വിരുദ്ധമായ കാര്യങ്ങള്‍ക്ക് നിലവിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കൂട്ടുനില്‍ക്കുമോ എന്ന സംശയവും കൊണ്ടാകാം പുതിയ അഭിഭാഷകനെ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി നിയമിക്കാന്‍ വിസി ശ്രമിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News