മോദി ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കില്ല; തലസ്ഥാനത്തെ യോഗത്തിന് ശേഷം മടങ്ങും; ‘ആവശ്യമെങ്കില്‍ ദുരിതബാധിതരില്‍ ചിലരെ രാജ്ഭവനില്‍ എത്തിച്ച് ചര്‍ച്ച നടത്താം’

തിരുവനന്തപുരം: 19ന് തലസ്ഥാനത്ത് എത്തുന്ന നരേന്ദ്രമോദി ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കില്ല. വിഴിഞ്ഞത്തേയും പൂന്തുറയിലേയും സന്ദര്‍ശനം ഒഴിവാക്കിയ മോദി, രാജ്ഭവനില്‍ ചേരുന്ന യോഗത്തിന് ശേഷം മടങ്ങും.

ലക്ഷദ്വീപില്‍ നിന്ന് നേരിട്ട് തലസ്ഥാനത്ത് എത്തുന്ന മോദി രാജ്ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. ഒരു മണിക്കൂറാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനായി നീക്കിവച്ചിരിക്കുന്ന സമയം. രാജ്ഭവനില്‍ വച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ കാണും.

സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് മോദി തീരപ്രദേശത്തേക്ക് പോകാത്തത് എന്നാണ് ലഭിക്കുന്ന വിവരം. തീരപ്രദേശത്തേക്ക് പോകുന്നതിന് ബദലായി ദുരിത ബാധിതരില്‍ ചിലരെ രാജ്ഭവനില്‍ എത്തിച്ച് ആവശ്യമെങ്കില്‍ ചര്‍ച്ച നടത്താമെന്നാണ് ഇപ്പോള്‍ ഉരുത്തിരിയുന്ന ധാരണ.

ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മോദി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നുമായിരുന്നു തീരവാസികളുടെ പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ രാജ്ഭവനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

മോദി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് നേരത്തെ സംസ്ഥാനത്തെ അറിയിച്ചതാണെങ്കിലും സന്ദര്‍ശനത്തില്‍ നിന്ന് പിന്‍വലിഞ്ഞത് തീരദേശവാസികളില്‍ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News