മൂന്നു മണിക്കൂര്‍ നേരം ഉന്മാദം, വില ലക്ഷങ്ങള്‍; തൃശൂരില്‍ വീണ്ടും ലഹരിമരുന്നു വേട്ട; ലഹരിശേഖരം എത്തിച്ചത് പുതുവത്സര ആഘോഷങ്ങള്‍ക്കായി

തൃശൂര്‍ നഗരത്തില്‍ വീണ്ടും വന്‍ ലഹരിമരുന്നു ശേഖരം പിടികൂടി. സിന്തറ്റിക് ഡ്രഡ് വിഭാഗത്തില്‍ പെടുന്ന അതിമാരക ലഹരിമരുന്നുകളും ഉറക്ക ഗുളികകളുമാണ് എക്‌സൈസ് സംഘം പിടികൂടിയത്.

പൂത്തോള്‍ സ്വദേശി ആകാശാണ് പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ച ലഹരിയുമായി അറസ്റ്റിലായത്. മണിക്കൂറുകള്‍ക്ക് ശേഷം വടക്കേ ബസ് സ്റ്റാന്‍ഡില്‍ നിന്ന് രണ്ടര കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒരാഴ്ച്ചയ്ക്കിടെ തൃശൂര്‍ നഗരത്തില്‍ നിന്ന് രണ്ടാം തവണയാണ് വലിയ അളവില്‍ മാരക മയക്കു മരുന്നുകള്‍ കണ്ടെത്തുന്നത്.

ഉപയോഗിച്ചാല്‍ അതിമാരക ലഹരി നല്‍കുന്ന തൊള്ളായിരത്തി എണ്‍പത് മില്ലീ ഗ്രാം എം.ഡി.എം.എ ക്രിസ്റ്റലുകളും, പതിനേഴ് എല്‍.എസ്.ഡി സ്റ്റാമ്പുകളും, മുപ്പത് നൈട്രോസെപാം ഗുളികകളുമാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. തൃശൂരിലെ വിവിധ ഫ്‌ലാറ്റുകളിലും ക്ലബുകളിലും റിസോര്‍ട്ടുകളിലുമായി പുതുവത്സര ആഘോഷ പരിപാടികള്‍ക്കായി ഇവ കടത്തിക്കൊണ്ടുവന്ന പൂത്തോള്‍ സ്വദേശി ആകാശാണ് അറസ്റ്റിലായത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല്‍പ്പത്തിയഞ്ച് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ തൃശൂര്‍ നഗരത്തില്‍ പിടിച്ചെടുത്തത്. ഹാലൂസിനേഷന്‍ ഡ്രഗ് എന്ന പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.എ വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ തന്നെ മൂന്ന് മണിക്കൂര്‍ നേരം ഉന്മാദം പകരും.

കൂട്ടാളികള്‍ എന്ന് സംശയിക്കുന്ന ഡെറി, ബെന്നി, അനസ്, ഷാരൂണ്‍ എന്നിവര്‍ക്കായും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും എക്‌സൈസ് പിടിച്ചെടുത്തു. മണിക്കൂറുകള്‍ക്ക് ശേഷം തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡില്‍ നിന്ന് രണ്ടര കിലോ കഞ്ചാവുമായി ഇടുക്കി എന്‍.ആര്‍ സിറ്റി സ്വദേശി ഷിന്റോയെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഒഫീസര്‍ കൃഷണപ്രാസാദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി.

തുടര്‍ച്ചയായി ന്യൂജനറേഷന്‍ ലഹരി മരുന്നുകള്‍ പിടികൂടുന്ന സംഭവങ്ങള്‍ ഉണ്ടായതോടെ ഗോവ, ബംഗലൂരു തുടങ്ങിയ കേന്ദ്രങ്ങളിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News