ഗുജറാത്തില്‍ ബിജെപിക്ക് നിറംമങ്ങിയ വിജയം; നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്; മുന്നേറ്റം ഗ്രാമീണമേഖലകളില്‍; തിയോഗില്‍ സിപിഐഎമ്മിന് ജയം #LiveUpdates

അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആറാം തവണയും തുടര്‍ച്ചയായ ഭരണം. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ബിജെപി 99  സീറ്റിലും കോണ്‍ഗ്രസ് 80 സീറ്റിലുമാണ്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്നിലായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമെത്തുകയും ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ബിജെപി മുന്നേറുകയായിരുന്നു.

അതേസമയം, ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തിയത് ശക്തമായ തിരിച്ചുവരവാണ്. 2012ലേത് പോലെ അനായാസം വിജയത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ 115 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ അന്ന് 61 സീറ്റ് നേടിയ കോണ്‍ഗ്രസ്, രാഹുല്‍ പ്രഭാവത്തില്‍ സീറ്റ് നില 80 ആയി ഉയര്‍ത്തി.

മാത്രമല്ല, ബിജെപിയുടെ പരമ്പരാഗത വോട്ടുകളിലും ചോര്‍ച്ചയുണ്ടായി. മോദിയുടെ റാലി നടന്ന സ്ഥലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വോട്ട് മുന്നേറ്റമുണ്ടാക്കാനായത്.

കോണ്‍ഗ്രസിന് നേട്ടം ലഭിച്ചത് ഗ്രാമീണമേഖലയില്‍ നിന്നാണ്. സൂറത്ത്, കച്ച് മേഖലകളിലും കോണ്‍ഗ്രസ് നേട്ടം കുറിച്ചു. ബിജെപിക്ക് രക്ഷയായത് തെക്കന്‍, വടക്കന്‍ ഗുജറാത്തും നഗരമേഖലയും ആണ്.

പട്ടേല്‍, ഒബിസി, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരായി രൂപപ്പെട്ട അതൃപ്തി മുതലെടുത്ത് ഗുജറാത്തില്‍ വന്‍തിരിച്ചുവരവ് സാധ്യമാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എങ്കിലും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി.

ഹിമാചല്‍പ്രദേശിലും ബിജെപി അധികാരത്തിലെത്തി. 68സീറ്റുകളില്‍ ബിജെപി-44, കോണ്‍ഗ്രസ് 21, സിപിഐഎം-1, മറ്റുള്ളവര്‍-2 എന്ന നിലയിലാണ്.

ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെങ്കിലും ബിജെപിയിലെ പടലപ്പിണക്കങ്ങളും മറ്റും ഹിമാചലില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് വിശ്വസിച്ചു.

ഇതിനിടെ, തിയോഗില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ മുന്നിട്ടുനില്‍ക്കുകയാണ്. രണ്ടാമത് ബിജെപിയുടെ രാകേഷ് വര്‍മയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാമതാണ്.

1993ല്‍ ഷിംലയില്‍ നിന്നും മിന്നുന്ന വിജയം നേടിയ പ്രവര്‍ത്തകനാണ് രാകേഷ് സിന്‍ഹ. കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച ഹിമാചലില്‍ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.

തലസ്ഥാന ജില്ലയായ ഷിംലയില്‍ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലാണ് സിപിഐഎം സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയത്. നേരത്തെ മൂന്ന് തവണ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിയ ചരിത്രമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here