22 വര്‍ഷത്തിന് ശേഷം മികച്ച തെരഞ്ഞെടുപ്പ് പോരാട്ടം നടത്തി കോണ്‍ഗ്രസ്; ഇനി രാഹുല്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

ഗുജറാത്തില്‍ ഭരണം പിടിച്ചെടുക്കാന്‍ പറ്റിയില്ലെങ്കിലും 22 വര്‍ഷത്തിന് ശേഷം മികച്ച തെരഞ്ഞെടുപ്പ് പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനായി. ബിജെപിയോടൊപ്പം നിന്ന കച്ച്, സൗരാഷ്ട്രമേഖലകളില്‍ വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.

പക്ഷെ സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യം കാരണം ബിജെപിക്ക് എതിരായ വോട്ടുകള്‍ ഏകീകരിക്കാന്‍ രാഹുല്‍ഗാന്ധിയ്ക്ക് കഴിഞ്ഞില്ല. ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍ എന്നി യുവനേതാക്കളുടെ വളര്‍ച്ചയ്ക്കും തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

നരേന്ദ്രമോദിയുടേയും അമിത് ഷായും ജന്മദേശത്ത് 22 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി. പട്ടിദാര്‍, ഒബിസി, ദളിത് വിഭാഗങ്ങളെ ഒപ്പം നിറുത്തി തന്ത്രപരമായി നടത്തിയ നീക്കങ്ങള്‍ കച്ച്, സൗരാഷ്ട്രമേഖലകളില്‍ കോണ്‍ഗ്രസന് നേട്ടം നല്‍കി.

നഗരപ്രദേശങ്ങള്‍ ബിജെപിയെ പിന്തുണച്ചപ്പോള്‍ ഗ്രാമീണമേഖലകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയം കണ്ടു.

2012നെക്കാള്‍ എംഎല്‍എമാരുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും നിയമസഭാ പിടിച്ചെടുക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസ് സംഘടനാദൗര്‍ബല്യം വ്യക്തമാക്കുന്നു.

മൃദുഹിന്ദുത്വസമീപനത്തിന് പുറമെജാതി മത സമവാക്യങ്ങള്‍ക്കനുസരിച്ച് പാര്‍ടിയെ വിട്ട് കൊടുത്ത രാഹുലിന് വോട്ട് പ്രതീക്ഷിച്ച രീതിയില്‍ പിടിക്കാന്‍ കഴിയാത്തത് കീഴ്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലാത്തത് കൊണ്ട് തന്നെ.

ജിഎസ്ടിയും നോട്ട്മാറ്റവുമടക്കമുള്ള നയങ്ങള്‍ ബിജെപിയെ ഗുജറാത്ത്കാരില്‍ നിന്നുമകറ്റി. എന്നാല്‍ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും വിശ്വസിക്കാല്‍ അവര്‍ തയ്യാറായതുമില്ല. ബിജെപി വിരുദ്ധവോട്ടുകള്‍ ഏകീകരിക്കാന്‍ കോണ്‍ഗ്രസ് ഇനിയുമേറേ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. കീഴ്തട്ടു മുതല്‍ സംഘടന വളര്‍ത്താനാണ് രാഹുല്‍ ശ്രദ്ധിക്കേണ്ടത്.

അതേസമയം, കേശുഭായി പട്ടേലിന് ശേഷം പട്ടിദാര്‍ സമുദായത്തിന്റെ ശക്തനായി നേതാവായി 24 വയസുകാരനായ ഹാര്‍ദിക് പട്ടേല്‍ വളര്‍ന്നുവെന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സൂറത്ത്, മധ്യഗുജറാത്ത് തുടങ്ങി പട്ടിദാര്‍ സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം ബിജെപി കനത്ത പരാജയം നേരിട്ടു.

അല്‍പേഷ് ഠാക്കൂര്‍ നയിച്ച് ഒബിസി പ്രക്ഷോഭവും ബിജെപിയും വോട്ട് ബാങ്ക് തകര്‍ത്തു. ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയുടെ നീക്കങ്ങളും ഭരണകക്ഷിയുടെ നിയമസഭയിലെ അംഗബലം ദുര്‍ബലമാക്കി. ജയിച്ച് എംഎല്‍എമാരായ ജിഗ്‌നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍ എന്നിവരെ വേണം ഇനി നിയമസഭയില്‍ ബിജെപിയ്ക്ക് നേരിടാന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here