കോണ്‍ഗ്രസ് മുന്നേറ്റം; ബിജെപിയുടെ പ്രതികരണം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ. ഇത് സംബന്ധിച്ച് പാര്‍ട്ടി വിശകലനം നടത്തുമെന്ന് കൈലാഷ് പറഞ്ഞു.

‘നല്ല പ്രചരണമാണ് നടത്തിയതെങ്കിലും ബിജെപിയുടെ ആശയങ്ങള്‍ സംസ്ഥാനത്തിന്റെ എല്ലാ കോണിലും എത്തിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ അതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് കൈലാഷ് പറഞ്ഞു.

അതേസമയം, വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ബിജെപി 99 സീറ്റിലും കോണ്‍ഗ്രസ് 77 സീറ്റിലുമാണ്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്നിലായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമെത്തുകയും ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ബിജെപി മുന്നേറുകയായിരുന്നു.

അതേസമയം, ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തിയത് ശക്തമായ തിരിച്ചുവരവാണ്. 2012ലേത് പോലെ അനായാസം വിജയത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ 115 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ അന്ന് 61 സീറ്റ് നേടിയ കോണ്‍ഗ്രസ്, രാഹുല്‍ പ്രഭാവത്തില്‍ സീറ്റ് നില 74 ആയി ഉയര്‍ത്തി.

മാത്രമല്ല, ബിജെപിയുടെ പരമ്പരാഗത വോട്ടുകളിലും ചോര്‍ച്ചയുണ്ടായി. മോദിയുടെ റാലി നടന്ന സ്ഥലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വോട്ട് മുന്നേറ്റമുണ്ടാക്കാനായത്. കോണ്‍ഗ്രസിന് നേട്ടം ലഭിച്ചത് ഗ്രാമീണമേഖലയില്‍ നിന്നാണ്. സൂറത്ത്, കച്ച് മേഖലകളിലും കോണ്‍ഗ്രസ് നേട്ടം കുറിച്ചു. ബിജെപിക്ക് രക്ഷയായത് തെക്കന്‍, വടക്കന്‍ ഗുജറാത്തും നഗരമേഖലയും ആണ്.

പട്ടേല്‍, ഒബിസി, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരായി രൂപപ്പെട്ട അതൃപ്തി മുതലെടുത്ത് ഗുജറാത്തില്‍ വന്‍തിരിച്ചുവരവ് സാധ്യമാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എങ്കിലും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here