ബിജെപിയുടെ ഈ വിജയത്തിന് തിളക്കമില്ല; മോദിയുടെയും അമിത് ഷായുടെയും തട്ടകത്തില്‍ ജനപിന്തുണ കുറയുന്നു; തെരഞ്ഞെടുപ്പിന് പയറ്റിയത് തരംതാണ കളികളും

ദില്ലി: ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും വിജയം നേടാനായെങ്കിലും ബിജെപിയുടെ ജനപിന്തുണ കുറയുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

അമിത് ഷായുടെയും മോദിയുടെയും തട്ടകമായ ഗുജറാത്തില്‍ നേരിയ വിജയം മാത്രമാണ് ബിജെപിക്ക് നേടാനായത്. 150 സീറ്റുകള്‍ വരെ നേടുമെന്ന ബിജെപി നേതാക്കളുടെ പ്രചരണം അസ്ഥാനത്തായി. ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധൂമല്‍ തോറ്റതും ബിജെപിക്ക് കനത്ത തിരിച്ചടിയായി.

തുടര്‍ച്ചയായ ആറാം തവണയും ഗുജറാത്തില്‍ അധികാരത്തില്‍ എത്തിയെങ്കിലും ബിജെപിയുടെ വിജയത്തിന് തിളക്കമില്ല. മോദിയുടെയും അമിത് ഷായുടെയും തട്ടകത്തില്‍ ബിജെപിക്ക് ജനപിന്തുണ കുറയുന്നു എന്നാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

സാധ്യമായ എല്ലാ തന്ത്രങ്ങളും പയറ്റിയായിരുന്നു ഗുജറാത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. 150 വരെ സീറ്റുകള്‍ നേടുമെന്ന് അധ്യക്ഷന്‍ അമിത് ഷാ ഉല്‍പ്പെടെ ബിജെപി നേതാക്കള്‍ പ്രചരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളില്‍ വികാരാധീനനായി.

പാക്കിസ്ഥാന്‍ പരാമര്‍ശം ഉള്‍പ്പെടെ തരംതാണ കളികളും ബിജെപി പയറ്റി. ജിഎസ്ടിയും നോട്ട് നിരോധനവും ഗുജറാത്തിന് നേട്ടമാണെന്ന് ബിജെപി നേതാക്കള്‍ പാടി നടന്നു. സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് ഗുജറാത്തില്‍ നിറഞ്ഞാടിയെങ്കിലും നേരിയ വിജയം മാത്രമാണ് ബിജെപിക്ക് നേടാനായത്.

പാര്‍ട്ടി നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു ആദ്യ ഫല സൂചനകള്‍. ഒരു ഘട്ടത്തില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടുമെന്ന നില വരെയെത്തി. കാര്‍ഷിക മേഖലകളായ സൗരാഷ്ട്ര കച്ച് മേഖലകളില്‍ ബിജെപിയെ വോട്ടര്‍മാര്‍ കൈവിട്ടപ്പോള്‍ കോണ്‍ഗ്രസിന് അത് നേട്ടമായി.

ഹിമാചല്‍ പ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാനായെങ്കിലും പ്രതീക്ഷിച്ച നേട്ടം ബിജെപിക്ക് കൈവരിക്കാനായില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന അധ്യക്ഷന്‍ തോറ്റു. മോദി തരംഗം കൊണ്ടും വര്‍ഗ്ഗീയ ദ്രുവീകരണം കൊണ്ടും മാത്രം വിജയിക്കാനാകില്ലെന്ന പാഠമാണ് ഗുജറാത്ത് ബിജെപിക്ക് നല്‍കുന്നത്.

അടുത്ത വര്‍ഷം രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഗുജറാത്തിലെ മങ്ങിയ വിജയം ബിജെപിയെ വേട്ടയാടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel